ഇന്ത്യൻ ഗോൾകീപ്പർ സുബ്രത പോൾ വിരമിച്ചു
Mail This Article
കൊൽക്കത്ത ∙ ഇന്ത്യൻ ഗോൾകീപ്പർ സുബ്രത പോൾ പ്രഫഷനൽ ഫുട്ബോളിൽ നിന്നു വിരമിച്ചു. മുപ്പത്തിയാറുകാരനായ പോൾ രാജ്യത്തിനായി 65 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞു. 2018ൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു ബംഗാളിലെ സോദ്പുരിൽ ജനിച്ച പോൾ. 2007ൽ ലബനനെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയായിരുന്നു അരങ്ങേറ്റം.
ഗോൾവലയ്ക്കു കീഴിലെ ഉജ്വലമായ സേവുകൾ കാരണം ‘സ്പൈഡർമാൻ’ എന്നാണ് പോൾ അറിയപ്പെട്ടിരുന്നത്. 2011 ഏഷ്യൻ കപ്പിൽ ദക്ഷിണ കൊറിയയ്ക്കെതിരെയായിരുന്നു പോളിന്റെ മിന്നുന്ന പ്രകടനങ്ങളിലൊന്ന്. 4–1ന് ഇന്ത്യ പരാജയപ്പെട്ടെങ്കിലും 16 സേവുകളുമായി കളംനിറഞ്ഞു.
ക്ലബ് ഫുട്ബോളിൽ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുംബൈ സിറ്റി, സാൽഗോക്കർ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പുർ, ഹൈദരാബാദ് എന്നിവയ്ക്കു വേണ്ടിയെല്ലാം കളിച്ചു. 2004 ഫെഡറേഷൻ കപ്പ് ഫൈനലിൽ പോളുമായി കൂട്ടിയിടിച്ചാണ് ഡെംപോ എഫ്സിയുടെ ബ്രസീലിയൻ താരമായ ക്രിസ്റ്റ്യാനോ ജൂനിയർ മരണപ്പെട്ടത്.