ഐ ലീഗിൽ ഗോകുലം കേരള എഫ്സി ഇറങ്ങുന്നു, എതിരാളികൾ ഇന്റർ കാശി

Mail This Article
കോഴിക്കോട്∙ ‘‘ജയിച്ചുകൊണ്ട് തുടങ്ങാനാണ് ഞങ്ങൾക്കിഷ്ടം. ഇത് ക്ലബ്ബിന്റെ ആദ്യമത്സരമാണ്’’ ഇന്റർകാശി ഫുട്ബോൾ ക്ലബ്ബിന്റെ പരിശീലകൻ കാർലോസ് സാന്റാമരിനയുടെ വാക്കുകളിൽ ആത്മവിശ്വാസം നിറയുന്നു. ‘‘ എതിരാളികളെക്കുറിച്ച് ആഴത്തിൽ പഠിച്ച് നല്ല ഹോംവർക്കു ചെയ്താണ് ഞങ്ങൾ ഇറങ്ങുന്നത്. ഇന്നത്തെ കളി ചില്ലറക്കളിയായിരിക്കില്ല.’’ ഗോകുലം കേരള എഫ്സി പരിശീലകൻ ഡൊമിംഗോ ഒരാമോസിന്റെ വാക്കുകൾക്ക് മൂർച്ചയേറുന്നു.
ഇതോടെ മലബാറിലെ ഫുട്ബോൾ ആരാധകർ ആവേശത്തിലാണ്. ഐ ലീഗിന്റെ പുതിയ സീസണിന് ഇന്ന് വിസിലടി ഉയരുമ്പോൾ കോർപറേഷൻ സ്റ്റേഡിയത്തിലെ മൈതാനത്ത് തീപ്പൊരിചിതറും, ഉറപ്പ്.
ഐ ലീഗിന്റെ 2023–24 സീസണിലെ മത്സരങ്ങൾക്കാണ് ഇന്ന് തുടക്കമാവുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് റിയൽ കശ്മീരും രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയും തമ്മിൽ ശ്രീനഗറിലാണ് ആദ്യമത്സരം. വൈകിട്ട് എട്ടിനു നടക്കുന്ന മത്സരത്തിലാണ് മലബാറിന്റെ അഭിമാനം കാക്കാൻ ഗോകുലം കേരള എഫ്സി ഇന്റർകാശിയെ നേരിടുന്നത്. ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ ഈ സീസണിലെ ആദ്യ ഐ ലീഗ് മത്സരമാണ് ഇന്നത്തേത്.
ഏറ്റവും കുറഞ്ഞത് 30,000 പേരെങ്കിലും ആദ്യ മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെയോടെ ടിക്കറ്റ് വിൽപന കുതിച്ചുയർന്നിട്ടുണ്ട്.
ആരാധകരെ ആവേശത്തിലാഴ്ത്താനുള്ള ഒരുക്കങ്ങളും സ്റ്റേഡിയത്തിൽ നടത്തിക്കഴിഞ്ഞു. വൈകിട്ട് ആറുമുതൽ തൈക്കൂടം ബ്രിഡ്ജിന്റെ സംഗീതപരിപാടി സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തും. രാത്രി എട്ടിന് മന്ത്രി പി.എ.മുഹമ്മദ് റിയാസും ചലച്ചിത്രതാരം ദിലീപും കിക്ക്ഓഫിന് മൈതാനത്തിറങ്ങുന്നതോടെ മത്സരം ആരംഭിക്കും. മത്സരത്തിനു മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അവസാനവട്ട പരിശീലനത്തിനായി ഇന്നലെ രാത്രി ഗോകുലം കേരളയും തുടർന്ന് ഇന്റർകാശിയും മൈതാനത്തിറങ്ങിയിരുന്നു.
നഗരത്തിൽ ആവേശം വിതച്ച് ഐ ലീഗ് വിളംബരജാഥ
ഐലീഗ് ആരവത്തിലേക്ക് നാടിനെയൊന്നാകെ ഉണർത്തി വിളംബര ജാഥ. പണ്ട് ഗ്രാമങ്ങളിലെ സെവൻസ് മത്സരങ്ങളുടെ ആവേശമുയർത്തുന്ന അനൗൺസ്മെന്റുകൾപോലെ തീ പാറുന്ന വാക്കുകളുമായാണ് വിളംബരജാഥ നഗരത്തിലൂടെ കടന്നുപോയത്. സ്റ്റേഡിയം ജംക്‌ഷനിൽനിന്നാണ് ജാഥ തുടങ്ങിയത്. ഇന്ത്യയുടെ പാരാലിംപിക്സ് ഫുട്ബോൾ ക്യാപ്റ്റൻ എസ്.ആർ.വൈശാഖാണ് വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തത്. ഗോകുലം കേരള ടീമിലെ അംഗങ്ങൾ, വനിതാ ടീമിലെ അംഗങ്ങൾ, ഗോകുലത്തിന്റെ വിദ്യാർഥികൾ തുടങ്ങിയവർ ജാഥയുടെ ഭാഗമായി. സ്റ്റേഡിയം ജംക്‌ഷനിൽനിന്നു തുടങ്ങിയ യാത്ര സിഎച്ച് മേൽപ്പാലം കയറി സൗത്ത് ബീച്ചിലെത്തി. തുടർന്ന് കടപ്പുറം റോഡ് വഴി ഗാന്ധിറോഡ് മേൽപ്പാലം കയറി നടക്കാവിൽ സമാപിച്ചു.
ഇന്റർകാശി എഫ്സിയുടെ മുഖ്യപരിശീലകൻ കാർലോസ് സാന്റാമരിന, ക്യാപ്്റ്റൻ അരിന്ദം ഭട്ടാചാർജ, ഗോകുലം കേരള എഫ്സി പരിശീലകൻ ഡൊംമിഗോ ഒരാമോസ്, ക്യാപ്റ്റൻ അലസാൻഡ്രോ സാഞ്ചസ് എന്നിവർ ഐ ലീഗിലെ ആദ്യമത്സരത്തിനുമുൻപ് പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു