ന്യൂകാസിലിനെതിരെ എവർട്ടനു ജയം; ടോട്ടനത്തെ വീഴ്ത്തി വെസ്റ്റ് ഹാം
Mail This Article
ലണ്ടൻ ∙ അസോസിയേഷനോടു ‘തോറ്റ’ ദേഷ്യം എവർട്ടൻ ന്യൂകാസിലിനോടു തീർത്തു. സീസണിൽ മികച്ച ഫോമിലുള്ള ന്യൂകാസിലിനെ 3–0നു തോൽപിച്ച് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ എവർട്ടന്റെ സാഹസം. പോയിന്റ് പട്ടികയിൽ 7–ാം സ്ഥാനക്കാരാണ് ന്യൂകാസിൽ. എവർട്ടൻ 17–ാം സ്ഥാനത്തും. സാമ്പത്തികച്ചട്ടം ലംഘിച്ചതിനാൽ ഫുട്ബോൾ അസോസിയേഷനിൽ നിന്ന് 10 പോയിന്റ് പിഴശിക്ഷ ലഭിച്ചതാണ് സീസണിൽ എവർട്ടനെ പിന്നിലാക്കിയത്. എന്നാൽ ഇന്നലെ സ്വന്തം മൈതാനമായ ഗുഡിസൻ പാർക്കിൽ എവർട്ടൻ ആ സങ്കടം മറന്നു. കളിയുടെ അവസാനമായിരുന്നു എവർട്ടന്റെ 3 ഗോളുകളും. ഡ്വൈറ്റ് മക്നീൽ (79–ാം മിനിറ്റ്), അബ്ദുലായ് ദൗകൂറെ (86), ബെറ്റോ (90+6) എന്നിവരാണ് സ്കോറർമാർ.
മറ്റൊരു മുൻനിര ക്ലബ്ബായ ടോട്ടനം ഹോട്സ്പറും ഇന്നലെ തോൽവി വഴങ്ങി. വെസ്റ്റ് ഹാമാണ് പോയിന്റ് പട്ടികയിൽ 5–ാം സ്ഥാനത്തുള്ള ടോട്ടനത്തെ 2–1നു വീഴ്ത്തിയത്. 11–ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോയുടെ ഗോളിൽ ടോട്ടനം മുന്നിലെത്തിയെങ്കിലും ജാരോദ് ബോവൻ (52), ജയിംസ് വാർഡ് പ്രോസ് (74) എന്നിവരുടെ ഗോളിൽ വെസ്റ്റ് ഹാം തിരിച്ചടിച്ചു. പോയിന്റ് പട്ടികയിൽ വെസ്റ്റ് ഹാം 9–ാം സ്ഥാനത്താണ്.