ചരിത്രനേട്ടത്തിൽ ലയണൽ മെസ്സി: എട്ടാം തവണയും ബലോൻ ദ് ഓർ പുരസ്കാരം

Mail This Article
പാരിസ്∙ കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ഫ്രാൻസ് ഫുട്ബോൾ മാസികയുടെ പ്രശസ്തമായ ബലോൻ ദ് ഓർ പുരസ്കാരം അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക്. എട്ടാം തവണയാണ് മെസ്സി ബലോൻ ദ് ഓർ പുരസ്കാരത്തിന് അർഹനാകുന്നത്. അഞ്ച് തവണ നേടിയിട്ടുള്ള പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇക്കാര്യത്തിൽ മെസ്സിക്കു പിന്നിലുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയൻ എംബപെ എന്നിവരെ മറികടന്നാണ് 67–ാമത് ബലോൻ ദ് ഓർ പുരസ്കാരം മെസ്സി സ്വന്തമാക്കിയത്.
ഫിഫ ലോകകപ്പ് കിരീടം അര്‍ജന്‍റീനയ്ക്ക് നേടി കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മെസ്സിയുടെ പ്രകടനമാണ് പുരസ്കാര നേട്ടത്തിൽ നിർണായകമായത്. കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റും മെസ്സി നേടിയിരുന്നു. ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഫ്രഞ്ച് ക്ലബായ പിഎസ്‌ജി വിട്ട മെസ്സി, നിലവിൽ യുഎസ് ക്ലബ് ഇന്റർ മയാമിക്കായാണ് ബൂട്ട് അണിയുന്നത്.

ഈ പുരസ്കാരം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് മുപ്പത്തിയാറുകാരനായ മെസ്സി. 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് ഇതിനു മുൻപ് ബലോൻ ദ് ഓർ പുരസ്കാരത്തിന് മെസ്സി അർഹനായത്. ഫ്രാൻസിന്റെ കരീം ബെൻസിമയായിരുന്നു കഴിഞ്ഞവർഷം ബലോൻ ദ് ഓർ പുരസ്കാരത്തിൽ മുത്തമിട്ടത്. 30 അംഗ നോമിനേഷൻ ലിസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ലയൺ മെസ്സിക്കും എര്‍ലിങ് ഹാളണ്ടിനുമായിരുന്നു ഏറ്റവും കൂടുതൽ സാധ്യത പ്രഖ്യാപിച്ചത്.

ഏറ്റവും കൂടുതൽ ഗോളിനുള്ള ഗെർഡ് മുള്ളർ ട്രോഫി എർലിങ് ഹാലൻഡിനാണ്. ബാഴ്സലോനയുടെ ഐതാന ബോൻമാതിയാണു മികച്ച വനിത താരം. മികച്ച പുരുഷ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും വനിതാ ക്ലബ് ബാഴ്സലോന എഫ്സിയുമാണ്.

മെസ്സി @ ബലോൻ ദ് ഓർ(മെസ്സി പുരസ്കാരം നേടിയ വർഷങ്ങളും പിന്നിലായ താരങ്ങളും)
2009: മെസ്സി
പിന്നിൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ, ചാവി ഹെർണാണ്ടസ്
2010: മെസ്സി
പിന്നിൽ: ആന്ദ്രെ ഇനിയേസ്റ്റ,
ചാവി ഹെർണാണ്ടസ്
2011: മെസ്സി
പിന്നിൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ, ചാവി ഹെർണാണ്ടസ്
2012: മെസ്സി
പിന്നിൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ, ആന്ദ്രെ ഇനിയേസ്റ്റ
2015: മെസ്സി
പിന്നിൽ: ക്രിസ്റ്റ്യാനോ
റൊണാൾഡോ, നെയ്മാർ
2019: മെസ്സി
പിന്നിൽ: വിർജിൽ വാൻ ദെയ്ക്,
ക്രിസ്റ്റ്യാനോ റൊണാൾഡോ.
2021: മെസ്സി
പിന്നിൽ: റോബർട്ട് ലെവൻഡോവ്സ്കി, ജോർജിഞ്ഞോ.
2023: മെസ്സി
പിന്നിൽ: എർളിങ് ഹാളണ്ട്, കിലിയൻ എംബപെ