അർജന്റീന ആരാധകരെ തല്ലിയൊതുക്കി ബ്രസീൽ പൊലീസ്, മെസ്സിയുടെ രൂക്ഷവിമർശനം; ഫിഫ നടപടി വരും?
Mail This Article
റിയോ ഡി ജനീറോ∙ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനു മുൻപ് മാരക്കാന സ്റ്റേഡിയത്തില്‍വച്ച് അര്‍ജന്റീന ആരാധകരെ ബ്രസീൽ പൊലീസ് മർദിച്ച സംഭവത്തിൽ ഫിഫയുടെ നടപടിയുണ്ടായേക്കും. കളി തുടങ്ങുന്നതിനു തൊട്ടുമുൻപാണ് ഗാലറിയിൽ ബ്രസീൽ– അർജന്റീന ആരാധകർ തമ്മിൽ സംഘർഷമുണ്ടായത്. പ്രശ്നത്തിൽ ഇടപെട്ട ബ്രസീൽ പൊലീസ് അർജന്റീന ഫാൻസിനു നേരെ ലാത്തിചാർജ് നടത്തുകയായിരുന്നു. തുടർന്ന് അർജന്റീന ടീം ഗ്രൗണ്ട് വിട്ടുപോയി. സംഘർഷം അവസാനിച്ച ശേഷമാണ് മെസ്സിയും സംഘവും കളിക്കാൻ വീണ്ടും ഗ്രൗണ്ടിൽ ഇറങ്ങിയത്.
സൂപ്പര്‍ താരം ലയണൽ മെസ്സി ബ്രസീലിനെതിരെ രൂക്ഷഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. സംഭവത്തിൽ ഫിഫ നടപടിയെടുത്താൽ ബ്രസീലിന്റെ ഹോം മത്സരത്തിൽ ആരാധകർക്കു വിലക്ക് ഏർപെടുത്താനാണു സാധ്യത. വൻ തുക പിഴ ചുമത്തുക, ടീമിന്റെ പോയിന്റ് വെട്ടിക്കുറയ്ക്കുക തുടങ്ങിയ സാധ്യതകളും ഫിഫയ്ക്ക് ആവശ്യമെങ്കിൽ സ്വീകരിക്കാം.
മത്സരത്തിൽ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന കീഴടക്കിയിരുന്നു. എവേ ഫാൻസിന്റെ സ്റ്റാൻഡിലേക്ക് ബ്രസീൽ ആരാധകർ കടന്നുകയറിയതായാണ് അർജന്റീന ആരാധകരുടെ പരാതി. പൊലീസ് ലാത്തിചാർജ് നടത്തിയതോടെ നിരവധി അർജന്റീന ആരാധകർക്കു പരുക്കേറ്റു. ചോരയൊലിപ്പിച്ചുകൊണ്ടാണ് പലരും സ്റ്റേഡിയത്തിൽനിന്നു പുറത്തുപോയത്.
ചിലർ ഗ്രൗണ്ടിലേക്കു ചാടിയിറങ്ങി ഓടിരക്ഷപെട്ടു. ആരാധകരെ തല്ലുന്നതിനെതിരെ അര്‍ജന്റീന താരങ്ങളും ശബ്ദമുയർത്തി. അരമണിക്കൂറോളം വൈകിയാണ് മത്സരം തുടങ്ങിയത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണ് ഇത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീല്‍ ആദ്യമായാണ് ഒരു ഹോം മത്സരം തോൽക്കുന്നത്.