പരിശീലകർ പൊഴിയും കാലം; സീസൺ പാതിവഴിയിൽ, പുറത്തായത് അഞ്ച് പരിശീലകർ
Mail This Article
കൊച്ചി ∙ 12 ടീമുകൾ കളിക്കുന്ന ഐഎസ്എൽ ഫുട്ബോൾ 10 –ാം സീസൺ പാതിയിൽ നിൽക്കെ, പുറത്തായത് 5 പരിശീലകർ. യുവാൻ ഫെറാൻഡോ (മോഹൻ ബഗാൻ), സൈമൺ ഗ്രേസൺ (ബെംഗളൂരു എഫ്സി), സ്കോട്ട് കൂപ്പർ (ജംഷഡ്പുർ), കോണർ നെസ്റ്റർ (ഹൈദരാബാദ്) എന്നിവർ പുറത്താക്കപ്പെട്ടപ്പോൾ മുംബൈ സിറ്റി എഫ്സി കോച്ച് ഡെസ് ബെക്കിങ്ങാം ജന്മനാട്ടിൽനിന്നുള്ള ക്ഷണം സ്വീകരിച്ചും ഇന്ത്യ വിട്ടു.
ഡിസംബറിന്റെ നോവ്
മോഹൻ ബഗാനു കഴിഞ്ഞ സീസണിൽ ഐഎസ്എൽ കിരീടവും ഡ്യുറാൻഡ് കപ്പും നേടിക്കൊടുത്തതിന്റെ തിളക്കത്തിൽ നിന്ന സ്പാനിഷ് കോച്ച് യുവാൻ ഫെറാൻഡോയ്ക്കു സമീപകാലത്തു കിട്ടിയതു മൊത്തം തിരിച്ചടി. എഎഫ്സി കപ്പിൽ നിന്നു പുറത്തായി.
ഐഎസ്എലിൽ അവസാന 3 കളികളിലും തോൽവി. കൊൽക്കത്ത സോൾട്ട് ലേക് സ്റ്റേഡിയം ഗാലറികളിൽ നിന്നു പലവട്ടം ‘ഫെറാൻഡോ ഗോ ബാക്ക്’ വിളികൾ ഉയർന്നു. ആ വിളി കേൾക്കാൻ ബഗാൻ മാനേജ്മെന്റ് മടിച്ചില്ല; പരുക്കുമൂലം പല പ്രധാന താരങ്ങളും ഇല്ലാതെ ടീം കളിക്കേണ്ടി വന്നതു പരിഗണിച്ചതുമില്ല. ടെക്നിക്കൽ ഡയറക്ടറും മുൻ കോച്ചുമായ അന്റോണിയോ ഹബാസിനെ പരിശീലക വേഷത്തിലേക്കു തിരിച്ചുവിളിച്ചു.
ഡിസംബറിലെ അപമാനം
ഹൈദരാബാദ് എഫ്സിയുടെ ഐറിഷ് പരിശീലകൻ കോണർ നെസ്റ്റർക്കു നേരിടേണ്ടി വന്നതു കടുത്ത അപമാനം. നെസ്റ്റർ ഹൈദരാബാദിലെത്തിയത് കഴിഞ്ഞ ഓഗസ്റ്റിൽ. മുഖ്യപരിശീലകനായത് 8 മത്സരത്തിൽ മാത്രം. അതിനു ശേഷം അദ്ദേഹത്തെ ‘അനൗദ്യോഗികമായി’ മാറ്റിനിർത്തി; ഡിസംബർ 3 മുതൽ. കരാർ അവസാനിച്ചതായി നെസ്റ്റർ ലോകത്തെ അറിയിച്ചത് 28 ദിവസത്തിനു ശേഷം.
അദ്ദേഹം കോച്ച് ആയിരിക്കെ തന്നെ സഹപരിശീലകൻ താങ്ബോയ് സിങ്തോയ്ക്കു ചുമതല കൈമാറിയ വിവരം കളിക്കാർ അറിഞ്ഞതു ക്യാപ്റ്റൻ ജോവ വിക്ടർ അയച്ച ഫോൺ സന്ദേശത്തിലൂടെ! പോയിന്റ് ടേബിളിൽ ഏറ്റവും താഴെയുള്ള ടീം സാമ്പത്തികമായും വൻ തകർച്ചയിലാണ്.
ഡിസംബറിലെ യാത്ര
മുംബൈ സിറ്റി എഫ്സിയെ 2021 - 22 സീസണിൽ ഐഎസ്എൽ ഷീൽഡ് നേട്ടത്തിലേക്കു നയിച്ച ഡെസ് ബെക്കിങ്ങാമും മടങ്ങിക്കഴിഞ്ഞു. തോൽവികളുടെ പേരിലല്ല അദ്ദേഹം ടീം വിട്ടത്. ജന്മനാടിന്റെ സ്വന്തം ടീമായ ഓക്സ്ഫഡ് യുണൈറ്റഡിന്റെ പരിശീലകനായി കൂടുമാറ്റം. ബഗാൻ ആരാധകർ കോച്ച് ഫെറാൻഡോയെ കൂക്കി വിളിച്ചതു പോലെയായിരുന്നില്ല മുംബൈ സിറ്റി ആരാധകരുടെ പ്രതികരണം. അവർ ബെക്കിങ്ങാമിനു വിമാനത്താവളത്തിൽ വികാരനിർഭരമായ യാത്രയയപ്പാണു നൽകിയത്.
ഡിസംബറിന്റെ പുതുമ
ഐഎസ്എലിൽ ഇന്ത്യക്കാരായ പരിശീലകരുടെ എണ്ണം 3 ആയി ഉയർന്നതാണ് പുതുമ. സൈമൺ ഗ്രേസണിന്റെ പകരക്കാരൻ മുൻ ഇന്ത്യൻ ഫുട്ബോളർ റെനഡി സിങ്. നെസ്റ്റർക്കു പകരം താങ്ബോയ് സിങ്തോ. സ്കോട്ട് കൂപ്പറുടെ പിൻഗാമി ഖാലിദ് ജമീൽ. മൂവരും ഇന്ത്യക്കാർ. ഇംഗ്ലിഷുകാരനായ ബെക്കിങ്ങാമിനു പകരം ചെക്ക് വംശജൻ പീറ്റർ ക്രാറ്റ്‌കി.