ADVERTISEMENT

റിയോ ഡി ജനീറോ ∙ ചരിത്രപ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തിൽ അർജന്റീനക്കാരായ ഫുട്ബോൾ കാണികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ; പിന്നാലെ, നടന്ന മത്സരത്തിൽ ആതിഥേയരായ ബ്രസീലിനു തോൽവി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ, ലോകചാംപ്യന്മാരായ അർജന്റീന 1–0നു ബ്രസീലിനെ തോൽപിച്ചു. 63–ാം മിനിറ്റിൽ നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. പരുക്കുമൂലം നെയ്മാറും കസീമിറോയും ഇല്ലാതെയിറങ്ങിയ ബ്രസീലിന് ലോകകപ്പ് യോഗ്യതാ മത്സരത്തിലെ തുടർച്ചയായ 3–ാം തോൽവിയായി ഇത്. 81–ാം മിനിറ്റിൽ മിഡ്ഫീൽഡർ ജോയലിന്റനെ ചുവപ്പുകാർഡ് കണ്ടു നഷ്ടമായതു ബ്രസീലിനു മറ്റൊരു തിരിച്ചടിയുമായി.

കൈവിട്ട കളി 

മത്സരം തുടങ്ങും മുൻപായിരുന്നു കാണികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടൽ. ദേശീയ ഗാനാലാപനത്തിന്റെ സമയത്ത് സ്റ്റേഡിയത്തിന്റെ ഒരു വശത്തെ അർജന്റീന കാണികളും പൊലീസും തമ്മിലുണ്ടായ വാക്കുതർക്കവും ഉന്തും തള്ളുമാണ് സ്ഥിതിഗതികൾ വഷളാക്കിയത്. പൊലീസ് ലാത്തിച്ചാർജ് നടത്തിയതോടെ ഒരുവിഭാഗം കാണികൾ പ്രാണരക്ഷാർഥം ഗ്രൗണ്ടിലേക്ക് ഇറങ്ങിയോടി. മുഖം മുഴുവൻ രക്തം പടർന്നു ഗ്രൗണ്ടിൽ വീണുകിടന്ന ഒരാളെ സ്ട്രെച്ചറിലാണു പുറത്തേക്കു കൊണ്ടുപോയത്. കാണികളെ അനുനയിപ്പിക്കാൻ ശ്രമിച്ച അർജന്റീന ടീം ലോക്കർ റൂമിലേക്കു തിരിച്ചുപോയി. പിന്നീട് ബഹളം തീർന്ന ശേഷമാണു ടീം കളത്തിലേക്കു തിരിച്ചെത്തിയത്. അക്രമം മൂലം മത്സരം തുടങ്ങാൻ അരമണിക്കൂറോളം വൈകി. ഈ മാസം തന്നെ കോപ്പ ലിബർട്ടഡോറസ് ചാംപ്യൻഷിപ്പിലെ  ഫൈനലിനു തൊട്ടുമുൻപും ബ്രസീൽ പൊലീസും അർജന്റീന കാണികളും തമ്മിൽ  ഏറ്റുമുട്ടിയിരുന്നു.

English Summary:

Argentina defeat Brazil in World Cup qualifying match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com