റഫറിയെ മുഖത്തടിച്ചു വീഴ്ത്തി, നിലത്തിട്ടുചവിട്ടി; ആക്രമണം മോശം റഫറിയിങ് ആരോപിച്ച്
Mail This Article
അങ്കാറ (തുർക്കി) ∙ റഫറിയിങ്ങിൽ പിഴവുകൾ ആരോപിച്ച് ഫുട്ബോൾ ക്ലബ് ഉടമ റഫറിയെ മുഖത്തടിച്ചു വീഴ്ത്തി; സംഭവം വിവാദമായതോടെ തുർക്കിയിലെ എല്ലാ ഫുട്ബോൾ ലീഗ് മത്സരങ്ങളും അനിശ്ചിതകാലത്തേക്കു നിർത്തിവച്ചു.
എംകെഇ അങ്കാറഗുചു ക്ലബ് പ്രസിഡന്റ് ഫാറൂഖ് കോക്കയാണ് റഫറി ഹലീൽ ഉമുത് മെലറിനെ മൈതാനത്ത് ഇടിച്ചുവീഴ്ത്തിയത്. സൈകുർ റിസസ്പോർ ക്ലബ്ബിനെതിരായ അങ്കാറഗുചുവിന്റെ മത്സരം 1–1 സമനിലയായതോടെയാണ് ക്ലബ് പ്രസിഡന്റ് റഫറിയെ ആക്രമിച്ചത്. ഫൈനൽ വിസിലിനു തൊട്ടുപിന്നാലെ ക്ലബ് പ്രസിഡന്റ് മൈതാനത്തിറങ്ങി റഫറിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. മുഖം പൊത്തി ഗ്രൗണ്ടിൽ വീണു കിടന്ന റഫറിയെ മറ്റു ചിലർ തൊഴിക്കുകയും ചെയ്തു.
കളിയിൽ അവസാന മിനിറ്റിൽ നേടിയ ഗോളിലൂടെയാണ് റിസസ്‌പോർ സമനില പിടിച്ചത്. തുടർന്നു രോഷാകുലരായ കാണികളും മൈതാനം കയ്യേറിയിരുന്നു. സംഭവത്തെത്തുടർന്ന് തുർക്കിയിലെ ലീഗ് മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്കു നിർത്തിവച്ചതായി ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
താൻ റഫറിയെ തല്ലുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് അങ്കാറഗുചു ക്ലബ് പ്രസിഡന്റ് ഫാറൂഖ് കോക്ക പിന്നീടു പ്രസ്താവിച്ചു. മത്സരത്തിൽ ഉടനീളം റഫറിയുടെ പിഴവുകളുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് അങ്ങനെ ചെയ്തതെന്നും കോക്ക കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തെ തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ അപലപിച്ചു.