ADVERTISEMENT

കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിന് ‘ഇന്റർവെൽ’ ആയെങ്കിലും ഇടവേള എടുക്കാതെയൊരു ‘വാർ റൂം’ തുറന്നിരിക്കുകയാണു കേരള ബ്ലാസ്റ്റേഴ്സ്. അടുത്തയാഴ്ച ഭുവനേശ്വറിൽ തുടങ്ങുന്ന സൂപ്പർ കപ്പ് ഫുട്ബോളിനു മുൻപ്, പരുക്കേറ്റു പുറത്തായ ക്യാപ്റ്റൻ അഡ്രിയൻ ലൂണയ്ക്കു പകരക്കാരനെ കണ്ടെത്താനുള്ള അതിവേഗ നീക്കങ്ങളിലാണു ക്ലബ് മാനേജ്മെന്റ്.

ഫെബ്രുവരിയിലാണ് ഇനി ഐഎസ്എൽ സീസൺ പുനരാരംഭിക്കുക. ഇടവേളയിൽ നടക്കുന്ന സൂപ്പർ കപ്പിലൂടെ പുതിയ കളിക്കാരനു ടീമുമായി ഒത്തിണങ്ങാൻ അവസരമൊരുക്കുകയാണു ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. മോഹൻ ബഗാനെതിരായ മത്സരത്തിനു ശേഷം വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവർ വീടുകളിലേക്കു മടങ്ങിയിട്ടും കോച്ച് ഇവാൻ വുക്കോമനോവിച്ചും സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസും കൊച്ചിയിൽ തുടരുകയാണ്. യൂറോപ്പിൽ നിന്നും ലാറ്റിനമേരിക്കയിൽ നിന്നുമുള്ള താരങ്ങളെ ചുറ്റിപ്പറ്റിയാണു അന്വേഷണം. ലൂണ മധ്യനിര താരമാണെങ്കിലും പകരക്കാരനായി ടീം തേടുന്നതു ഫോർവേഡ് അല്ലെങ്കിൽ വിങ്ങർ റോളിൽ തിളങ്ങുന്നൊരു അതിവേഗ താരത്തെയാണ്.

ലൂണയുടെ നാടായ യുറഗ്വായിൽ നിന്നൊരു യുവതാരവുമായി കരാർ ഒപ്പിടുന്നതിന്റെ വക്കിൽവരെ ടീമെത്തിയെന്നു റിപ്പോർട്ടുകളുണ്ട്. മുൻ താരവും സ്പാനിഷ് സ്ട്രൈക്കറുമായ അൽവാരോ വാസ്കെസ് തിരിച്ചെത്തുമെന്ന അഭ്യൂഹവും ശക്തമാണെങ്കിലും ടീം മാനേജ്മെന്റ് ഇതു നിഷേധിച്ചു.  ബ്ലാസ്റ്റേഴ്സിൽ നിന്നു ചില ഇന്ത്യൻ താരങ്ങളുടെ കൂടുമാറ്റത്തിനും കളമൊരുങ്ങുന്നുണ്ട്. പ്രതിരോധതാരം ഹോർമിപാം ഉൾപ്പെടെയുള്ളവരുടെ പേരാണ് ഇതിലുള്ളത്. ഹോർമിപാമിനായി മുംബൈ സിറ്റി ഉൾപ്പെടെയുള്ള ക്ലബ്ബുകളാണു രംഗത്തുള്ളത്.

English Summary:

Blasters to find a replacement for Luna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com