ADVERTISEMENT

കൊച്ചി∙ മഴയെ വർണിക്കാൻ വിശേഷണങ്ങളുടെ പ്രളയം തന്നെയുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇന്നലെ മഴയൊരു ആശ്വാസമഴയായിരുന്നു. നാലു ദിവസത്തിലേറെയായി പെയ്ത്തുത്സവം തന്നെയായിരുന്ന മഴ സ്വന്തം ടീമിന്റെ മത്സരത്തിനായി മാറി നിന്നതിൽപ്പരം ആശ്വാസം വേറെയേതുണ്ട്. കളി നടക്കുമോ എന്നതു മാത്രമായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം പോരാട്ടത്തിനു മുൻപായി ആരാധകർ പരസ്പരം പങ്കുവച്ചൊരു ചോദ്യം. ഒരു മഴയിൽ മുങ്ങുന്ന കൊച്ചിയിൽ ഈ പെരുമഴയിൽ എങ്ങനെ കളി നടക്കുമെന്നായിരുന്നു ആരാധകരുടെ ആശങ്കകൾ.

മത്സരദിനത്തിൽ മഴ പെയ്തൊഴിഞ്ഞില്ലെങ്കിലും ആരാധകരുടെ ആശങ്കകളുടെ കാർമേഘം കലൂർ സ്റ്റേഡിയത്തിലെ ‘ഡ്രെയിനേജ്’ സംവിധാനത്തിനു മുന്നിൽ ആവിയായിപ്പോയി. മഴയുടെ കുളിരിൽ കളിയുടെ ചൂട് ഇത്തിരി കുറഞ്ഞെങ്കിലും സംഘാടകരായ ഐഎസ്എലും ആതിഥേയരായ ബ്ലാസ്റ്റേഴ്സും അതിഥികളായ ജംഷഡ്പുരും ആവേശക്കാരായ കാണികളും ഒറ്റമനസ്സോടെ ഒരു ‘മത്സരത്തിലെ താര’ത്തെ തിരഞ്ഞെടുത്തിരിക്കും – അതു കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനമാണ്. സ്റ്റേഡിയത്തിലെ മോഹപ്പച്ചപ്പിൽ എത്രയെത്ര മഴനീർത്തുള്ളികൾ തീർത്ത ജലപ്രവാഹത്തെയാണു‘സ്വീപ്പർ’ റോളിൽ അവതരിച്ച ഡ്രെയിനേജ് സംവിധാനം കളി തടസ്സപ്പെടുന്നതിൽ നിന്നു പ്രതിരോധിച്ചത്.

കൊച്ചി സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനത്തെ സ്വന്തം ടീമിനെപ്പോലെത്തന്നെ വിശ്വാസിക്കുന്നുവെന്നു തെളിയിച്ചവർ മഞ്ഞപ്പടക്കാരാണ്. ബ്ലാസ്റ്റേഴ്സിന്റെ ഒൗദ്യോഗിക ആരാധകക്കൂട്ടമായ മഞ്ഞപ്പടയുടെ ‘കളിവണ്ടികൾ’ ഒരു കാലാവസ്ഥാ പ്രവചനത്തിന്റെ റൂട്ട് മാപ്പിലും വഴിതെറ്റാതെയാണു കലൂരിലെ കളിക്കൂടിൽ ചേക്കേറിയത്. പതിനാലു ജില്ലകളിൽ നിന്ന് 53 ബസുകളാണു മഞ്ഞപ്പടയ്ക്കു വേണ്ടി കൊച്ചിയിലേക്ക് ‘ബ്ലാസ്റ്റേഴ്സ് സർവീസ്’ നടത്തിയത്. മൈതാനത്തിന്റെ ഔട്ട്ഫീൽഡിൽ മുട്ടോളമെത്തുന്ന മട്ടിൽ വെള്ളം നിറഞ്ഞുവെന്ന വാർത്തകളും ‘എന്തുകളിയാണു കളിക്കേണ്ടത്, വാട്ടർപോളോ ആണോ’യെന്ന ജംഷഡ്പുർ പരിശീലകൻ സ്കോട് കൂപ്പറിന്റെ പാതിതമാശയും അവഗണിച്ചായിരുന്നു ആരാധകരുടെ പ്രയാണം. ആ വരവിനു ബ്ലാസ്റ്റേഴ്സ് ഹൃദയം നിറഞ്ഞ സ്നേഹം പകുത്തുനൽകിയതു രണ്ടാം പകുതിയിലാണ്.

മഴ മാറിനിന്ന മഞ്ഞക്കോട്ടയിൽ ആദ്യം തെളിഞ്ഞതൊരു മിന്നൽ ആഹ്ലാദം. അറുപത്തിരണ്ടാം മിനിറ്റിലായിരുന്നുവത്. ദിമിത്രിയോസ് ഡയമന്റകോസ് എന്ന ബ്ലാസ്റ്റേഴ്സിന്റെ ഗോളടിമനുഷ്യൻ പരുക്കിൽ നിന്നു മോചിതനായി കളത്തിലേക്ക് തിരിച്ചിറങ്ങുന്നതിന്റെയായിരുന്നു ആ ആഹ്ലാദം. ക്വാമി പെപ്രയ്ക്കു പകരം ഡയമന്റകോസിന്റെ മിന്നൽ പ്രവേശനത്തിൽ ഗാലറിയിൽ മാത്രമല്ല, ബ്ലാസ്റ്റേഴ്സിന്റെ കളത്തിലുമെത്തി തെളിച്ചം. വൈകാതെ ഗോളിന്റെ ഇടിമുഴക്കവും വന്നുവീണു. എഴുപത്തിനാലാം മിനിറ്റിൽ ഏഴഴകുള്ളൊരു ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിനു ചിറകുവിരിച്ചതു ക്യാപ്റ്റൻ അഡ്രിയൻ ലൂണയും ദിമിത്രി ഡയമന്റകോസും ജാപ്പനീസ് താരം ദെയ്സൂകി സകായിയും ചേർന്നാണ്.

സകായി നൽകിയ പന്തിൽ ലൂണയുടെ പിൻകാൽ സ്പർശം. പന്തു ഡയമന്റകോസിന്. നിമിഷത്തിലൊരു നിമിഷത്തിന്റെ വേഗത്തിൽ ഡയമന്റകോസിൽ നിന്നു ലൂണയിലേക്ക് അതു തിരികെ. ബോക്സിന്റെ ഒത്തമധ്യത്തിൽ നിന്നുള്ള ലൂണയുടെ വലംകാൽ പ്രഹരത്തിൽ മലയാളി ഗോളി രഹ്നേഷിനെ കാഴ്ചക്കാരനാക്കി ജംഷഡ്പുരിന്റെ വല കുലുങ്ങി. കൊച്ചി ത്രസിച്ചു കേരളം ചിരിച്ചു. മാറിനിന്നു കളി കണ്ട മഴക്കാർ സന്തോഷസൂചകമായി ഒന്നുപെയ്തിറങ്ങാനും അപ്പോൾ കൊതിച്ചിരിക്കണം. മഴനീർത്തുള്ളികൾ വീണ്ടും വന്നിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ അതിനെ മറ്റൊരു പേര് വിളിച്ചേനെ – ആഹ്ലാദമഴ.

English Summary: Second Win for Kerala Blasters in Home Ground at Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com