ADVERTISEMENT

കൊച്ചി ∙ പകയുടെ കനൽ ഒരു തരിയെങ്കിലും ബാക്കി കിടന്നാൽ അത് ആളിക്കത്തും; ഏതു പെരുമഴയിലും! കഴിഞ്ഞ സീസൺ പ്ലേഓഫിൽ ബെംഗളൂരുവിനോടുവിവാദഗോളിൽ തോൽവി വഴങ്ങേണ്ടി വന്ന ബ്ലാസ്റ്റേഴ്സ് ഇന്നലെ ആളിക്കത്തിയപ്പോൾ ബെംഗളൂരു എരിഞ്ഞടങ്ങി. ഐഎസ്എൽ 10–ാം സീസൺ ഉദ്ഘാടനപ്പോരിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം 2–1ന്. ബെംഗളൂരു താരം കെസിയ വീൻഡ്രോപ്പിന്റെ സെൽഫ് ഗോളിൽ (52–ാം മിനിറ്റ്) മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിന്റെ ജയം ഉറപ്പിച്ചതു ക്യാപ്റ്റൻ അഡ്രിയൻ ലൂണ (69). ബെംഗളൂരു നായകൻ കൂടിയായ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ പിഴവിൽ നിന്നായിരുന്നു രണ്ടു ഗോളുകളും. പകരക്കാരൻ കർട്ടിസ് മെയ്ൻ ബെംഗളൂരുവിനായി (90) ഗോൾ നേടി. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഒക്ടോബർ ഒന്നിനു കൊച്ചിയിൽ. എതിരാളികൾ ജംഷഡ്പുർ എഫ്സി.

 മഴയിൽ വഴുതി 
ആദ്യ പകുതി

മുന്നേറ്റത്തിൽ ബ്ലാസ്റ്റേഴ്സിനു കൂടുതൽ ശൗര്യം. അതൊന്നും പക്ഷേ, ബെംഗളൂരു കാവൽക്കാരൻ സന്ധുവിലേക്ക് എത്തിയതു പോലുമില്ല. എല്ലാം ഫൈനൽ തേഡിൽ വീണുടഞ്ഞ നീക്കങ്ങൾ. 24–ാം മിനിറ്റിൽ വലതു പാർശ്വത്തിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ജാപ്പനീസ് ഫോർവേഡ് ഡെയ്സൂകി സകായുടെ കുതിപ്പ്. ഈ സീസണിൽ ബെംഗളൂരുവിൽ ചേക്കേറിയ മുൻ ബ്ലാസ്റ്റേഴ്സ് താരം ജെസൽ കാർണെയ്റോയെ ഒരു കുതിപ്പിൽ മറികടന്നു ബോക്സിനുള്ളിലേക്ക്. പിന്നാലെ കുതിച്ചെത്തിയ ജെസൽ ഡെയ്സൂകിയെ വലിച്ചിട്ട് അപകടം ഒഴിവാക്കിയെങ്കിലും ഫൗളിൽ കുരുങ്ങി. ബോക്സിനു തൊട്ടു പുറത്തു ലഭിച്ച കിക്ക് മുതലാക്കാൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞില്ലെങ്കിലും ജെസലിനു സമ്മാനം കിട്ടി; മഞ്ഞക്കാർഡ്. 30–ാം മിനിറ്റിൽ സകായ് ബോക്സിനു സമീപത്തു നിന്നൊരു ഷോട്ട് പായിച്ചെങ്കിലും നേരെ സന്ധുവിന്റെ കൈകളിലേക്ക്. കൗണ്ടർ അറ്റാക്കിൽ ബോക്സിനു പുറത്തു നിന്നു രോഹിത് കുമാറിന്റെ അപ്രതീക്ഷിത ലോങ്റേഞ്ചർ. ബ്ലാസ്റ്റേഴ്സ് കീപ്പർ സച്ചിൻ ഉയർന്നു ചാടി പന്ത് ബാറിനു മുകളിലൂടെ കുത്തിയകറ്റി.  

