മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലഹാന്ദ്രോ ഗർനാച്ചോയുടെ ഗോളിൽ വണ്ടറടിച്ച് ഫുട്ബോൾ ലോകം
Mail This Article
ലണ്ടൻ ∙ മത്സരം കഴിഞ്ഞിട്ട് രണ്ട് രാവും ഒരു പകലും പിന്നിട്ടു കഴിഞ്ഞു. എന്നിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലഹാന്ദ്രോ ഗർനാച്ചോയുടെ ഗോളിൽ വണ്ടർ അടിച്ചു നിൽക്കുകയാണ് ഫുട്ബോൾ ലോകം! ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ എവർട്ടനെതിരെ യുണൈറ്റഡിന്റെ പത്തൊൻപതുകാരൻ ഗർനാച്ചോ നേടിയ ബൈസിക്കിൾ കിക്ക് ഗോൾ ഉപമിക്കപ്പെടുന്നത് ഇതിഹാസ താരങ്ങളായ വെയ്ൻ റൂണിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഗോളുകളോടാണ്. എവർട്ടന്റെ മൈതാനമായ ഗൂഡിസൻ പാർക്കിൽ കളിയുടെ 3–ാം മിനിറ്റിലായിരുന്നു അർജന്റീനക്കാരൻ ഗർനാച്ചോയുടെ മാജിക്. എവർട്ടൻ പകുതിയുടെ ബൈലൈനിന് അരികെ നിന്ന് ഡിയോഗോ ദലോത്തിന്റെ ഡീപ് ക്രോസ് ഉയർന്നു വരുമ്പോൾ ബോക്സിൽ ഗോൾ പോസ്റ്റിനു പുറംതിരിഞ്ഞു നിൽക്കുകയായിരുന്നു ഗർനാച്ചോ. പന്തിനെ നിലംതൊടാൻ അനുവദിക്കാതെ ഒരു കളരിയഭ്യാസിയെപ്പോലെ വായുവിൽ ചാടിയുയർന്ന് 15 വാര അകലെ നിന്നുള്ള ഗർനാച്ചോയുടെ ഓവർഹെഡ് കിക്കിൽ എവർട്ടൻ ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡ് സ്തബ്ധൻ!
‘മികച്ച ഗോളിനുള്ള ഫിഫയുടെ പുസ്കാസ് പുരസ്കാരം ഇപ്പൊഴേ തീരുമാനിക്കപ്പെട്ടു കഴിഞ്ഞു’– ഗർനാച്ചോയുടെ ഗോളിനെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ ഏറ്റവും പ്രചരിച്ച കമന്റുകളിലൊന്ന് ഇങ്ങനെ. ആ കിക്ക് ഗോളായെന്ന് തനിക്കും വിശ്വസിക്കാനായില്ലെന്ന് ഗർനാച്ചോ തന്നെ പിന്നീടു പറഞ്ഞു. ‘ഗോൾ ഞാൻ കണ്ടില്ല. പക്ഷേ അവിശ്വസനീയമായത് സംഭവിച്ചുവെന്ന് ഗാലറിയുടെ ആരവങ്ങളിൽ നിന്ന് എനിക്കു മനസ്സിലായി..’. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിഖ്യാതമായ ‘സ്യൂ’ സെലിബ്രേഷൻ പുറത്തെടുത്താണ് ഗർനാച്ചോ ഗോൾ ആഘോഷിച്ചത്. ഗർനാച്ചോ ഗോളിൽ നിസ്സഹായരായ എവർട്ടനെ 3–0നു തോൽപിച്ച് യുണൈറ്റഡും വിജയം ആഘോഷിച്ചു.
സ്പെയിനിലെ മഡ്രിഡിൽ ജനിച്ച അലഹാന്ദ്രോ ഗർനാച്ചോ ഫെരേര സ്പെയിൻ അണ്ടർ 18 ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് അർജന്റീന ദേശീയ ടീമിലേക്കു മാറി. അമ്മ അർജന്റീനക്കാരിയായതു കൊണ്ടായിരുന്നു ഇത്.
അർജന്റീന സീനിയർ ടീമിനു വേണ്ടി 3 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞു. സ്പാനിഷ് ക്ലബ് ഗെറ്റാഫെ, അത്‌ലറ്റിക്കോ മഡ്രിഡ് എന്നിവയ്ക്കു കളിച്ച ശേഷം 2020ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി. ക്ലബ്ബിനു വേണ്ടി ഇതുവരെ നേടിയത് 4 ഗോളുകൾ. അതിലൊന്ന് ലോകം എഴുന്നേറ്റു നിന്ന് കയ്യടിച്ച ഈ ഗോൾ!
റൂണിയും ക്രിസ്റ്റ്യാനോയും
2011ൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പ്രിമിയർ ലീഗ് ഡാർബി മത്സരത്തിലായിരുന്നു യുണൈറ്റഡ് താരം വെയ്ൻ റൂണിയുടെ സൂപ്പർ ഗോൾ. മത്സരം യുണൈറ്റഡ് 2–1നു ജയിച്ചു. 2018 ചാംപ്യൻസ് ലീഗിൽ യുവന്റസിനെതിരെയായിരുന്നു റയൽ മഡ്രിഡിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ. മത്സരം റയൽ 3–0നു ജയിച്ചു.