ADVERTISEMENT

ക്ലബ് ഫുട്ബോളിൽ ഏറ്റവും ആഹ്ലാദകരമായ ക്രിസ്മസ് ആഘോഷം ഇത്തവണ ഒരു സ്പാനിഷ് ക്ലബ്ബിന്റെ മൈതാനത്തായിരിക്കും; ജിറോണ! സ്പാനിഷ് ലീഗ് സീസൺ ക്രിസ്മസ് അവധിയോട് അടുക്കുമ്പോൾ 15 മത്സരങ്ങളിൽ 38 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ജിറോണ. ഒന്നാം സ്ഥാനത്തുള്ള റയൽ മഡ്രിഡ് ഗോൾ വ്യത്യാസത്തിൽ മാത്രം മുന്നിൽ. അയൽക്കാരായ ബാർസിലോനയെയും എസ്പന്യോളിനെയുമെല്ലാം ആരാധിച്ചിരുന്ന ജിറോണക്കാ‍ർ ഇപ്പോൾ സ്വന്തം ടീമിന്റെ അദ്ഭുത മുന്നേറ്റം ആഘോഷിക്കുകയാണ്. നഗരവീഥികളിലെല്ലാം ക്ലബ്ബിന്റെ ചുവപ്പും വെളുപ്പും നീലയും നിറങ്ങളിലുള്ള തോരണങ്ങൾ, ജഴ്സികൾ...

സ്പെയിനിലെ ലെസ്റ്റർ 

‘പ്രശസ്ത ടിവി പരമ്പരയായ ‘ഗെയിം ഓഫ് ത്രോൺസ്’ ഷൂട്ട് ചെയ്ത നഗരം’– സ്പെയിനിൽ, ഫ്രഞ്ച് അതിർത്തിയോടു ചേർന്നു കിടക്കുന്ന ജിറോണ നഗരത്തിന്റെ മേ‍ൽവിലാസം കഴിഞ്ഞ വർഷം വരെ ഇങ്ങനെയായിരുന്നു. ബാസ്കറ്റ്ബോളിനെ കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന ജിറോണക്കാരുടെ അലസമായ നേരമ്പോക്കു മാത്രമായിരുന്നു ജിറോണ എഫ്സിയുടെ മത്സരങ്ങൾ. എന്നാൽ ഇപ്പോൾ അതങ്ങനെയല്ല.

ഹർഡിലുകൾ ചാടിക്കടക്കുന്ന പോലെയായിരുന്നു സ്പാനിഷ് ഫുട്ബോളിൽ ജിറോണയുടെ മുന്നേറ്റം. 1999ൽ 5–ാം ഡിവിഷനിലായിരുന്നു അവർ. അടുത്ത വർഷം നാലാം ഡിവിഷനിലെത്തി. 2004ൽ മൂന്നാം ഡിവിഷനിൽ, 2010ൽ രണ്ടാം ഡിവിഷനിൽ, 2019ൽ ഒന്നാം ഡിവിഷനായ ലാലിഗയിൽ. ഇടയ്ക്കൊന്ന് താഴേക്കു പോയെങ്കിലും ഇത്തവണ ജിറോണ രണ്ടും കൽപിച്ചു തന്നെ! 

2016ൽ അവിശ്വസനീയമായ കുതിപ്പോടെ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ കിരീടം ചൂടി ലെസ്റ്റർ സിറ്റി കാണിച്ച അദ്ഭുതം സ്പാനിഷ് ലീഗിൽ ജിറോണ ആവർത്തിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്. ക്രിസ്മസ് അവധിക്കു പിരിയുന്നതിനു മുൻപ് ജിറോണയ്ക്ക് 3 മത്സരങ്ങൾ ബാക്കിയുണ്ട്. അതിലൊന്ന് നാളെ അയൽക്കാരായ ബാർസയോടു തന്നെ. വലിയ തിരിച്ചടികളില്ലാതെ ക്രിസ്മസിനു പിരിയുക, ന്യൂഇയറിന് ശേഷം പിന്നീടുള്ള 20 മത്സരങ്ങളിൽ സർവം മറന്നു കുതിക്കുക എന്നതാണ് ജിറോണയ്ക്കു മുന്നിലുള്ള കിരീട മാർഗം. 