 ഗോൾ മഴയുടെ 
രണ്ടാം പാതി

മഴയ്ക്കിടെ ഗോൾപ്പെയ്ത്ത് തുടങ്ങിയത് 52 –ാം മിനിറ്റിൽ ബെംഗളൂരു താരം വീൻഡ്രോപ്പിന്റെ സെൽഫ് ഗോളിൽ. തൊട്ടു മുൻപു ബോക്സിനു പുറത്തു മുഹമ്മദ് അയ്മനിൽ നിന്നു ലഭിച്ച പാസിൽ പെപ്രയുടെ കിടിലൻ ഷോട്ട്. കോർണർ വഴങ്ങി സന്ധു ബെംഗളൂരുവിനെ രക്ഷിച്ചെങ്കിലും ആശ്വാസം അടുത്ത നിമിഷം തീർന്നു. കോർണർ കിക്ക് പ്രതിരോധിക്കുന്നതിനിടെ, വീൻഡ്രോപ്പ് തല കൊണ്ടു പന്തു തട്ടിയിട്ടതു സ്വന്തം വലയിൽ. ലീഡ് നേടിയതോടെ ആവേശത്തോടെ ഇരമ്പിക്കയറിയ ബ്ലാസ്റ്റേഴ്സിനായി ലൂണ മാജിക്. ബെംഗളൂരു ഡിഫൻഡർ ഗോളി സന്ധുവിനു നൽകിയ പാസ്. അലക്ഷ്യമായി പന്തു ക്ലിയർ ചെയ്യുന്നതിനിടെ പറന്നെത്തിയ ലൂണ ആളില്ലാ വലയിലേക്കു പന്തു തട്ടിയിട്ടു. ബ്ലാസ്റ്റേഴ്സ് ഒന്നു പിൻവലിഞ്ഞപ്പോഴായിരുന്നു മെയ്ൻ 90–ാം മിനിറ്റിൽ ബെംഗളൂരുവിന്റെ ആശ്വാസഗോൾ നേടിയത്.

ഇരമ്പിപ്പെയ്ത് ആരാധകർ

കൊച്ചി ∙ കിക്കോഫും മഴയും ഒന്നിച്ചെത്തിയ നിമിഷത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കോട്ടയിൽ ഇന്ത്യൻ സൂപ്പർ ലീഗിനു പത്താമുദയം. മഴത്തുള്ളിത്തിളക്കത്തോടെ കിക്കോഫ്. പന്തിൽ സീസണിലെ ആദ്യസ്പർശം ബ്ലാസ്റ്റേഴ്സിന്റെ പുതിയ നായകൻ അഡ്രിയൻ ലൂണ വക. ആ പന്ത് തേടിച്ചെന്നതു മുൻ സീസണിൽ മോഹൻ ബഗാനെ കിരീടത്തിലേക്കു നയിച്ച, പുതിയ ബ്ലാസ്റ്റേഴ്സ് താരം പ്രീതം കോട്ടാലിലേക്ക്. 

കൊച്ചി സ്റ്റേഡിയം അടുത്ത കാലത്തു കണ്ട ഏറ്റവും വലിയ കാണിക്കൂട്ടം സാക്ഷിയാക്കിയാണ് ഐഎസ്എലിന്റെ പത്താം അധ്യായത്തിന്റെ തുടക്കം. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ദാതുക് വിൻഡ്സർ ജോൺ മത്സരത്തിനു മുഖ്യാതിഥിയായി. 

പോയ സീസണിൽ ബെംഗളൂരുവിനെതിരായ പ്ലേഓഫ് മത്സരത്തിലെ വിവാദ ഗോൾ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു കളംവിട്ടതിനു വിലക്ക് നേരിടുന്ന പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് ഇല്ലാതെയാണു ബ്ലാസ്റ്റേഴ്സ് ആദ്യമത്സരത്തിന് ഇറങ്ങിയത്. ഇവാൻ ഒപ്പമുണ്ടായിരുന്നില്ലെങ്കിലും ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ മുഖംമൂടി ധരിച്ചെത്തിയ ആയിരക്കണക്കിന് ആരാധകർ ആ കുറവ് നികത്തി.

70 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള പടുകൂറ്റൻ ടിഫോ ഉയർത്തിയാണു ബ്ലാസ്റ്റേഴ്സിന്റെ ഫാൻ കൂട്ടായ്മയായ മഞ്ഞപ്പട ടീമിനെ വരവേറ്റത്. ആരാധക ആവേശത്തിന്റെ പ്രഭവസ്ഥാനമായ കിഴക്കേ ഗാലറിയിൽ തൃശൂർ പൂരം പ്രമേയമാക്കി ഉയർന്ന ടിഫോയിൽ 11 ഗജവീരൻമാരുടെ അകമ്പടിയോടെ ബ്ലാസ്റ്റേഴ്സിന്റെ തിടമ്പ് എഴുന്നള്ളിച്ചാണു മഞ്ഞപ്പട മൈതാനത്തെ ഉണർത്തിയത്. 

നൂറുകണക്കിനു വർണക്കുടകൾ ഉയർത്തി കുടമാറ്റവും സൃഷ്ടിച്ച ആരാധകർ ബദ്ധവൈരികളായ ബെംഗളൂരു എഫ്സിക്കായി ഒരു സന്ദേശവും കരുതി – വെൽകം ടു ദ് ഹെൽ! ആ വാചകം അക്ഷരാർഥത്തിൽ പിന്നാലെ കളത്തിൽ തെളിഞ്ഞു!

English Summary : Kerala blasters defeated bengaluru fc in ISL opening match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com