ബൽജിയത്തിൽ ഭീകരാക്രമണം, സ്വീഡിഷ് ആരാധകർ കൊല്ലപ്പെട്ടു; യൂറോകപ്പ് യോഗ്യതാ മത്സരം റദ്ദാക്കി
Mail This Article
ബ്രസൽസ്∙ ബൽജിയം തലസ്ഥാനമായ ബ്രസൽസിലുണ്ടായ വെടിവയ്പിൽ രണ്ട് സ്വീഡിഷ് ഫുട്ബോൾ ആരാധകർ കൊല്ലപ്പെട്ടു. ബൽജിയം– സ്വീഡൻ യൂറോ കപ്പ് യോഗ്യതാ മത്സരം ആരംഭിക്കുന്നതിനു തൊട്ടുമുൻപായിരുന്നു ആക്രമണം. സ്വീഡിഷ് പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്കു പരുക്കേറ്റു. തുടർന്ന് 35,000 ആരാധകര്‍ പൊലീസിന്റെ നിർദേശ പ്രകാരം മണിക്കൂറുകളോളം സ്റ്റേഡിയത്തിൽ തുടർന്നു. തുനീസിയക്കാരനായ പ്രതിയെ പൊലീസ് വെടിവച്ചുകൊന്നതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ അവകാശവാദവും ഉയർന്നിരുന്നു. ആദ്യ പകുതി അവസാനിച്ചതിനു പിന്നാലെയാണ് കളി ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ബ്രസൽസിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ക്രൂരമായ ഭീകരാക്രമണമാണ് നടന്നതെന്ന് ബൽജിയം പ്രധാനമന്ത്രി ആലെക്സാണ്ടർ ഡെ ക്രൂ പ്രതികരിച്ചു. വെടിവയ്പിനുപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഫുട്ബോൾ മത്സരം കാണാനെത്തിയ ആരാധകരെയാണ് അക്രമി പ്രധാനമായും ലക്ഷ്യമിട്ടതെന്ന് ബൽജിയം പ്രധാനമന്ത്രി പ്രതികരിച്ചു. മത്സരം നടന്ന കിങ് ബദോയിൻ സ്റ്റേഡിയത്തിന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച അർധരാത്രി പിന്നിട്ട ശേഷമാണ് ആരാധകരെ സ്റ്റേഡിയം വിടാൻ അനുവദിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോഴാണ് ആക്രമണത്തെക്കുറിച്ചു വിവരം ലഭിച്ചതെന്ന് സ്വീഡൻ പരിശീലകൻ ജെയ്ൻ ആൻഡേഴ്സൻ പ്രതികരിച്ചു. വിവരം അറിഞ്ഞതോടെ താരങ്ങളെല്ലാം സങ്കടത്തിലായെന്നും കളിക്കേണ്ടെന്നു തീരുമാനിച്ചതായും പരിശീലകൻ വ്യക്തമാക്കി. ആരാധകർ സുരക്ഷിതരായി ഇരിക്കുകയെന്നതാണ് പ്രധാനമെന്ന് സ്വീഡിഷ് ഡിഫൻഡർ വിക്ടർ ലിൻഡലോഫും പ്രതികരിച്ചു.