ജീവനക്കാർക്കു ഭക്ഷണം വാങ്ങിക്കൊടുത്ത് താരങ്ങൾ, പ്രതിസന്ധിയിൽ ഉലഞ്ഞ് ഹൈദരാബാദ് എഫ്സി
Mail This Article
ഹൈദരാബാദ്∙ സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലഞ്ഞ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് ഹൈദരാബാദ് എഫ്സി. ടീമിന്റെ ദിവസവുമുള്ള പ്രവർത്തനത്തെവരെ പ്രതിസന്ധി ബാധിച്ചു തുടങ്ങിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഓരോ താരങ്ങൾക്കും നിശ്ചിത തീയതിക്കുള്ളിൽ പ്രതിഫലം നൽകാമെന്നു വാഗ്ദാനം ചെയ്താണ് ടീം മുന്നോട്ടുപോകുന്നതെന്നാണു വിവരം. വിദേശ താരങ്ങളായ ജൊനാഥൻ മോയ, ഫിലിപെ അമോറിം, ഒസ്വാൾഡോ എന്നിവർ ക്ലബ് വിട്ടുപോയിരുന്നു. കരാറുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ താരങ്ങളും ക്ലബ്ബിനു കത്തു നൽകി.
താരങ്ങൾക്കു പുറമേ താഴെക്കിടയിലുള്ള ജീവനക്കാർക്കും ഹൈദരാബാദ് എഫ്സി മാസങ്ങളായി ശമ്പളം നൽകിയിട്ടില്ല. ഒരു ജീവനക്കാരന്റെ ഭാര്യയുടെ ശസ്ത്രക്രിയയ്ക്കായുള്ള ചെലവ് താരങ്ങളെല്ലാം പിരിവിട്ടാണു കണ്ടെത്തിയതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ചില ദിവസങ്ങളിൽ ജീവനക്കാർക്കുള്ള ഭക്ഷണവും താരങ്ങൾ ഏര്‍പ്പാടാക്കി നൽകി. ഐറിഷ് പരിശീലകനായ കോണർ നെസ്റ്റർ ടീം ക്യാംപ് വിട്ടതോടെ, താങ്ബോയ് സിങ്തോയാണ് നിലവിൽ ഹൈദരാബാദ് എഫ്സിയെ പരിശീലിപ്പിക്കുന്നത്. പ്രധാന പരിശീലകൻ ടീം വിട്ട കാര്യം താരങ്ങളെ അറിയിച്ചത് വാട്സാപ് മെസേജുകൾ വഴിയാണെന്നതാണു വിചിത്രമായ കാര്യം.
ദിവസവും 30 മിനിറ്റു മുതൽ 40 മിനിറ്റുവരെയാണ് ഹൈദരാബാദ് എഫ്സി താരങ്ങൾ പരമാവധി പരിശീലിക്കുന്നത്. മികച്ച പ്രകടനം നടത്തിയിട്ടും പ്രധാന താരങ്ങളിൽ പലരെയും ഒരു കാരണവുമില്ലാതെ പ്ലേയിങ് ഇലവനിൽനിന്നു മാറ്റിനിർത്തിയതായും പരാതി ഉയർന്നു. ശമ്പളം കൊടുക്കാത്തതിനാൽ ടീമിനെ പരിശീലനത്തിനു കൊണ്ടുപോയിരുന്ന ബസിന്റെ ഡ്രൈവർ ജോലിക്കെത്തില്ലെന്നു ക്ലബ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. മാസങ്ങളായി പണമൊന്നും ലഭിക്കാതിരുന്നതോടെ ക്ലബ്ബിലേക്കു ഭക്ഷണം വിതരണം ചെയ്തിരുന്ന ഏജൻസിയും പിൻവാങ്ങി.
എവേ മത്സരത്തിനായി ജംഷഡ്പൂരിലെത്തിയപ്പോൾ താമസിച്ച ഹോട്ടലിന്റെ ബിൽ ഹൈദരാബാദ് എഫ്സി അടച്ചില്ലെന്നു കഴിഞ്ഞ ദിവസം പരാതി ഉയർന്നിരുന്നു. തുടർന്ന് ഹോട്ടൽ അധികൃതർ ക്ലബ്ബിനെതിരെ പൊലീസിൽ പരാതി കൊടുത്തു. 11 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഐഎസ്എല്ലിലെ ഒരു കളി പോലും ജയിക്കാൻ മുൻ ചാംപ്യൻമാരായ ഹൈദരാബാദിനു കഴിഞ്ഞിട്ടില്ല. നാലു പോയിന്റുമായി 12–ാം സ്ഥാനത്താണ് അവർ.