ADVERTISEMENT

മാഞ്ചസ്റ്റർ ∙ ആർസനലിനെ കഷ്ടകാലം വിട്ടൊഴിയുന്ന മട്ടില്ല! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ നാളിത്രയും ഒന്നാം സ്ഥാനത്തു തുടർന്ന ക്ലബ് തുടർച്ചയായ രണ്ടു തോൽവികളോടെ 4–ാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഫുൾഹാമിനെതിരെ 2–1നാണ് ആർസനൽ എവേ ഗ്രൗണ്ടിൽ തോൽവി വഴങ്ങിയത്. 5–ാം മിനിറ്റിൽ ബുകായോ സാക്കയുടെ ഗോളിൽ ലീ‍ഡ് നേടിയ ആർസനലിന് ആ നേട്ടം മത്സരം തീരും വരെ പ്രതിരോധിക്കാനായില്ല. 29, 59 മിനിറ്റുകളിലായി ഫുൾഹാം ഗോൾ മടക്കി. ആർസനലിന് 20 കളിയിൽ 40 പോയിന്റ്. 

അതേസമയം, നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി സമീപകാലത്തെ മങ്ങിയ ഫോമിന്റെ മറനീക്കി ഉഗ്രനൊരു വിജയത്തോടെ 2023നോട് വിടചൊല്ലി. ഷെഫീൽഡ് യുണൈറ്റഡിനെ 2–0നാണ് സിറ്റി കീഴടക്കിയത്. അയൽക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് 1–2നു നോട്ടിങ്ങാം ഫോറസ്റ്റിനോടു തോറ്റു. പ്രിമിയർ ലീഗ് ഉൾപ്പെടെ എല്ലാ ചാംപ്യൻഷിപ്പുകളിൽനിന്നുമായി യുണൈറ്റഡിന്റെ 14–ാം തോൽവിയാണിത്.

റോഡ്രി, യൂലിയൻ അൽവാരസ് എന്നിവരാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളുകൾ നേടിയത്. സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ടില്ലാതെ ഇറങ്ങിയ സിറ്റിയുടെ സബ്സ്റ്റിറ്റ്യൂഷൻ ബഞ്ചിൽ കെവിൻ ഡിബ്രൂയ്നെ ഉണ്ടായിരുന്നെങ്കിലും കോച്ച് കളത്തിലിറക്കിയില്ല. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഡിബ്രൂയ്നെ ഇല്ലാതെയാണു സിറ്റി കളത്തിലിറങ്ങുന്നത്. പരുക്കു ഭേദമായ ബൽജിയം പ്ലേമേക്കർ പുതുവർഷത്തിൽ വീണ്ടും കളത്തിലിറങ്ങുമെന്നതു സിറ്റി ആരാധകർക്കു നൽകുന്ന സന്തോഷം ചെറുതല്ല. ജയത്തോടെ സിറ്റി പട്ടികയിൽ 3–ാം സ്ഥാനത്തെത്തി (40 പോയിന്റ്).

മറുപുറത്ത് 1994നു ശേഷം ആദ്യമായാണ് നോട്ടിങ്ങാം ഫോറസ്റ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിക്കുന്നത്.  

ബേൺലിയെ 3–2നു തോൽപിച്ച ആസ്റ്റൻ വില്ല രണ്ടാം സ്ഥാനക്കാരായി. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനും വില്ലയ്ക്കും     42 പോയിന്റ വീതമാണുള്ളത്. 

English Summary:

Arsenal are in trouble again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com