ADVERTISEMENT

കോഴിക്കോട് ∙ ഇന്ത്യൻ വിമൻസ് ലീഗ് ഫുട്ബോൾ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഗോകുലത്തിന് സമനിലത്തുടക്കം. ആദ്യ മത്സരത്തിൽ സേതു എഫ്സിയുമായാണ് ഗോകുലം ഗോൾരഹിത സമനിലയിൽ പിരിഞ്ഞത്. ആദ്യ പകുതിയിൽ ഗോളിലേക്കുള്ള ഗോകുലത്തിന്റെ രണ്ട് മുന്നേറ്റങ്ങൾ ഓഫ്സൈഡിൽ കുരുങ്ങി. 

രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഗോളിലേക്ക് എത്താനായില്ല. തുടരെ നാലാം കിരീടമാണ് ഗോകുലം സീസണിൽ ലക്ഷ്യമിടുന്നത്. ഗോകുലത്തിന്റെ മുന്നേറ്റങ്ങളെ തടഞ്ഞ സേതു എഫ്സിയുടെ ഗോൾകീപ്പർ അഞ്ജില തുംബാപോ സുബ്ബ കളിയിലെ താരമായി. 14ന് ഹോപ് എഫ്സിയുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

∙ ഐലീഗിൽ മുഹമ്മദൻസിനെതിരെ സമനില 

കൊൽക്കത്ത ∙ ജയമില്ല; പക്ഷേ നിലവിലെ ഒന്നാം സ്ഥാനക്കാരായ മുഹമ്മദൻസിനെ സമനിലയിൽ (1–1) തളയ്ക്കാനായതിന്റെ സന്തോഷത്തോടെ ഗോകുലത്തിന് നൈഹതി സ്റ്റേഡിയത്തിൽ നിന്നു മടങ്ങാം. സീസണിൽ മുഹമ്മദൻസിന്റെ 5 മത്സരം നീണ്ട വിജയത്തുടർച്ചയാണ് ഗോകുലം അവസാനിപ്പിച്ചത്. ഇടവേളയ്ക്കു തൊട്ടുമുൻ‌പ് വഴങ്ങിയ സെൽഫ് ഗോളിലാണ് ഗോകുലം പിന്നിലായത്. മുഹമ്മദൻസ് താരം അലക്സിസ് ഗോമസ് എടുത്ത കോർണർ ഗോകുലം ഗോൾകീപ്പർ ദേവാംശിനു കയ്യിലൊതുക്കാനായില്ല. ഗോകുലം ഡിഫൻഡർ അബ്ദുൽ ഹക്കുവിന്റെ കാലിൽ തട്ടിയ പന്ത് ഗോൾവലയിൽ കയറുകയായിരുന്നു.

രണ്ടാം പകുതിയിൽ പതിയെ മത്സരത്തിലേക്കു തിരിച്ചെത്തിയ ഗോകുലം 64–ാം മിനിറ്റിൽ അർഹിച്ച സമനിലഗോൾ നേടി. പകരക്കാരായി ഇറങ്ങിയ നിലി പെർദോമോയും വി.എസ്.ശ്രീക്കുട്ടനുമായിരുന്നു ഗോൾ ശിൽപികൾ. പെർദോമോ നൽകിയ പന്ത് ചിപ് ഷോട്ടിലൂടെ ശ്രീക്കുട്ടൻ മുഹമ്മദൻസ് ഗോൾകീപ്പർ പദം ഛേത്രിയെ മറികടന്ന് വലയിലെത്തിക്കുകയായിരുന്നു.

സമനിലയോടെ ഗോകുലം 6–ാം സ്ഥാനത്തേക്കു കയറി (13 പോയിന്റ്). 20 പോയിന്റുമായി മുഹമ്മദൻസ് തന്നെയാണ് ഒന്നാമത്. 11ന് റിയൽ കശ്മീരുമായി ശ്രീനഗറിലാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

English Summary:

Gokulam Kerala FC secure draw in women's league and I-League football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com