ADVERTISEMENT

കൊച്ചി ∙ ക്രിസ്മസിനും പുതുവർഷത്തിനുമായി കേരളം കാത്തുവച്ചിരിക്കുന്ന ആഘോഷങ്ങൾക്കു കേരള ബ്ലാസ്റ്റേഴ്സ് കലൂർ സ്റ്റേഡിയത്തിൽ തിരികൊളുത്തി. അപരാജിത കുതിപ്പിന്റെ ആവേശവുമായി വന്ന മുംബൈ സിറ്റിയുടെ വലയിൽ 2 ഡൈനമൈറ്റ് ഗോളുകൾ പൊട്ടിച്ച് ബ്ലാസ്റ്റേഴ്സിന്റെ പെരുങ്കളിയാട്ടം (2–0). മുംബൈയിലെ തോൽവിക്കു പകരം വീട്ടലും പോയിന്റ് നിലയിൽ രണ്ടാം സ്ഥാനവുമായി ആരാധകർക്കു മെറി ക്രിസ്മസ്. 11–ാം മിനിറ്റിൽ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസും ഇടവേളയ്ക്കു പിരിയുംമുൻപേ ഘാന സ്ട്രൈക്കർ ക്വാമി പെപ്രയുമാണ് ഗോൾ കുറിച്ചത്. ഗോ‍ൾ വ്യത്യാസത്തിൽ രണ്ടാമതാണെങ്കിലും 11 കളികളിൽ നിന്ന് 23 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായ ഗോവയ്ക്കൊപ്പം തന്നെയുണ്ട് ബ്ലാസ്റ്റേഴ്സ്. ഇന്നലെ വൈകിട്ടു നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു (1–1). 

∙ പാസിങ്, ഹൈപ്രസിങ് 

പഞ്ചാബിനെ വീഴ്ത്തിയ ടീമിൽ ഒരു മാറ്റവുമായാണു ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. മധ്യത്തിൽ മുഹമ്മദ് അസ്‌ഹറിനു പകരം ഡാനിഷ് ഫാറൂഖ് വന്നു. അഡ്രിയൻ ലൂണയില്ലാത്ത മധ്യത്തിൽ മുഹമ്മദ് അയ്മനും രാഹുലും വിബിൻ മോഹനനും അടങ്ങുന്ന മലയാളി ത്രയം. പ്ലേമേക്കർ ഗ്രെഗ് സ്റ്റുവർട്ടിന്റെ അസാന്നിധ്യം പ്രകടമായ മുംബൈ മധ്യത്തിൽ, അതിവേഗ പാസിങ് ഗെയിമുമായിട്ടായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തുടക്കം. ഹൈപ്രസിങ് പയറ്റി വിബിനും അയ്മനുമെല്ലാം പറന്നുകളിച്ചപ്പോൾ കളി ചവിട്ടിപ്പിടിക്കാനായി മുംബൈ ശ്രമം. പക്ഷേ, അതിനാകും മുൻപേ ബ്ലാസ്റ്റേഴ്സ് പണി കൊടുത്തു. 10–ാം മിനിറ്റിൽ‍ കിട്ടിയ ഫ്രീകിക്കിൽ തുടങ്ങിയ നീക്കം ഇടതു പാർശ്വത്തിൽ കാത്തുനിന്ന ക്വാമെ പെപ്രയിലേക്ക്. ഒരു ഫേക്ക് റണ്ണിൽ പ്രതിരോധതാരത്തെ കബളിപ്പിച്ചു പന്തെടുത്ത പെപ്ര അതു ബോക്സിനു മുന്നിൽ ഒത്ത മധ്യത്തിൽ നിന്ന സഹതാരം ഡയമന്റകോസിനു നൽകി. മുന്നോട്ടു കുതിച്ച ഡയമന്റകോസ് ഇടംകാലിൽ തലോടി ആ പന്തിനെ മുംൈബ വലയിലേക്ക് തിരിച്ചു (1–0).

∙ പെപ്പരപ്പേ..!

പ്രതിരോധം ഒരു കേക്ക് മുറിക്കുന്ന ലാഘവത്തോടെ പിളർന്നു കുറിച്ച ആ ഗോളിന്റെ ക്ഷീണത്തിനൊപ്പം മുംബൈയ്ക്കൊരു ആഘാതം കൂടിയെത്തി. പ്രതിരോധത്തിന്റെയും ടീമിന്റെയും നായകൻ റോസ്റ്റിൻ ഗ്രിഫിത്‌സ് പരുക്കു മൂലം പുറത്തേക്ക്. 

അതുവരെ കത്താതിരുന്ന ആക്രമണങ്ങൾക്കു തിരി കൊളുത്താനായി മുംബൈ ഇറക്കിയതു ഡച്ച് ഫോർവേഡ് അൽ ഖയാതിയെ. എന്നിട്ടും ഒറ്റപ്പെട്ട മുന്നേറ്റങ്ങൾക്കപ്പുറം പോകാനായില്ല.  ബോക്സിനു തൊട്ടുമുന്നിൽ കിട്ടിയ ഫ്രീകിക്കാകട്ടെ പ്രതിരോധത്തിൽ പെപ്ര നടത്തിയൊരു ‘അസിസ്റ്റിൽ’ പൊളിഞ്ഞു. പെപ്രയുടെ വിശ്വരൂപം പിന്നീടാണു കൊച്ചിയും മുംബൈയും കണ്ടത്. 

 ഇടവേളയ്ക്കു തൊട്ടു മുൻപ് പന്തുമായി മുംബൈ മുഖത്തേക്ക് ഓടിക്കയറിയ പെപ്ര ഡയമന്റകോസിനു പിന്നെയും അവസരമൊരുക്കി. 

പന്തുമായി തിരിഞ്ഞുകളിച്ച് ഡയമന്റകോസ് അതു ബോക്സിലേക്കു നീട്ടി. വീണ്ടും പെപ്ര. ഗോളിന്റെ ഇടതുഭാഗം ചേർത്ത് വലംകാൽ ഷോട്ട് (2–0).

English Summary:

Kerala Blasters vs Mumbai City Football match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com