ADVERTISEMENT

2000ൽ നൂറ്റാണ്ടിന്റെ ഫുട്ബോൾ താരമായി ഫിഫ തിരഞ്ഞെടുത്തപ്പോൾ പെലെ പറഞ്ഞു: ‘‘42 വർഷം മുൻപ് ഞാൻ വെറുമൊരു പതിനേഴുകാരനായിരുന്നപ്പോൾ ലോകം എന്നെ രാജാവായി തിരഞ്ഞെടുത്തു. (1958 ലോകകപ്പ് ബ്രസീൽ ജയിച്ചപ്പോൾ) അന്നുമുതൽ ഇന്നുവരെ എല്ലാവരും എന്നെ അതുതന്നെ വിളിക്കുന്നു.’’– ലോക ഫുട്ബോളിന്റെ ഒരേയൊരു രാജാവ് പെലെ ഓർമയായിട്ട് ഇന്ന് ഒരു വർഷം. വൻകുടലിലെ അർബുദത്തെത്തുടർന്ന് 82–ാം വയസ്സിലായിരുന്നു അന്ത്യം.

ഈ തലമുറയിലെ ഭൂരിപക്ഷവും പെലെയുടെ അധികം പ്രകടനങ്ങൾ കണ്ടിട്ടില്ല. കാരണം, കളിക്കളത്തിലെ പെലെയെ അടയാളപ്പെടുത്തുന്ന വിഡിയോ ശേഖരം വളരെക്കുറവ്. മറഡോണയും മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മാറും എംബപെയും വരെ ആരാധകരെ കീഴടക്കിയിട്ടും പെലെ എന്ന പേര് മായാതെ തുടരുന്നതിനു പിന്നിൽ പല കാരണങ്ങളുണ്ട്. തനിക്കു ശേഷം വന്നവരാരും തന്നോളമെത്തിയിട്ടില്ല എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച പെലെയുടെ റെക്കോർഡുകളിൽ പലതും ഇന്നും അജയ്യമാണ്. വൈകി കളി കണ്ടു തുടങ്ങിയവർക്കായി അവയിൽ ചിലത് ഇതാ..!

ഒരേയൊരു പെലെ

∙ 3 ഫുട്ബോൾ ലോകകപ്പ് കിരീടങ്ങളുടെ അവകാശിയാണു പെലെ. ലോകകപ്പ് ചരിത്രത്തിൽ 3 തവണ കിരീടം നേടുന്ന ഏക താരവും പെലെയാണ്. 1958 (സ്വീഡൻ), 1962 (ചിലെ), 1970 (മെക്സിക്കോ) എന്നീ ടൂർണമെന്റുകൾ ജയിച്ച ബ്രസീൽ ടീമിൽ അംഗമായിരുന്നു പെലെ.

∙ ബ്രസീലിനും ക്ലബ്ബുകൾക്കുമായി കളിച്ച 812 ഔദ്യോഗിക മത്സരങ്ങളിൽ നിന്നു പെലെ നേടിയ 757 ഗോളുകൾ അടുത്ത കാലം വരെ റെക്കോർഡായിരുന്നു. പതിറ്റാണ്ടുകൾക്കു ശേഷം പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തിടെയാണ് ഈ നേട്ടം മറികടന്നത്.

∙ ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ കണക്കു പ്രകാരം ഔദ്യോഗികവും അനൗദ്യോഗികവുമായ 1367 മത്സരങ്ങളിൽനിന്ന് പെലെ 1283 ഗോളുകൾ നേടിയിട്ടുണ്ട്. ഫിഫയുടെ കണക്കു പ്രകാരം 1366 കളികളിൽ നേടിയത് 1281 ഗോളുകൾ.

ജഴ്സി ആർക്കും തരില്ല!

പെലെയുടെ വിയോഗത്തിനു പിന്നാലെ അദ്ദേഹത്തിന്റെ ക്ലബ് സാന്റോസിനു നിറം മങ്ങി. 111 വർഷത്തെ ചരിത്രത്തിലാദ്യമായി ക്ലബ് ബ്രസീലിലെ രണ്ടാം ഡിവിഷൻ ലീഗിലേക്കു തരംതാഴ്ത്തപ്പെട്ടു. ക്ലബ് പ്രസിഡന്റ് മാർസെലോ ടിക്സീരിയ പിന്നാലെ ഒരു പ്രഖ്യാപനവും നടത്തി. ബ്രസീൽ ഒന്നാം ഡിവിഷൻ ലീഗിലേക്കു ക്ലബ്ബിനു സ്ഥാനക്കയറ്റം കിട്ടാതെ, പെലെ വിശ്വപ്രസിദ്ധമാക്കിയ സാന്റോസിന്റെ 10–ാം നമ്പർ ജഴ്സി ഒരു താരത്തിനും ഇനി നൽകില്ല.

English Summary:

One year since the death of football legend Pele

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com