നാലു ഗോൾ വീതം നേടി ചെൽസി–സിറ്റി ബലാബലം; സിറ്റി ഒന്നാമത്, ചെൽസി പത്താമതും

Mail This Article
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ 10–ാം സ്ഥാനത്തായിരിക്കാം; പക്ഷേ ചെൽസി ഇപ്പോഴും പഴയ ‘പ്രതാപകാലം’ പൂർണമായി മറന്നിട്ടില്ല! ആവേശകരമായ പോരാട്ടത്തിൽ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയെ 4–4 സമനിലയിൽ പിടിച്ച് ചെൽസി സീസണിൽ തിരിച്ചുവരവിന്റെ ശക്തമായ സൂചനകൾ നൽകി. സ്വന്തം മൈതാനമായ സ്റ്റാംഫഡ് ബ്രിജിൽ മൂന്നു തവണ പിന്നിലായ ശേഷം തിരിച്ചടിച്ചാണ് ചെൽസി സമനില നേടിയെടുത്തത്.
ഇൻജറി ടൈമിൽ (90+5) കിട്ടിയ പെനൽറ്റിയിലൂടെ കോൾ പാമറാണ് നീലപ്പടയ്ക്ക് വരാനിരിക്കുന്ന നിർണായക മത്സരങ്ങളിൽ ആത്മവിശ്വാസമേകുന്ന സമനില സമ്മാനിച്ചത്. തിയാഗോ സിൽവ (29–ാം മിനിറ്റ്), റഹീം സ്റ്റെർലിങ് (37), നിക്കോളാസ് ജാക്സൻ (67) എന്നിവരാണ് ചെൽസിയുടെ മറ്റു സ്കോറർമാർ. എർലിങ് ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിക്കായി ഇരട്ടഗോൾ നേടി. മാനുവൽ അകഞ്ചി (45+1), റോഡ്രി (86) എന്നിവരും ലക്ഷ്യം കണ്ടു.
12 കളികളിൽ 28 പോയിന്റോടെ സിറ്റി ഒന്നാം സ്ഥാനത്തു തന്നെ തുടരുന്നു. അത്രയും കളികളിൽ 16 പോയിന്റുമായി ചെൽസി 10–ാം സ്ഥാനത്ത്. സീസണിൽ ചെൽസിയുടെ 4–ാം ജയം മാത്രമാണിത്. എന്നാൽ കഴിഞ്ഞയാഴ്ച ടോട്ടനത്തെ 4–1നു തോൽപിച്ചതും ഇന്നലെ സിറ്റിയെ സമനിലയിൽ പിടിച്ചതും മൗറീഷ്യോ പോച്ചെറ്റിനോയുടെ ക്ലബ്ബിന് നൽകുന്ന ഉണർവ് ചെറുതല്ല.
ഡബിൾ ലെവൻ; ബാർസയ്ക്കു ജയം
മഡ്രിഡ് ∙ ഇരട്ടഗോളുമായി റോബർട്ട് ലെവൻഡോവ്സ്കി രക്ഷകനായ സ്പാനിഷ് ലീഗ് മത്സരത്തിൽ അലാവസിനെതിരെ ബാർസിലോനയ്ക്ക് 2–1 ജയം. കളിയുടെ ഒന്നാം മിനിറ്റിൽ തന്നെ പിന്നിലായ ശേഷം തിരിച്ചടിച്ചാണ് ബാർസയുടെ ജയം. സാമു ഒമറോഡിയനാണ് അലാവസിന് ലീഡ് നൽകിയത്. 53–ാം മിനിറ്റിൽ ബാർസയെ ഒപ്പമെത്തിച്ച ലെവൻഡോവ്സ്കി 78–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ടീമിന് വിജയവും സമ്മാനിച്ചു. ജയത്തോടെ ബാർസ 30 പോയിന്റുമായി മൂന്നാം സ്ഥാനത്തു തുടരുന്നു. ജിറോണ (34), റയൽ മഡ്രിഡ് (32) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.