നിലവിലെ ചാംപ്യന്മാരായ ബ്രസീലിനെ മൂന്നു ഗോളുകള്‍ക്കു വീഴ്ത്തി, അർജന്റീന അണ്ടർ 17 ലോകകപ്പ് സെമിയിൽ
Mail This Article
ജക്കാർത്ത ∙ നിലവിലെ ചാംപ്യൻമാരായ ബ്രസീലിനെ 3–0നു വീഴ്ത്തി അർജന്റീന അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ സെമിഫൈനലിൽ കടന്നു. ജക്കാർത്ത ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 10–ാം നമ്പർ താരം ക്ലോഡിയോ എച്ചവെരിയാണ് അർജന്റീനയുടെ 3 ഗോളും നേടിയത്. 28, 59, 73 മിനിറ്റുകളിലായിരുന്നു ടീമിന്റെ ക്യാപ്റ്റൻ കൂടിയായ എച്ചവെരിയുടെ ഹാട്രിക്. സെമിയിൽ അർജന്റീന ജർമനിയെ നേരിടും.
അർജന്റീന ക്ലബ് റിവർപ്ലേറ്റിന്റെ താരമായ പതിനേഴുകാരൻ എച്ചെവെരി 28–ാം മിനിറ്റിൽ ഒരു ഒറ്റയാൻ മുന്നേറ്റത്തിലൂടെയാണ് ഗോളടി തുടങ്ങിയത്. 59–ാം മിനിറ്റിൽ ബോക്സിനു തൊട്ടരികെ പന്തു കിട്ടിയ എച്ചെവെരി പ്രയാസമേറിയ ആംഗിളിൽ നിന്നു വീണ്ടും ലക്ഷ്യം കണ്ടു. 73–ാം മിനിറ്റിൽ ഒരു പ്രത്യാക്രമണത്തിനൊടുവിൽ ബ്രസീലിയൻ ഗോൾകീപ്പറെ വെട്ടിയൊഴിഞ്ഞ് മൂന്നാം ഗോളും നേടി. 5 ഗോളുകളുമായി സഹതാരം അഗസ്റ്റിൻ റോബർട്ടോയ്ക്കൊപ്പം ടൂർണമെന്റിലെ ടോപ് സ്കോറർ മത്സരത്തിലും ഒന്നാമനാണ് എച്ചവെരി.
ഇന്നലെ മറ്റൊരു ക്വാർട്ടർ ഫൈനലിൽ സ്പെയിനെ 1–0നു മറികടന്നാണ് ജർമനി സെമിയിലെത്തിയത്. ഇന്നു നടക്കുന്ന ക്വാർട്ടർ ഫൈനലുകളിൽ ഫ്രാൻസ് ഉസ്ബെക്കിസ്ഥാനെയും മാലി മൊറോക്കോയെയും നേരിടും. 28നാണ് സെമിഫൈനലുകൾ. ഫൈനൽ ഡിസംബർ രണ്ടിന്.