ഹീറോ, മ്മടെ സച്ചിൻ സുരേഷ്! ആശാൻ വന്നപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം ഇരമ്പിക്കയറി

Mail This Article
ഔട്ട്സ്റ്റാൻഡിങ് പ്ലേ, ഔട്ട്സ്റ്റാൻഡിങ് സേവ്, ഔട്ട്സ്റ്റാൻഡിങ് ഗോൾ... ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സിക്കെതിരെ കഴിഞ്ഞ ദിവസം കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് നേടിയ തകർപ്പൻ വിജയത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. വിലക്കിനു ശേഷം കോച്ച് ഇവാൻ വുക്കോമനോവിച്ച് മടങ്ങിവരുന്ന മത്സരം എന്നതായിരുന്നു കിക്കോഫിനു മുൻപ് എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നത്.
ഗ്രൗണ്ടിലേക്കു തിരിച്ചുവന്ന ഇവാനു കിട്ടിയ സ്വീകരണം കണ്ടില്ലേ? എന്തൊരു കാഴ്ചയായിരുന്നു അത്! ഹൃദയം തൊട്ട ആ വരവേൽപിന്റെ ഊർജം കളത്തിലും പ്രസരിച്ചതാണു ബ്ലാസ്റ്റേഴ്സിന്റെ വിജയരഹസ്യം. ലൈനപ്പിലും ഫോർമേഷനിലും വന്ന മാറ്റങ്ങളെക്കുറിച്ചല്ല, കഴിഞ്ഞ മത്സരങ്ങളിൽനിന്നു വ്യത്യസ്തമായി ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മനോഭാവത്തിലുണ്ടായ ആ ‘മാറ്റം’ കണ്ടില്ലേ? ആശാൻ വന്നപ്പോൾ കളിക്കാരുടെ ആത്മവിശ്വാസം ഇരമ്പിക്കയറി.
ചില പോരായ്മകളുണ്ടായെങ്കിലും മറ്റു മേഖലകളിലെല്ലാം ബ്ലാസ്റ്റേഴ്സ് പുതിയ ഉണർവോടെ പറന്നു കളിച്ചു. ‘മ്മടെ തൃശൂരുകാരൻ’ ഗോളി സച്ചിൻ സുരേഷിന്റെ പെനൽറ്റി സേവാണു മത്സരഗതി നിർണയിച്ചത്. സച്ചിൻ ആ പെനൽറ്റി സേവ് ചെയ്തിരുന്നില്ലെങ്കിൽ കളി അവിടെ അവസാനിച്ചേനെ. നിർണായകമായ പെനൽറ്റിയും റീബൗണ്ടും തടുത്തിട്ടതോടെ ബ്ലാസ്റ്റേഴ്സിനു പുനർജന്മം കിട്ടിയതുപോലെയായി.
ഇനി വിജയ ഗോളിനെക്കുറിച്ച്: അഡ്രിയൻ ലൂണയുടെ പരിചയസമ്പത്തിനു കൊടുക്കണം ആ ഗോളിന്റെ ക്രെഡിറ്റ്. ഒരു സംശയവും വേണ്ട, അതൊരു ഗ്രേറ്റ് ഗോൾ തന്നെ. ഗ്രേറ്റ് പ്ലേയറിൽ നിന്നു വന്ന ഗ്രേറ്റ് ഗോൾ. മൊത്തത്തിൽ അടിപൊളിയായി ബ്ലാസ്റ്റേഴ്സ്.