സ്വന്തം മൂക്ക് പൊത്തി വില്യംസ്; വംശീയാധിക്ഷേപത്തിൽ പരാതി നൽകി ബ്ലാസ്റ്റേഴ്സ്

Mail This Article
കൊച്ചി ∙ ഐഎസ്എൽ ഫുട്ബോളിൽ, കൊച്ചിയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി ഉദ്ഘാടന മത്സരത്തിനിടെ വംശീയാധിക്ഷേപം നടന്നതായി പരാതി. ബ്ലാസ്റ്റേഴ്സ് താരം ഐബൻഭ ദോലിംഗിനെ ബെംഗളൂരുവിന്റെ വിദേശ താരം റയാൻ വില്യംസ് അധിക്ഷേപിച്ചെന്നാണ് ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ മഞ്ഞപ്പട ഉൾപ്പെടെയുള്ളവർ ആരോപിച്ചത്.
ഓസ്ട്രേലിയൻ താരത്തിന്റെ നടപടിക്കെതിരെ ഐഎസ്എൽ സംഘാടകർക്ക് പരാതി നൽകിയതായി ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് അറിയിച്ചു. നടപടിയെടുക്കാൻ ബെംഗളൂരു എഫ്സി ക്ലബ്ബിനോട് ആവശ്യപ്പെട്ടതായും ബ്ലാസ്റ്റേഴ്സ് അറിയിച്ചു. മത്സരത്തിന്റെ 83–ാം മിനിറ്റിലാണു സംഭവം. ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്കായ ഐബൻഭയുമായി കൊമ്പുകോർത്ത ബെംഗളൂരു സ്ട്രൈക്കർ വില്യംസ് താരത്തിനു നേർക്കു നടന്നടുക്കുന്നതിനിടെ സ്വന്തം മൂക്ക് പൊത്തിയതാണു വിവാദത്തിന് ഇടയാക്കിയത്.
∙ ഐ.എം.വിജയൻ പറയുന്നു:
‘‘ഫുട്ബോളർ എന്ന നിലയിൽ ഏറെ നിരാശ ഉണ്ടാക്കുന്ന ഒന്നാണ് ഐഎസ്എലിൽ ഇങ്ങനെയൊരു സംഭവം. ഫുട്ബോൾ ഒരു ഗെയിം അല്ലേ? അവിടെ എന്തിനാണു വംശവും നിറവും പോലെയുള്ള കാര്യങ്ങൾ കൊണ്ടുവരുന്നത്? കളി കാണാനും ഗോൾ ആസ്വദിക്കാനുമാണ് കാണികൾ ഫുട്ബോൾ മൈതാനത്തിലേക്കു വരുന്നത്. നല്ല കളി കാഴ്‌ച വച്ചു അവരുടെ മനസ് നിറയ്ക്കുക എന്നതാണ് എത്ര വലിയ ഫുട്ബോളർ ആയാലും ചെയ്യേണ്ടത്.
റയൽ മഡ്രിഡിന്റെ ബ്രസീൽ താരം വിനീസ്യൂസിന് ലാ ലിഗയിൽ കരഞ്ഞു കളംവിടേണ്ടിവന്നത് അടുത്ത കാലത്താണ്. അതിൽ സങ്കടപ്പെട്ടത് ഫുട്ബോൾ ലോകം മുഴുവനുമാണ്. കളത്തിൽ നിന്ന് ഇത്തരമൊരു സംഭവം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ടീമുകൾക്കപ്പുറം കളിക്കാരെല്ലാം മനുഷ്യരാണ് എന്നത് എല്ലാവരും ഇനി ഇങ്ങനെയൊരു പരാതിക്ക് ഇവിടെ ഇടമുണ്ടാകരുത്.
English Summary : Complaint of racial abuse Against the Blasters star