സൂപ്പർ ഹീറോ സച്ചിൻ! തകർപ്പൻ പെനൽറ്റി സേവ്, ഒന്നല്ല, രണ്ടുവട്ടം- വിഡിയോ

Mail This Article
ഈസ്റ്റ് ബംഗാൾ താരങ്ങൾ ഗാലറിയിലെ നൂറു കണക്കിന് ആരാധകരെ മാത്രം കണ്ടു. സച്ചിൻ സുരേഷ് ഉൾക്കണ്ണിൽ കേരളത്തിലെ ലക്ഷക്കണക്കിന് സ്വന്തം ആരാധകരെ കണ്ടു. ഒന്നല്ല, രണ്ടുവട്ടം! തുടരെ പെനൽറ്റി സേവുകളുമായി സച്ചിൻ ഒരിക്കൽ കൂടി മിന്നിയ മത്സരത്തിൽ ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്വല ജയം (2-1).
കഴിഞ്ഞ മത്സരത്തിൽ കൊച്ചിയിൽ ഒഡീഷയ്ക്കെതിരെ പെനൽറ്റി കിക്ക് സേവ് ചെയ്ത് ടീമിന്റെ രക്ഷകനായ മലയാളി താരം സച്ചിൻ ഇത്തവണ സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ പുറത്തെടുത്തത് അതിനെ അതിശയിപ്പിച്ച അത്ഭുതപ്രകടനം. 84-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ ക്ലെയ്റ്റൻ സിൽവയെടുത്ത പെനൽറ്റി കിക്ക് സച്ചിൻ അനായാസം കയ്യിലൊതുക്കി. എന്നാൽ, ക്ലെയ്റ്റൻ കിക്കെടുക്കും മുൻപ് കളിക്കാർ ബോക്സിലേക്കു കയറിയെന്നു വിധിച്ച റഫറി റീകിക്ക് നൽകി. എന്നാൽ ഇത്തവണയും സച്ചിന്റെ കാന്തം പോലുള്ള കൈകളെ മറികടക്കാൻ ക്ലെയ്റ്റനായില്ല. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി.
നേരത്തേ, 32-ാം മിനിറ്റിൽ ഡെയ്സുകി സകായ് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. സച്ചിന്റെ അദ്ഭുതസേവുകൾക്കു പിന്നാലെ 88-ാം മിനിറ്റിൽ അപ്രതീക്ഷിതമായി കിട്ടിയ അവസരം ലക്ഷ്യത്തിലെത്തിച്ച് ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്സിന്റെ ലീഡുയർത്തി. ഗോളടിച്ചതിന്റെ ആവേശത്തിൽ ജഴ്സിയൂരി വീശിയ ദിമിക്കു രണ്ടാം മഞ്ഞക്കാർഡും മാർച്ചിങ് ഓർഡറും ലഭിച്ചതു മാത്രമാണ് ബ്ലാസ്റ്റേഴ്സിന് മത്സരത്തിൽ നിന്നുള്ള ചെറിയ നിരാശ.
ഇൻജറി ടൈമിൽ ഈസ്റ്റ് ബംഗാളിന് അനുകൂലമായി വീണ്ടും പെനൽറ്റി. ഇത്തവണ ക്ലെയ്റ്റന്റെ കിക്ക് ലക്ഷ്യത്തിലെത്തി- ആശ്വാസം പോലെ! ബ്ലാസ്റ്റേഴ്സ് സീസണിൽ ഇതുവരെ നേടിയ 7 ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. ഇതിനൊരു മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെ ഡയമന്റകോസും ലൂണയും ചേർന്നുള്ള മുന്നേറ്റങ്ങൾ തുടക്കം മുതൽ ഈസ്റ്റ് ബംഗാൾ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു. ബോക്സിൽ ക്വാമി പെപ്രയുടെ കുതിച്ചോട്ടങ്ങൾ കൂടിയായതോടെ ഈസ്റ്റ് ബംഗാൾ പ്രതിരോധം അങ്കലാപ്പിലായി. അതിനിടയിൽ അവർ ഒരാളെ കണ്ണുവയ്ക്കാൻ മറന്നു- ഡെയ്സുകി സകായ്!
മുട്ടിമുട്ടി ഒടുവിൽ ബ്ലാസ്റ്റേഴ്സിന്റെ വിദേശക്കൂട്ട് ബംഗാൾ ഗോൾപോസ്റ്റ് തുറന്നു. 32-ാം മിനിറ്റിൽ ത്രോയിൽ നിന്നു കിട്ടിയ പന്ത് പെപ്ര ബാക്ക് ഹെഡറിലൂടെ ദിമിക്കു മറിച്ചു. ലൂണ ആ പന്തു റാഞ്ചി. പിന്നാലെ ത്രൂപാസ്. ഓടിയെത്തിയ സകായ് ഇടംവലം പന്തു മറിച്ചു തൊടുത്ത ഷോട്ടിൽ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ പ്രഭ്സുഖൻ ഗിൽ നിസ്സഹായൻ! ഘാന, ഗ്രീസ്, യുറഗ്വായ്, ജപ്പാൻ എന്നിങ്ങനെ നാലു രാജ്യങ്ങളുടെയും നാലു ഭൂഖണ്ഡങ്ങളുടെയും ടച്ചുള്ള ബ്ലാസ്റ്റേഴ്സ് ഗോൾ.ഇന്നലെ ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്സി 1–1നു ഹൈദരാബാദ് എഫ്സിയെ സമനിലയിൽ തളച്ചു.