ADVERTISEMENT

ലിമ(പെറു)∙ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തോൽപിച്ച് അർജന്റീന. പരുക്കു മാറി ടീമിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് അർജന്റീനയ്ക്കായി രണ്ടു ഗോളുകളും നേടിയത്. 32, 42 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. നിക്കോളാസ് ഗോൾസാലസിന്റെ അസിസ്റ്റിൽ തകർപ്പനൊരു ഷോട്ടിലൂടെ ടീമിനെ  മുന്നിലെത്തിച്ച മെസ്സി, പത്ത് മിനിറ്റുകൾക്ക് അപ്പുറം എൻസോ ഫെർണാണ്ടസിന്റെ പാസിലും ലക്ഷ്യം കണ്ടു.

രണ്ടാം പകുതിയിൽ മെസ്സി വീണ്ടും ഗോളടിച്ചെങ്കിലും വിഎആർ പരിശോധനയ്ക്കു ശേഷം റഫറി ഓഫ് സൈഡ‍് വിധിച്ചു. മറ്റൊരു യോഗ്യതാ മത്സരത്തിൽ ബ്രസീൽ യുറഗ്വായോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തോറ്റു. ബ്രസീൽ സൂപ്പർ താരം നെയ്മാർ പരുക്കേറ്റു പുറത്തുപോയ മത്സരത്തിലാണ് ബ്രസീലിന്റെ തോൽവി.

നെയ്മാറിന്റെ കാൽമുട്ടിലെ പരുക്കു ഗുരുതരമാണെന്നാണു വിവരം. ഡാർവിൻ നുനസ് (42), നിക്കോളാസ് ‍ഡെലാ ക്രൂസ് (77) എന്നിവരാണ് യുറഗ്വായുടെ ഗോൾ സ്കോറർമാർ. കോൺമെബോളിൽ പോയിന്റ് നിലയിൽ അർജന്റീനയാണ് ഒന്നാം സ്ഥാനത്ത്.

English Summary:

Messi double gives Argentina 2-0 win over Peru