ബ്ലാസ്റ്റേഴ്സിന്റെ ആരാധകരോട് എനിക്കു പറയാനുള്ളത്...
Mail This Article
കണ്ണിമ തെറ്റാതെ കാണികൾ, കണ്ണടച്ചാൽ ഗോൾ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ വീഴുന്ന കളി. ചെന്നൈയിൻ വന്നു കൊച്ചിയിലൊന്നു കസറി. ബ്ലാസ്റ്റേഴ്സ് പക്ഷേ, വിട്ടുകൊടുത്തില്ല. തിരിച്ചടിച്ചു, കളി തിരിച്ചുപിടിച്ചു. ആദ്യം ഒരു ഗോളിന്റെയും പിന്നെ രണ്ടു ഗോളിന്റെയും കടം തീർത്തു ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നു. ഈ മത്സരത്തിലെ സമനില ജയത്തിനു തുല്യം നിൽക്കും. തെല്ലൊരു ഭാഗ്യം കൂട്ടിനുണ്ടായിരുന്നേൽ കളിയും ജയിച്ചു നെഞ്ചും വിരിച്ചു വുക്കോമനോവിച്ചിനും സംഘത്തിനും മടങ്ങാനാകുമായിരുന്നു.
അഡ്രിയൻ ലൂണയുടെയും ദെയ്സൂകി സകായിയുടെയും ശ്രമങ്ങൾ ദൗർഭാഗ്യം കൊണ്ടാണു ചെന്നൈയിൻ വല കുലുക്കാതെ പോയത്. സമനിലയിലേക്കുള്ള ഇരച്ചുകയറ്റത്തിനു ബ്ലാസ്റ്റേഴ്സ് കയ്യടി അർഹിക്കുന്നു. തോറ്റെന്നു തോന്നിപ്പിച്ചൊരു മത്സരമാണു ‘സമനില’ കൈവിടാതെയുള്ള കളിയിലൂടെ ടീം തിരിച്ചുപിടിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ 2 ഗോളുകൾക്കും കൊടുക്കണം ഒരു കയ്യടി. സമ്മർദം തീ പോലെ തിളച്ചു തുടങ്ങിയ നിമിഷങ്ങളിലാണു ക്വാമി പെപ്രയും ഡയമന്റകോസും കിടുക്കാച്ചി എന്നു പറയാവുന്ന ഗോളുകളുമായി കൊച്ചിയിൽ ഗർജിച്ചത്. പെപ്രയുടെ ആ ഗോൾ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഒന്നാണ്. ഞാനും ആ ഗോളിനു വേണ്ടിയായിരുന്നു കാത്തിരുന്നത്. ഇന്ത്യൻ മണ്ണിലെ ആദ്യ ഗോൾ ഘാന താരത്തിനു ഫോം വീണ്ടെടുക്കലാകും. ഈ ഗോളിന്റെ കരുത്തിൽ സമ്മർദത്തിന്റെ കെട്ടുപാടുകളില്ലാതെ ഇനി കക്ഷിക്കു കളത്തിലിറങ്ങാം. ബ്ലാസ്റ്റേഴ്സിന് ആ ഗോളിന്റെ ഗുണം ഇനിയുള്ള മത്സരങ്ങളിലും ഉപകരിക്കും.
ബ്ലാസ്റ്റേഴ്സിന്റെ ആരാധകരോടും എനിക്കു ചിലതു പറയാനുണ്ട്. ഹോം ഗ്രൗണ്ടിൽ സ്വന്തം ടീമിനു തീപാറുന്ന പിന്തുണയാണു നിങ്ങൾ നൽകേണ്ടത്. ലീഡുള്ളപ്പോൾ മാത്രമല്ല, പിന്നിൽ നിൽക്കുമ്പോഴും നിങ്ങളുടെ ഇരമ്പം ടീമിന് ഊർജമാകണം. രണ്ടു ഗോളിനു പിന്നിൽ നിന്നപ്പോൾ ഗാലറി ഏറക്കുറെ നിശ്ശബ്ദമായിരുന്നു. അതുപാടില്ല, ആൻഫീൽഡിൽ ലിവർപൂളിന്റെ ആരാധകക്കൂട്ടം നൽകുന്ന പോലെ 90 മിനിറ്റും ഇളക്കിമറിക്കണം. എതിരാളികൾ ഒന്നുലയണം.