ഓർമകളുടെ വിസിൽ മുഴക്കം; 1973 സന്തോഷ് ട്രോഫി കിരീട ജേതാക്കളുടെ സംഗമം ഒരുക്കി മലയാള മനോരമ
Mail This Article
കൊച്ചി ∙ അൻപതാണ്ടു തികയുമ്പോഴും ലോങ് വിസിൽ മുഴങ്ങാത്ത ആഹ്ലാദ സ്മരണകളുടെ കളി മൈതാനമായിരുന്നു ഇന്നലെ മലയാള മനോരമ ഓഫിസ് ഹാൾ. അവിടെ, 1973 ഡിസംബർ തണുപ്പിലെ സന്തോഷ് ട്രോഫിക്കാലവും ആരവങ്ങളിൽ വിറച്ച ചൂളമര ഗാലറികളിൽ തിങ്ങിക്കൂടിയ ആയിരങ്ങളും വീണ്ടും ജന്മമെടുത്തു. ഫൈനലിൽ റെയിൽവേസിനെ കീഴടക്കി കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം സമ്മാനിച്ച കോച്ച് സൈമൺ സുന്ദർരാജും 12 കളിക്കാരും ആ ഓർമകളുടെ നടുവിൽ ഒരിക്കൽക്കൂടി നിറഞ്ഞ അഭിമാനത്തോടെ നിന്നു! ആദ്യ കിരീട നേട്ടത്തിന്റെ 50 –ാം വാർഷിക വേളയിൽ മലയാള മനോരമ ഒരുക്കിയ സംഗമത്തിൽ താരങ്ങൾക്കൊപ്പം കുടുംബാംഗങ്ങളും പങ്കാളികളായി. മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യുവും കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാനും ഉപഹാരങ്ങൾ സമ്മാനിച്ചു.
കോച്ചോ, അല്ല ടീച്ചർ മാത്രം!
താൻ കോച്ചല്ല, അധ്യാപകൻ മാത്രമാണെന്നു വിനയത്തോടെ പറയുന്നു, ഒളിംപ്യൻ സൈമൺ സുന്ദർരാജ്. ‘‘കോച്ച് എന്നതു പുതിയ പേര്! ഞാൻ അധ്യാപകൻ മാത്രമാണ്. കോച്ച് എന്നതൊരു മിലിറ്ററി പ്രയോഗമാണ്. ഞാൻ പഠിച്ചതു കളിക്കാർക്കു പകർന്നു കൊടുത്ത അധ്യാപകൻ മാത്രമാണ്. സീനിയർ കളിക്കാരുടെ അനുഭവസമ്പത്തും ജൂനിയർ കളിക്കാരുടെ ഊർജവും കോർത്തിണക്കിയതാണ് 73 ലെ സന്തോഷ് ട്രോഫി വിജയത്തിന്റെ രഹസ്യം’’ – ജൂനിയർ, അമച്വർ കളിക്കാർക്കു മാത്രമായി സന്തോഷ് ട്രോഫി ചുരുക്കിയതു മൂലം ഇപ്പോൾ കാണികളില്ലാത്ത സ്ഥിതിയാണ്. ജൂനിയർ കളിക്കാരെ ഗൈഡ് ചെയ്യാൻ സീനിയേഴ്സ് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. 73 ലെ സന്തോഷ് ട്രോഫി സമയത്ത് അസോസിയേഷനു നേരിടേണ്ടിവന്ന കേസുകളുടെ കഥയാണു കെഎഫ്എ മുൻ അധ്യക്ഷൻ കെ.എം.ഐ. മേത്തർ പങ്കുവച്ചത്.
രണ്ടു മിനിറ്റ് ബാക്കി, മോനേ പിടിച്ചു നിക്കണേ...
വീണു കിട്ടിയ ‘കാവൽ’ അവസരത്തെക്കുറിച്ചാണു ഫൈനലിൽ കേരളത്തിന്റെ വല കാത്ത ജി.രവീന്ദ്രൻ നായർ പറഞ്ഞത്. ‘‘ പ്രധാന ഗോളിമാരായിരുന്ന വിക്ടർ മഞ്ഞിലയ്ക്കും കെ.പി.സേതുമാധവനും പരുക്കേറ്റപ്പോഴാണ് എനിക്ക് അവസരം കിട്ടിയത്. റെയിൽവേയുടെ രണ്ടാം ഗോൾ ‘ഫ്ലൂക്ക്’ ആയിരുന്നു. എനിക്കു പിടിക്കാമായിരുന്നു, വഴുതിപ്പോയി. ഇപ്പോഴും അതിന്റെ സങ്കടം ബാക്കിയാണ്. നമ്മൾ 3 –2 നു മുന്നിൽ. ഇനി ഗോൾ വീഴാതെ കാക്കണം. നെഞ്ചിടിപ്പ്. അതിനിടെ, വലയ്ക്കു പിന്നിൽ കാണികളുടെ ആരവം. ‘‘ മോനേ, പിടിച്ചു നിക്കണേ, രണ്ടു മിനിറ്റേയുള്ളു കളി തീരാൻ.
പന്ത് എന്റെ കയ്യിലെത്തുന്നു, തട്ടിയുരുട്ടി നീട്ടിയടിക്കാൻ ഒരുങ്ങുമ്പോൾ ഫൈനൽ വിസിൽ! ആ പന്ത് ഇപ്പോഴും ഞാൻ സൂക്ഷിച്ചു വയ്ക്കുന്നു; നിധി പോലെ’’ – ടൂർണമെന്റിൽ 11 ഗോളിമാർക്കാണു പരുക്കേറ്റതെന്നും താരങ്ങൾ ഓർത്തെടുത്തു.
പെൻഷൻ വെറും 1600 രൂപ!
കേരളം മറന്നുപോയ താരങ്ങളെക്കുറിച്ചാണു സി.സി.ജേക്കബും കെ.പി.സേതുമാധവനും പി.പി.പ്രസന്നനുമൊക്കെ പറഞ്ഞത്. ‘‘ ഗോവ സന്തോഷ് ട്രോഫി ജയിച്ചപ്പോൾ അന്നത്തെക്കാലത്ത് ഒരു ലക്ഷം രൂപയാണു കളിക്കാർക്കു നൽകിയത്.
അന്നാട്ടുകാർക്ക് 5 സെന്റ് സ്ഥലവും. കേരളത്തിൽ ലഭിച്ചത് 1000 രൂപ. പല കളിക്കാർക്കും തുച്ഛമായ പിഎഫ് പെൻഷൻ മാത്രമാണു വരുമാനം’’ – സങ്കടവും രോഷവും പുകഞ്ഞ നിമിഷങ്ങൾ. വിക്ടർ മഞ്ഞില, എൻ.വി.ബാബു നായർ, എൻ.കെ.ഇട്ടി മാത്യു, എം.മിത്രൻ, പി.പൗലോസ്, ബ്ലാസി ജോർജ്, എ.നജിമുദ്ദീൻ, കെ.പി.വില്യംസ് തുടങ്ങിയവരും അനുഭവങ്ങൾ പങ്കുവച്ചു.
ചികിത്സയിൽ കഴിയുന്നതിനാൽ ടി.എ.ജാഫർ, സേവ്യർ പയസ് എന്നിവർക്കും വ്യക്തിപരമായ അസൗകര്യങ്ങളുള്ളതിനാൽ പാണക്കാട് അബ്ദുൽ ഹമീദ്, ഡോ.മുഹമ്മദ് ബഷീർ എന്നിവർക്കും ചടങ്ങിന് എത്താനായില്ല.