കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം റെഡ് ഹോട്ട് പെപ്ര
Mail This Article
കൊച്ചി ∙ ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിനു മുൻപേ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ചിനു നേർക്കൊരു ചോദ്യമെത്തി. ഏഴു മത്സരം കളിച്ചിട്ടും ഘാന സ്ട്രൈക്കർ ക്വാമെ പെപ്ര ഗോളടിക്കുന്നില്ലല്ലോ! ആ ചോദ്യത്തിന് ഉത്തരം നൽകാൻ മോട്ടിവേഷനൽ സ്പീക്കർ കൂടിയായ വുക്കോമനോവിച്ച് തെല്ലൊന്നു ബുദ്ധിമുട്ടി. പരിശീലകനെ വിഷമിപ്പിച്ച ആ ചോദ്യത്തിനു ശിഷ്യൻ തന്നെ മറുപടി നൽകി. ആഫ്രിക്കൻ കരുത്തിന്റെ ‘മസിൽ’ തെളിയുന്നൊരു ഷോട്ടിലൂടെ ഐഎസ്എലിൽ ഗോൾവേട്ട തുടങ്ങിയ യുവതാരം ക്വാമെ പെപ്ര ‘മനോരമ’യോടു നയം വ്യക്തമാക്കുന്നു.
∙കാത്തുകാത്തിരുന്ന ആ ഗോളടിച്ചതിനെക്കുറിച്ച് കോച്ച് എന്തു പറഞ്ഞു?
കോച്ചിനു സന്തോഷമേറെയുണ്ട്. കഠിന പ്രയത്നം തുടരൂ എന്നാണ് എപ്പോഴും കോച്ച് എന്നോടു പറയാറുള്ളത്. എന്റെ ദിവസം വരുമെന്ന് അദ്ദേഹം ഓർമിപ്പിച്ചിരുന്നു,
∙ഒരു ഗോൾ വന്നാൽ മതി, പെപ്രയുടെ കളി മാറുമെന്നാണ് ഇന്ത്യയുടെ ഇതിഹാസതാരം ഐ.എം.വിജയൻ ഉൾപ്പെടെയുള്ളവർ പറഞ്ഞത്. ഗോളടിച്ച ശേഷമുള്ള ‘ഫീൽ’ എങ്ങനെ? ഇനി കളി മാറുമോ?
വല്ലാതെ എക്സൈറ്റഡ് ആയിപ്പോയി ആ ഗോളിൽ. ഇത് എനിക്കു നൽകുന്ന ആത്മവിശ്വാസം കുറച്ചൊന്നുമല്ല. കളത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള ധൈര്യം കൂടിയാണ് ഗോൾ നൽകുന്നത്.
∙ഇപ്പോൾതന്നെ ഫൈനൽ തേഡിൽ ആരെയും കൂസാത്ത പ്രസിങ് നടത്തുന്നുണ്ടല്ലോ?
സ്ട്രൈക്കർ എന്ന നിലയിൽ പ്രസിങ് അനിവാര്യമാണ്. ഡിഫൻഡർമാർ ഒട്ടും ഇഷ്ടപ്പെടുന്ന ഒന്നല്ല ഇതെന്നും എനിക്കറിയാം. എത്രമാത്രം പ്രസ് ചെയ്തു കളിക്കാമെന്നാണു ഞാൻ നോക്കുക. അതുവഴി എന്റെ ടീമിന്റെ ചാൻസാണു കൂടുന്നത്.
∙അഗ്രസീവ് ഫുട്ബോളെന്ന വുക്കോമനോവിച്ചിന്റെ ഫിലോസഫിക്കു യോജിച്ചതാണല്ലോ ഈ ശൈലി?
വുക്കോമനോവിച്ചിനു കീഴിൽ കളിക്കുന്നത് ആഹ്ലാദകരമാണ്. ഓരോ താരത്തിന്റെയും കഴിവ് എന്താണെന്നു കോച്ചിന് അറിയാം. നമ്മുടെ കഴിവും കരുത്തും എന്താണോ അതിന്റെ പരമാവധി പുറത്തെടുക്കാനുള്ള ആത്മവിശ്വാസം ഇവാൻ നൽകും.
∙പെപ്രയുടെ ഇഷ്ട സ്ട്രൈക്കർ ആരാണ്?
ഫ്രാൻസിന്റെ തിയറി ഒൻറിയുടെയും ഘാനയുടെ അസമോവ ഗ്യാനിന്റെയും കളികൾ കണ്ടാണു ഞാൻ വളർന്നത്. അവർ തന്നെയാണ് എന്റെ റോൾ മോഡലുകളും.