ADVERTISEMENT

കൊച്ചി ∙ ക്രോസ് ബാർ തടസ്സമായി; റഫറി കനിഞ്ഞില്ല; എന്നിട്ടും, കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനോടു തോറ്റില്ല. സ്കോർ: 1–1. പരുക്കും താരങ്ങളുടെ സസ്പെൻഷനും സൃഷ്ടിച്ച പ്രതിസന്ധിയെ അതിജീവിച്ച ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിന്റെ കടുത്ത പ്രതിരോധപ്പൂട്ടു പൊളിച്ചെങ്കിലും ജയം കണ്ടെത്താനായില്ല. രണ്ടു വട്ടമാണു ക്രോസ് ബാർ ബ്ലാസ്റ്റേഴ്സിനു മുന്നിൽ കടമ്പയായത്. ക്വാമെ പെപ്രയെ ബോക്സിനുള്ളിൽ നോർത്ത് ഈസ്റ്റ് താരങ്ങൾ രണ്ടു തവണ വലിച്ചു താഴെയിട്ടുവെങ്കിലും റഫറി ‘കണ്ടതുമില്ല.’ 27ന് കൊച്ചിയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. എതിരാളികൾ ഒഡീഷ എഫ്സി. 

നിർഭാഗ്യത്തിന്റെ ആദ്യ പകുതി

ഗോളിലേക്കു വേഗമെത്താൻ ശ്രമിച്ചതു ബ്ലാസ്റ്റേഴ്സ്. ആദ്യം ലക്ഷ്യം കണ്ടതു നോർത്ത് ഈസ്റ്റ്. 12–ാം മിനിറ്റിൽ മലയാളി താരം ജിതിൻ നൽകിയ പന്തുമായി സ്പാനിഷ് താരം നെസ്റ്റർ റോജർ ബ്ലാസ്റ്റേഴ്സ് ബോക്സിൽ കടന്നു കയറിയതു കളരി അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ. ഹോർമിപാമിനെ വെട്ടിയൊഴിഞ്ഞ്, പ്രീതം കോട്ടാലിന്റെ കാലിൽ കുരുങ്ങാതെ പന്ത് 

ഗോൾവലയുടെ ഇടതു മൂലയിലേക്കു വിട്ടു. ബ്ലാസ്റ്റേഴ്സ് കാവൽക്കാരൻ സച്ചിൻ സുരേഷിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പിന്നിലായതോടെ ബ്ലാസ്റ്റേഴ്സ് ഇരമ്പിക്കയറി. ക്വാമെ പെപ്രയുടെ ഗോൾശ്രമം പക്ഷേ വിഫലം. തൊട്ടു പിന്നാലെ ക്യാപ്റ്റൻ ലൂണയുടെ ക്രോസിൽ ഡെയ്സുകി സകായ് പറത്തിയ ഷോട്ട് തട്ടിത്തെറിച്ചതു ക്രോസ് ബാറിൽ. 5 മിനിറ്റിനു ശേഷം സകായ് വക ക്രോസിൽ നിന്നു നവോച്ച സിങ് പായിച്ചതൊരു മിസൈൽ. പക്ഷേ, നോർത്ത് ഈസ്റ്റിനെ ക്രോസ് ബാർ ഒരിക്കൽക്കൂടി രക്ഷിച്ചു. 

ഫാറൂഖ് ‘ക്രിസ്റ്റ്യാനോ’! 

ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന സമനില ഗോൾ വന്നതു 49–ാം മിനിറ്റിൽ. ക്യാപ്റ്റൻ ലൂണയുടെ ഫ്രീകിക്കിൽ ഉയർന്നു ചാടിയ ഡാനിഷ് ഫാറൂഖ് തല കൊണ്ടു തലോടിയ പന്ത് നോർത്ത് ഈസ്റ്റ് വലയിലേക്ക്. ഗോൾകീപ്പറായ മലയാളി താരം മിർഷാദ് മിച്ചു നിസ്സഹായനായി. തുടർച്ചയായ രണ്ടാം മത്സരത്തിലും ഫാറൂഖിനു ഗോൾ; ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റൈൽ ആഘോഷം.  ഡയമന്റകോസിനു പകരക്കാരനായി സ്ട്രൈക്കർ ഇഷാൻ പണ്ഡിത ഇറങ്ങിയതോടെ ആക്രമണത്തിന് വേഗം കൂടി.  സീസണിൽ പണ്ഡിതയുടെ അരങ്ങേറ്റം.  ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത് അഴിച്ചു പണിത പ്രതിരോധ നിരയുമായാണ്. വിലക്കിലായ ഡ്രിൻസിച്ചിനു പകരം ഹോർമിപാം, പ്രബീർ ദാസിനു പകരം സന്ദീപ് സിങ്, പരുക്കിൽ പുറത്തായ ദോലിങ്ങിനു പകരം നവോച്ച സിങ്. സെന്റർ ബാക്ക് സ്ഥാനത്തു മാറ്റമില്ലാതെ പ്രീതം കോട്ടാൽ. മധ്യനിരയിൽ ജീക്സണു പകരം വിബിൻ മോഹനൻ. രണ്ടു മലയാളി താരങ്ങളുമായാണു നോർത്ത് ഈസ്റ്റ് കളത്തിലിറങ്ങിയത്; വല കാക്കാൻ മിർഷാദ് മിച്ചു, മധ്യനിരയിൽ എം.എസ്.ജിതിൻ. ഇന്നലെ ആദ്യ മത്സരത്തിൽ എഫ്സി ഗോവ 2–1ന് കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെ തോൽപിച്ചു. 

English Summary:

Kerala Blasters VS North East United ISL Football Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com