പെരെ ഗ്വാർഡിയോള (ഇടത്) സഹോദരൻ പെപ് ഗ്വാർഡിയോളയ്ക്കൊപ്പം
പെരെ ഗ്വാർഡിയോള (ഇടത്) സഹോദരൻ പെപ് ഗ്വാർഡിയോളയ്ക്കൊപ്പം

കിച്ചൻ കാബിനറ്റ് 

ജിറോണയുടെ ഈ മുന്നേറ്റത്തിനു പിന്നിലെ സൂത്രധാരർ ഫുട്ബോളുമായി ബന്ധപ്പെട്ടവർ മാത്രമല്ല. യൂറോപ്പിലെ ഏറ്റവും പ്രശസ്തരായ ഷെഫ് സഹോദരൻമാരായ റോക്ക ബ്രദേഴ്സ് (ജൊവാൻ, ജോസഫ്, ജോർഡി) മുതൽ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ സഹോദരൻ പെരെ ഗ്വാർഡിയോള വരെ അക്കൂട്ടത്തിലുണ്ട്. ക്ലബ്ബിന്റെ ഉപദേശക സമിതിയിലെ പ്രധാനികളാണ് റോക്ക ബ്രദേഴ്സ്. പെരെ ഗ്വാർഡിയോള ക്ലബ്ബിന്റെ ചെയർമാനും. ജിറോണയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള ബന്ധം ഗ്വാർഡിയോള സഹോദരങ്ങളിൽ ഒതുങ്ങുന്നതല്ല. 2017ൽ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷമാണ് ജിറോണയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടത്. 

മിഷെലിന്റെ വണ്ടർ സ്ക്വാഡ് 

സിറ്റി ഗ്രൂപ്പിന്റെ കുടക്കീഴിലായതോടെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും അതു മൈതാനത്തു കൂടി പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഒരു പരിശീലകനെയാണ് ജിറോണ തേടിയത്. റയോ വയ്യെക്കാനോയെയും വെസ്കയെയുമെല്ലാം ലാലിഗയിലെത്തിച്ച മിഷെലിനെ 2021ലാണ് ജിറോണയ്ക്കു കിട്ടിയത്. ക്ലബ് തന്നിൽ കാണിച്ച വിശ്വാസത്തിന് കളിക്കളത്തിലും പുറത്തും മിഷെൽ പ്രത്യുപകാരം ചെയ്തു.    ഭാര്യയെയും മക്കളെയും മഡ്രിഡിൽ വിട്ട് അദ്ദേഹം ജിറോണ നഗരത്തിൽ വന്നു താമസമാക്കി. അയൽക്കാരായ ഒരു ദമ്പതികളുടെ സഹായത്തോടെ ജിറോണയുടെ ‘മാതൃഭാഷ’യായ കറ്റാലൻ പഠിച്ചു. സ്പോർട്ടിങ് ഡയറക്ടർ കിക്കെ കാർസലിന്റെ സഹകരണവും കൂടിയായതോടെ 48കാരൻ മിഷെലിനു കീഴിൽ ജിറോണയുടെ ‘വണ്ടർ സ്ക്വാഡ്’ ഒരുങ്ങി.

   ബ്രസീലിയൻ താരം സാവിയോ, യുക്രെയ്ൻ താരങ്ങളായ വിക്ടർ സിഗാൻകോവ്, അർടെം ഡോബ്‌വിക്, എറിക് ഗാർഷ്യ, അലക്സ് ഗാർഷ്യ... ജിറോണയുടെ താരങ്ങൾ ഇപ്പോൾ നാട്ടിലെ താരങ്ങൾ മാത്രമല്ല, ലാ ലിഗയിലെ മികച്ച താരങ്ങൾ കൂടിയാണ്!

ബ്ലാസ്റ്റേഴ്സിനെതിരെ  കളിച്ച ജിറോണ 

കേരള ബ്ലാസ്റ്റേഴ്സിനെതിരെ കേരളത്തിന്റെ മണ്ണിൽ കളിച്ചിട്ടുണ്ട് ജിറോണ എഫ്സി.  2018ൽ കൊച്ചിയിൽ നടന്ന ടൊയോട്ട യാരിസ് ലാലിഗ വേൾഡ് പ്രീ സീസൺ ടൂർണമെന്റിലായിരുന്നു അത്. മെൽബൺ സിറ്റി എഫ്സിയെ 6–0നും ബ്ലാസ്റ്റേഴ്സിനെ 5–0നും തോൽപിച്ചു ജിറോണ പ്രഥമ പ്രീ സീസൺ കിരീടവും സ്വന്തമാക്കി. മൊറോക്കൻ ഗോൾകീപ്പറായ യാസീൻ ബോണോ അന്ന് ജിറോണ നിരയിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com