ADVERTISEMENT

റിയോ ഡി ജനീറോ ∙ പെലെ മുതൽ നെയ്മാർ വരെ ബ്രസീലിയൻ ഫുട്ബോളിൽ ഇതിഹാസതാരങ്ങൾ  ഏറെയുണ്ട്; പക്ഷേ അവർക്കൊന്നുമില്ലാത്ത ഒരു അപൂർവനേട്ടം ഇന്നലെ അന്തരിച്ച മാരിയോ സഗാലോയ്ക്കുണ്ട്. ബ്രസീൽ പുരുഷ ടീമിന്റെ  5 ലോകകപ്പ് നേട്ടങ്ങളിൽ നാലിലും കളിക്കാരനായോ പരിശീലകനായോ പങ്കാളിയായിരുന്നു അദ്ദേഹം. 92–ാം വയസ്സിൽ സഗാലോ വിടപറയുമ്പോൾ ബ്രസീലിയൻ ഫുട്ബോളിലെ ചരിത്രനേട്ടങ്ങളുടെ സുവർണത്താളുകൾ കൂടിയാണ് മറയുന്നത്. സഗാലോയുടെ മരണവാർത്ത ഇന്നലെ ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് ആണ് പുറത്തുവിട്ടത്. സഗാലോ കൂടി വിടവാങ്ങിയതോടെ ബ്രസീലിന്റെ 1958ലെ പ്രഥമ ലോകകപ്പ് നേട്ടത്തിലെ എല്ലാവരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. 

brazil-football-player
മാരിയോ സഗാലോ (വലത്) പെലെയ്ക്കൊപ്പം.

ബ്രസീലിന്റെ ഭാഗ്യചിഹ്നം 

ഫോർവേഡും വിങ്ങറുമായി ബ്രസീൽ സീനിയർ ടീമിനു വേണ്ടി 33 മത്സരങ്ങളിലാണ് സഗാലോ ബൂട്ടണിഞ്ഞത്. നേടിയത് 5 ഗോളുകൾ. എന്നാൽ ഈ കളിക്കണക്കുകളിലൊതുങ്ങുന്നതല്ല സഗാലോയുടെ വലുപ്പം. നാലു പതിറ്റാണ്ടോളം ബ്രസീൽ ടീമിന്റെ ഭാഗ്യചിഹ്നം പോലെയായിരുന്നു അദ്ദേഹം. 1958, 1962 ലോകകപ്പുകളിൽ കിരീടം ചൂടിയ ബ്രസീൽ ടീം അംഗമായിരുന്ന സഗാലോ 1968ൽ തന്നെ ടീമിന്റെ പരിശീലകനുമായി. 1970ൽ ടീമിനെ വീണ്ടും ലോകകപ്പ് ജയത്തിലെത്തിച്ചതോടെ അപൂർവനേട്ടവും സഗാലോയ്ക്കു സ്വന്തമായി; കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടുന്ന ആദ്യത്തെയാൾ (പിന്നീട് ജർമനിയുടെ ഫ്രാൻസ് ബെക്കൻബോവറും ഫ്രാൻസിന്റെ ദിദിയെ ദെഷാമും ഈ നേട്ടം കൈവരിച്ചു).

മുൻപ് ഒപ്പം കളിച്ചിരുന്ന പെലെ ഉൾപ്പെടെയുള്ള താരങ്ങൾ സഗാലോയുടെ 1970ലെ വിജയടീമിലുണ്ടായിരുന്നു. 1974 ലോകകപ്പിൽ സഗാലോ പരിശീലിപ്പിച്ച ടീം നാലാം സ്ഥാനം നേടി. 1994ൽ കോച്ചിങ് കോഓർഡിനേറ്ററായി വീണ്ടും ബ്രസീൽ ടീമിനൊപ്പം ചേർന്ന സഗാലോ നാലാമതും കിരീടനേട്ടത്തി‍ൽ പങ്കാളിയായി. 1998 ലോകകപ്പിൽ മുഖ്യ പരിശീലകനായി വീണ്ടും വന്നെങ്കിലും ഫൈനലിൽ ബ്രസീൽ ഫ്രാൻസിനോടു തോറ്റു. മത്സരത്തലേന്ന് അസുഖബാധിതനായ സ്ട്രൈക്കർ റൊണാൾഡോയെ, ഫൈനലിൽ കളത്തിലിറക്കിയതിന്റെ പേരിൽ സഗാലോ വിമർശന വിധേയനായിരുന്നു. 2006 ലോകകപ്പിൽ വീണ്ടും കോച്ചിങ് സംഘത്തിലുൾപ്പെട്ടെങ്കിലും ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തോറ്റു മടങ്ങി. 2002ൽ ലൂയി ഫിലിപ്പെ സ്കൊളാരിയുടെ പരിശീലനത്തിൽ നേടിയ കിരീടം മാത്രമാണ് സഗാലോയ്ക്ക് നേരിട്ടു പങ്കില്ലാത്ത ബ്രസീലിന്റെ ഏക ലോകകപ്പ് നേട്ടം.  

ഫ്ലുമിനെൻസ്, ഫ്ലെമംഗോ , വാസ്കോ ഡാ ഗാമ, അൽ ഹിലാൽ തുടങ്ങിയ ക്ലബ്ബുകളെയും കുവൈത്ത്, സൗദി അറേബ്യ, യുഎഇ ദേശീയ ടീമുകളെയും പരിശീലിപ്പിച്ച സഗാലോ 1990ൽ യുഎഇക്ക് ലോകകപ്പ് യോഗ്യതയും നേടിക്കൊടുത്തു. ഫുട്ബോളിനു നൽകിയ സംഭാവനകൾക്ക് 1992ൽ ഫിഫയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് മെറിറ്റ് ലഭിച്ചു. സഗാലോയുടെ ഭാര്യ അൽസിന ഡി കാസ്ട്രോ 2012ലാണ് മരിച്ചത്. നാലു മക്കളാണ് ഇരുവർക്കുമുള്ളത്.

English Summary:

Mario Zagallo: Brazil's four-time World Cup winner dies aged 92

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com