ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആസ്റ്റൻ വില്ല (1–0)

Mail This Article
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടം നിലനിർത്താൻ ഇത്തവണ മാഞ്ചസ്റ്റർ സിറ്റി നന്നായി വിയർക്കേണ്ടി വരും! പ്രധാന എതിരാളികളായ ആർസനൽ, ലിവർപൂൾ എന്നിവരുടെ കുതിപ്പിനിടെ സിറ്റിക്ക് നിരാശാജനകമായ തോൽവി. ആസ്റ്റൻ വില്ലയാണ് നിലവിലെ ചാംപ്യന്മാരെ 1–0നു വീഴ്ത്തിയത്. തോൽവിയോടെ സിറ്റി (30 പോയിന്റ്) നാലാം സ്ഥാനത്തേക്കു വീണു.
ഒന്നാമതുള്ള ആർസനലിനെക്കാൾ 6 പോയിന്റ് പിന്നിൽ. സിറ്റിയെ മറികടന്ന് ആസ്റ്റൻ വില്ല (32) മൂന്നാം സ്ഥാനത്തേക്കു കയറുകയും ചെയ്തു. ലിവർപൂളാണ് രണ്ടാമത്. വില്ല പാർക്കിൽ 74–ാം മിനിറ്റിൽ ലിയോൺ ബെയ്‌ലി നേടിയ ഗോളാണ് സിറ്റിയുടെ കഥ കഴിച്ചത്. ബെയ്‌ലിയുടെ ഷോട്ട് സിറ്റി ഡിഫൻഡർ റൂബൻ ഡയസിന്റെ കാലിൽത്തട്ടി വലയിലെത്തുകയായിരുന്നു. ഭാഗ്യഗോളിലാണ് ജയമെങ്കിലും കളിയിൽ ഉടനീളം ആധിപത്യം പുലർത്തിയത് വില്ല തന്നെ. 22 ഷോട്ടുകളാണ് അവർ മത്സരത്തിൽ പായിച്ചത്. സിറ്റി 2 എണ്ണം മാത്രം!
ഷെഫീൽഡ് യുണൈറ്റഡിനെ 2–0നു തോൽപിച്ചാണ് ലിവർപൂൾ രണ്ടാം സ്ഥാനം ഭദ്രമാക്കിയത്. വിർജിൽ വാൻദെയ്ക് (37–ാം മിനിറ്റ്), ഷൊബോസ്‌ലായ് (90+4) എന്നിവരാണ് ഗോൾ നേടിയത്. ചെൽസിയെ 2–1നു തോൽപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് 6–ാം സ്ഥാനത്തേക്കു കയറി. സ്കോട്ട് മക്ടോമിനായിയുടെ ഇരട്ടഗോളാണ് (19,69 മിനിറ്റുകൾ) യുണൈറ്റഡിന് വിജയമൊരുക്കിയത്. കോൾ പാമർ ചെൽസിക്കായി സ്കോർ ചെയ്തു. പോയിന്റ് പട്ടികയിൽ 10–ാം സ്ഥാനത്താണ് ചെൽസി.