ADVERTISEMENT

പനജി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനു രണ്ടാം തോൽവി. കരുത്തരുടെ പോരാട്ടത്തിൽ എഫ്സി ഗോവ ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. ആറാം വിജയത്തോടെ 19 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് എഫ്സി ഗോവ. 17 പോയിന്റുകളുമായി കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തുണ്ട്. 46–ാം മിനിറ്റിൽ റോളിൻ ബോർജസാണ് ഗോവയുടെ വിജയ ഗോൾ നേടിയത്. ഡിസംബർ 14ന് പഞ്ചാബ് എഫ്സിക്കെതിരെ കൊച്ചിയിൽവച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.

അവസാന മിനിറ്റിൽ ഗോവയുടെ ഗോൾ

മത്സരത്തിൽ പതുക്കെയാണ് ഇരു ടീമുകളും താളം കണ്ടെത്തിയത്. ആറാം മിനിറ്റിൽ ഗോവ ബോക്സിനു വെളിയിൽ‍ നിന്ന് ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം വിബിൻ മോഹൻ എടുത്തൊരു വോളി അതിമനോഹരമായാണ് ഗോവ പോസ്റ്റിലേക്ക് കുതിച്ചത്. പക്ഷേ ഗോൾഡൻ ഗ്ലൗവ് പോരിൽ മുന്നിലുള്ള ഗോവ കീപ്പര്‍ അർഷ്ദീപ് സിങ് വലിയ സമ്മർദങ്ങളില്ലാതെ ഈ പന്തു പിടിച്ചെടുത്തു. തൊട്ടുപിന്നാലെ ലഭിച്ച സുവർണാവസരം ബ്ലാസ്റ്റേഴ്സ് താരം ക്വാമെ പെപ്ര പാഴാക്കി. ഗോവ ഡിഫൻ‍ഡർ സന്ദേശ് ജിങ്കാനെ മറികടന്ന് പന്തുമായി മുന്നേറിയ പെപ്രയ്ക്കു ലക്ഷ്യം കാണാനായില്ല. ഗോൾ കീപ്പർ മാത്രം മുന്നിൽനിൽക്കെ പെപ്രയുടെ ഷോട്ട് പുറത്തേക്കാണു പോയത്.

തുടർന്നങ്ങോട്ട് ഗോവൻ താരങ്ങളുടെ നിരന്തര ആക്രമണങ്ങളായിരുന്നു. ബ്ലാസ്റ്റേഴ്സ് പ്രതിരോധവും ഗോളി സച്ചിൻ സുരേഷും ഉറച്ചുനിന്നതോടെ ഗോൾ വഴങ്ങാതെ മഞ്ഞപ്പട പിടിച്ചുനിന്നു. ബ്ലാസ്റ്റേഴ്സ് ബോക്സിനു വെളിയിൽ വച്ച് ഗോവ താരം ബോറിസ് സിങ്ങിനെ 38–ാം മിനിറ്റിൽ മിലോസ് ഡ്രിങ്കിച്ച് ജഴ്സിയിൽ വലിച്ചുവീഴ്ത്തി. അപകടകരമായ പൊസിഷനിൽ ഗോവയ്ക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അലക്ഷ്യമായ പാസുകളും ഷോട്ടുകളുമായിരുന്നു ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സിന്റേത്. 

എന്നാല്‍ അവസാന മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനു പിഴച്ചു. ഗോവ താരം നോവയെ വീഴ്ത്തിയതിനു ബ്ലാസ്റ്റേഴ്സിനെതിരെ ഫ്രീകിക്ക്. വിക്ടർ റോഡ്രിഗസിന്റെ ഫ്രീകിക്കിൽ പന്തു കാലുകൊണ്ട് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്കു കോരിയിട്ടു റോളിൻ ബോർജസ്. ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷ് ഉയർന്നുചാടിയെങ്കിലും പന്തു പ്രതിരോധക്കാനായില്ല. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിനു പിന്നിലായി.

ഗോളില്ലാ രണ്ടാം പകുതി

രണ്ടാം പകുതിയിലും കളിയുടെ നിയന്ത്രണം ഗോവയ്ക്കായിരുന്നു. ബ്ലാസ്റ്റേഴ്സിനെ ഗോളടിപ്പിക്കാതെ നോക്കുകയായിരുന്നു അവരുടെ ലക്ഷ്യം. 59–ാം മിനിറ്റിൽ ഗോവ പ്രതിരോധ താരങ്ങളെ വകഞ്ഞുമാറ്റി ബ്ലാസ്റ്റേഴ്സിന്റെ യുവതാരം മുഹമ്മദ് ഐമന്റെ ഷോട്ട്. പോസ്റ്റിലേക്കു കുതിച്ച പന്ത് തകർപ്പനൊരു നീക്കത്തിലൂടെ ഗോവ ഗോളി തട്ടിമാറ്റി. തൊട്ടുപിന്നാലെ ദിമിത്രിയോസ് ഡയമെന്റകോസിന്റെ ഗോൾ ശ്രമവും പാഴായി. ബോക്സിനകത്തുനിന്നും ക്വാമെ പെപ്രയെ ലക്ഷ്യമിട്ട് ഡയമെന്റകോസ് നൽകിയ ക്രോസ്, സന്ദേശ് ജിങ്കാൻ പ്രതിരോധിച്ചു.

67–ാം മിനിറ്റിൽ പന്തുമായി കുതിച്ച ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണയെ വിക്ടർ റോഡ്രിഗസ് ഫൗൾ ചെയ്തതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായ ഫ്രീകിക്ക്. ഡയമെന്റകോസ് എടുത്ത പവർഫുൾ ഷോട്ട് നേരെ പതിച്ചത് ഗോവ ഗോളിയുടെ കൈകളിലേക്ക്. സമനില ഗോൾ നേടുക ലക്ഷ്യമിട്ട് രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് രാഹുല്‍ കെ.പി, ഇഷാന്‍ പണ്ഡിത എന്നിവരെ കളത്തിലിറക്കി. പക്ഷേ കാര്യമുണ്ടായിരുന്നില്ല. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ പുറത്തെടുത്ത ആക്രമണ വീര്യം പോലും അവസാന മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളിൽനിന്നുണ്ടായില്ല. ഫലം ഏകപക്ഷീയമായ ഒരു ഗോൾ വഴങ്ങി തോൽവി. 

English Summary:

Kerala Blasters vs FC Goa in ISL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com