10 പേരുമായി ഫ്രാൻസിനെതിരെ പൊരുതി നിന്നു; ഒടുവിൽ ജർമനിക്ക് ഷൂട്ടൗട്ടിൽ വിജയം, ലോക കിരീടം
Mail This Article
ഇന്തൊനീഷ്യ ∙ പൊരുതിക്കളിച്ച ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ജർമനിക്ക് അണ്ടർ 17 ലോകകപ്പ് കിരീടം. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ജർമനിയുടെ വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. വിന്നേഴ്സ് മാർക് ഒസാവി ചുവപ്പുകാർഡ് കണ്ട് 69–ാം മിനിറ്റിൽ പുറത്തുപോയതിനാൽ 10 പേരുമായാണ് ജർമനി നിശ്ചിത സമയത്തിന്റെ ബാക്കിയും അധികസമയത്തും പൊരുതിനിന്നത്.
ഒരു ഘട്ടത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്ന ഫ്രാൻസ്, രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവിലൂടെ തിരിച്ചടിച്ച് സമനില പിടിച്ചെങ്കിലും, ഷൂട്ടൗട്ടിൽ കാലിടറി. ജർമനിക്കായി പാരിസ് ബ്രണ്ണർ (29, പെനൽറ്റി), നോഹ ഡാർവിച്ച് (51) എന്നിവർ ലക്ഷ്യം കണ്ടു. ഫ്രാൻസിന്റെ ഗോളുകൾ സൈമൺ നദേലിയ (53), മാത്തിസ് അമുഗു (85) എന്നിവർ നേടി.
സെമി ഫൈനൽ മത്സരങ്ങളിൽ ജർമനി ഷൂട്ടൗട്ടിൽ അർജന്റീനയെയും (4–2) ഫ്രാൻസ് മാലിയെയും (2–1) തോൽപിച്ചിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 3 ഗോൾ വീതം നേടിയതോടെയാണ് അർജന്റീന– ജർമനി മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. 1985നു ശേഷം ഇതാദ്യമായാണ് ജർമനി അണ്ടർ 17 ലോകകപ്പിന്റെ ഫൈനലിൽ കടന്നത്. രണ്ടാം സെമിയിൽ ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ മാലി ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾ മടക്കിയ ഫ്രാൻസ് ജയം ഉറപ്പിച്ചു.