ADVERTISEMENT

ബംഗാൾ കടുവകൾ വാഴുന്ന കാട്ടിൽ ഇന്നലെ രാത്രിയിൽ ഗർജിച്ചതൊരു ഗ്രീക്ക് കടുവ; ദിമിത്രി ഡയമന്റകോസ്! ദിമിയുടെ മാജിക് ഗോളിൽ (9 –ാം മിനിറ്റ്) മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിനു കിടിലൻ ജയം (1–0). കഴിഞ്ഞ 6 മത്സരങ്ങളിൽ അഞ്ചിലും ബഗാനോടു തോറ്റമ്പിയ ബ്ലാസ്റ്റേഴ്സിന്റെ ഉജ്വല പ്രതികാരം പിറന്നത് 7 –ാം അങ്കത്തിൽ; അതും ബഗാന്റെ സ്വന്തം മണ്ണിൽ! ജയത്തോടെ 26 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഗോവയെ മറികടന്ന് ഒന്നാമത്. അടുത്ത മത്സരം ഇടവേളയ്ക്കു ശേഷം ഫെബ്രുവരിയിൽ.

പ്രതികാരത്തിന്റെ വാരം

ഐഎസ്എൽ സീസണിലെ 11 –ാം മാച്ച് വീക്ക് ബ്ലാസ്റ്റേഴ്സിന്റെ പ്രതികാര വാരം കൂടിയാകുന്നു! ക്രിസ്മസ് തലേന്നു മുംബൈ സിറ്റി എഫ്സിയെ തകർത്തതു ദീർഘ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമായിരുന്നു. ഏറക്കുറെ സമാനമായിരുന്നു, ഇന്നലെത്തെ ജയവും. ബഗാൻ ഇനി ബ്ലാസ്റ്റേഴ്സ് കേറാമലയല്ല! ക്രിസ്മസിനു മുൻപു കോച്ച് ഇവാൻ വുക്കോമനോവിച്ച് കളിക്കാരോടു പറഞ്ഞു:

‘‘ പാർട്ടിയും വലിയ ആഘോഷവും തൽക്കാലം വേണ്ട! മുംബൈ, ബഗാൻ മത്സരങ്ങളാണു പ്രധാനം. ആഘോഷമെല്ലാം അതിനു ശേഷം!’’ അഡ്രിയൻ ലൂണയില്ലാതെ, കടുത്ത സമ്മർദ കാലത്തു ബ്ലാസ്റ്റേഴ്സ് താരങ്ങൾ കോച്ചിനു സമ്മാനിച്ചതു പൊന്നും വിലയുള്ള രണ്ടു ജയങ്ങൾ. ഇനി, ആഘോഷത്തിന്റെ ജനുവരി ഇടവേള!

ദിമി മാജിക്!

തുടക്കം ഹൈ പ്രസിങ്, ശേഷം ഇന്റർസെപ്ഷൻ, ഒടുവിൽ ക്ലിയറൻസ്! ഇതായിരുന്നു ഇന്നലെ ബ്ലാസ്റ്റേഴ്സിന്റെ ശൈലി. ആദ്യ പകുതിയിൽ ബഗാന്റെ ഫൈനൽ തേഡിൽ ബ്ലാസ്റ്റേഴ്സ് നടത്തിയതു 33 റെയ്ഡുകൾ! 4–ാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഗോൾ പിറക്കേണ്ടതായിരുന്നു. മധ്യത്തിൽ നിന്ന് ഉയർന്നെത്തിയ ക്രോസ് നെഞ്ചിലൊതുക്കാനായില്ല, ബഗാൻ ഡിഫൻഡർ ആകാശ് റായിക്ക്. കുതിച്ചെത്തിയ ഡയമന്റകോസിന്റെ ബുള്ളറ്റ് റേ‍ഞ്ചർ ക്രോസ് ബാറിൽ ഉരസി പുറത്തേക്ക്. 5 മിനിറ്റിനകം ദിമി മാജിക്. ബോക്സിനു പുറത്തു ക്വാമെ പെപ്രയുടെ ഗോൾ ഷോട്ട് ബഗാൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചെത്തിയതു ദിമിയിലേക്ക്. 5 പ്രതിരോധ താരങ്ങളിൽക്കിടയിൽനിന്നു പന്തു പിടിച്ചെടുത്ത ദിമി മൂന്നു പേരെ വെട്ടിയൊഴിഞ്ഞു തൊടുത്ത ഇടങ്കാൽ മിസൈൽ ഉയർന്നു ചെന്നു തറച്ചതു ഗോളിൽ.

വിറച്ചെങ്കിലും വീഴാതെ!

ഗോൾ വീണതോടെ ബഗാൻ ഉണർന്നു. പ്ലേ മേക്കർ യൂഗോ ബോമു – ദിമിത്രി പെട്രറ്റോസ് കൂട്ടുകെട്ടിന്റെ വേഗമേറിയ നീക്കങ്ങൾ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ തട്ടിച്ചിതറി. രണ്ടാം പകുതിയിൽ ബഗാൻ താരങ്ങളുടെ ഇരമ്പിക്കയറ്റം. പക്ഷേ, ബോമുവിന്റെയും കിയാൻ നസീരിയുടെയും ശ്രമങ്ങൾക്കു ക്യാപ്റ്റൻ ലെസ്കോവിച് – ഡ്രിൻസിച് സഖ്യം പൂട്ടിട്ടു. ഗോവയോടു തോറ്റപ്പോൾ സോൾട്ട് ലേക്ക് സ്റ്റേഡിയം ഗാലറികളിൽ മുഴങ്ങിയ അതേ രോഷം ഇന്നലയും ഉയർന്നു; ‘ഫെറാൻഡോ’ ഗോ ബാക്ക്. ആരാധക രോഷം ബഗാൻ കോച്ചിനോട്! അതേസമയം, ഗാലറിയിൽ മഞ്ഞയണിഞ്ഞെത്തിയ ചെറുസംഘം ആരാധകരെ അഭിവാദ്യം ചെയ്താണു വുക്കോമനോവിച്ചും താരങ്ങളും സ്റ്റേഡിയം വിട്ടത്.

English Summary:

kerala Blasters win against Mohun Bagan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com