ഐഎസ്എലിലെ റഫറിയിങ്ങിനെക്കുറിച്ച് ഇനിയെന്തു പറയാനാണ്?

Mail This Article
ആദ്യ 2 മത്സരങ്ങളും ജയിച്ച് ഐഎസ്എൽ ഫുട്ബോളിലെ എക്കാലത്തെയും മികച്ച തുടക്കം കുറിച്ച ബ്ലാസ്റ്റേഴ്സിനു തൊട്ടതെല്ലാം പിഴയ്ക്കുന്നുവോ? വിലക്കും പരുക്കും ദൗർഭാഗ്യവുമെല്ലാം ചേർന്ന് ആ മിന്നുന്ന തുടക്കത്തിനു മങ്ങൽ വീണ നിലയിലാണു നാലു മത്സരം കഴിയുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സ്ഥിതി. കളത്തിന് അകത്തും പുറത്തും അത്ര നല്ല നിലയിലല്ല കാര്യങ്ങൾ.
ഇടവേളയ്ക്കു ശേഷം കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കളഞ്ഞു കുളിച്ചത് ഉറപ്പായും ലഭിക്കേണ്ടിയിരുന്ന വിജയവും വിലപ്പെട്ട 2 പോയിന്റുകളുമാണ്. ക്രോസ് ബാറിൽ തട്ടിമടങ്ങിയ ഷോട്ടുകളും റഫറി അനുവദിക്കാതിരുന്ന പെനൽറ്റി അവസരങ്ങളുമൊക്കെ പറയാനുണ്ടാകാം. അതെല്ലാം ഫുട്ബോളിന്റെ ഭാഗം തന്നെയാണ്, വിജയം കാണാതെ മടങ്ങിയതിന് ഉത്തരമാകുന്നില്ല. യഥാർഥ കാരണം കളത്തിൽ തന്നെ കാണണം.
നാലു വിദേശ താരങ്ങളെ ആക്രമിക്കാൻ നിയോഗിച്ചിട്ടും നോർത്ത് ഈസ്റ്റ് ബോക്സിൽ അത്രയൊന്നും ഭീഷണി ഉയർത്താൻ ടീമിനായില്ല. വിദേശ താരങ്ങളിൽനിന്നു പ്രതീക്ഷിക്കുന്ന തരത്തിലുള്ള പ്രകടനം വന്നത് അഡ്രിയൻ ലൂണയിൽ നിന്നു മാത്രമാണെന്നത് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനുള്ള അപായസൂചന കൂടിയാണ്. രണ്ടു വിദേശ സെന്റർ ബാക്കുകളുടെയും അഭാവം പ്രതിരോധത്തിൽ നാഥനില്ലാത്ത അവസ്ഥയുണ്ടാക്കി. എതിരാളികൾ അത്ര കരുത്തരല്ലാത്തതു കൊണ്ടുമാത്രം വലിയ ‘കേട്’ ഉണ്ടായില്ല.
ഐഎസ്എലിലെ റഫറിയിങ്ങിനെക്കുറിച്ച് ഇനിയെന്തു പറയാനാണ്? റഫറിയിങ്ങിൽ വരുന്ന വലിയ പിഴവുകൾ ലീഗിനെ ആകെ ദോഷകരമായി ബാധിക്കും. നല്ല റഫറിയിങ് കൂടി വന്നാലേ എല്ലാം ശരിയാകൂ.