പെലെയ്ക്കും മറഡോണയ്ക്കുമിടയിൽ ലോക ഫുട്ബോളിനെ പുതുക്കിപ്പണിത താരം; വിട, കൈസർ
Mail This Article
മ്യൂണിക് ∙ ലോക ഫുട്ബോൾ ഒരു ആത്മകഥയെഴുതുകയാണെങ്കിൽ നിശ്ചയമായും അതിൽ ഒരു അധ്യായത്തിന്റെ പേര് ഫ്രാൻസ് ബെക്കൻബോവർ എന്നായിരിക്കും. പെലെയുടെ ബ്രസീലിയൻ ഹാഫിൽ നിന്ന് മറഡോണയുടെ അർജന്റീനിയൻ ഹാഫിലേക്ക് ലോക ഫുട്ബോൾ ചരിത്രത്തെ പാസ് ചെയ്തവരിൽ മുന്നിൽത്തന്നെയുണ്ട്, ആരാധകർ സ്നേഹബഹുമാനത്തോടെ ‘കൈസർ’ എന്നുവിളിച്ച ബെക്കൻബോവർ. പെലെയിൽ നിന്നും മറഡോണയിൽ നിന്നും വ്യത്യസ്തനായി, കളിക്കാലത്തിനു ശേഷം പരിശീലകനായും സംഘാടകനായും ലോക ഫുട്ബോളിൽ നിറഞ്ഞു നിന്നതിനു ശേഷമാണ് 78–ാം വയസ്സിൽ ബെക്കൻബോവർ ഞായറാഴ്ച ജീവിതത്തോടു വിടപറഞ്ഞത്.
കാലം കൊണ്ടും കളിപ്പെരുമ കൊണ്ടും സമശീർഷനായിരുന്ന ഹോളണ്ട് ഇതിഹാസതാരം യൊഹാൻ ക്രൈഫിന്റെ ഹോളണ്ട് ടീമിനെ 1974 ലോകകപ്പ് ഫൈനലിൽ മുട്ടുകുത്തിച്ച് പശ്ചിമ ജർമനിക്ക് ലോകകിരീടം നേടിക്കൊടുത്താണ് ബെക്കൻബോവർ ലോകഫുട്ബോളിന്റെ അരങ്ങിലേറിയത്. ടോട്ടൽ ഫുട്ബോൾ എന്ന സുന്ദരശൈലിയുമായി ഫൈനലിലേക്കു കുതിച്ചെത്തിയ ക്രൈഫും കൂട്ടരും മൈതാനത്തിന്റെ ഒരു പ്രവിശ്യയൊന്നാകെ അടക്കിഭരിച്ച കൈസർക്കു മുന്നിൽ നിശ്ചലരായി. സ്വന്തം പെനൽറ്റി ബോക്സിനു മുൻപിൽ സർവവ്യാപിയായി കളിച്ച ബെക്കൻബോവർ, ഫുട്ബോളിൽ സ്വീപ്പർ എന്നും ലിബറോ എന്നും അറിയപ്പെട്ട ആ പൊസിഷന്റെ ഉപജ്ഞാതാവായാണ് അറിയപ്പെടുന്നത്.
ജർമൻ ദേശീയ ടീമിനൊപ്പമുള്ള നേട്ടങ്ങൾ ബയൺ മ്യൂണിക് ക്ലബ്ബിനൊപ്പവും ആവർത്തിച്ച ബെക്കൻബോവർ ക്ലബ്ബിനെ തുടർച്ചയായ മൂന്നു വർഷങ്ങളിൽ (1974–76) യൂറോപ്യൻ ചാംപ്യൻമാരാക്കി. രാജ്യത്തിനും ക്ലബ്ബിനുമായുള്ള കളിമികവിനുള്ള അംഗീകാരമായി 1972ലും 1976ലും ബലോൻ ദ് ഓർ പുരസ്കാരവും ബെക്കൻബോവറിനെ തേടിയെത്തി. 1984ൽ വിരമിച്ചതിനു പിന്നാലെ ജർമൻ ഫുട്ബോൾ അസോസിയേഷൻ ബെക്കൻബോവറെ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേൽപിച്ചു.
1986 ലോകകപ്പ് ഫൈനലിൽ ഡിയേഗോ മറഡോണയുടെ അർജന്റീന ടീമിനു മുന്നിൽ വീണു പോയെങ്കിലും നാലു വർഷത്തിനു ശേഷം അർജന്റീനയെത്തന്നെ തോൽപിച്ച് ബെക്കൻബോവറുടെ ജർമൻ ടീം കിരീടം ചൂടി. ബ്രസീലിന്റെ മാരിയോ സഗാലോയ്ക്കു ശേഷം കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടുന്നയാൾ എന്ന അപൂർവനേട്ടവും സ്വന്തമാക്കി. പിന്നീട് ഫ്രാൻസിന്റെ ദിദിയെ ദെഷാം ഈ നേട്ടം ആവർത്തിച്ചു.
മ്യൂണിക്കിലെ തൊഴിലാളി കുടുംബങ്ങൾ ഏറെയുള്ള ഗീസ്‌ലിങ് ഡിസ്ട്രിക്ടിൽ 1945 സെപ്റ്റംബർ 11നു ജനിച്ച ബെക്കൻബോവർ ചെറുപ്രായത്തിൽ തന്നെ ബയൺ മ്യൂണിക്ക് ക്ലബ്ബിന്റെ അക്കാദമിയിലെത്തി. സെന്റർ ഫോർവേഡായി കളി തുടങ്ങിയ അദ്ദേഹം പിന്നീട് മിഡ്ഫീൽഡിലേക്കും ഡിഫൻസിലേക്കും മാറി. വിരമിച്ചതിനു ശേഷം ബയൺ മ്യൂണിക്കിന്റെ പ്രസിഡന്റും ജർമൻ ഫുട്ബോൾ അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായുമെല്ലാം സേവനമനുഷ്ഠിച്ച അദ്ദേഹം ജർമനി ആതിഥ്യം വഹിച്ച 2006 ലോകകപ്പിന്റെ മുഖ്യസംഘാടകനായിരുന്നു.
അവസാനകാലത്ത് സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ ഉൾപ്പെട്ടെങ്കിലും അദ്ദേഹത്തിനെതിരെയുള്ള വിചാരണ 2020ൽ വിധി പറയാതെ അവസാനിപ്പിക്കുകയായിരുന്നു.മൂന്നു തവണ വിവാഹിതനായ ബെക്കൻബോവർക്ക് 5 മക്കളുണ്ട്.
ബെക്കൻബോവർ– പ്രധാന നേട്ടങ്ങൾ
ജർമൻ ദേശീയ ടീം
ലോകകപ്പ്: 1974 (കളിക്കാരൻ),
1990 (പരിശീലകൻ)
യൂറോ കപ്പ്: 1972 (കളിക്കാരൻ)
ബയൺ മ്യൂണിക്ക്
ബുന്ദസ്‌ലിഗ: 4 (1969,72,73,74),
യൂറോപ്യൻ കപ്പ്: 3 (1974,75,76)
യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ്: 1967
ഇന്റർ കോണ്ടിനന്റൽ കപ്പ്: 1976
* 1982ൽ ഹാംബർഗർ എസ്‌വിക്കൊപ്പവും ബുന്ദസ്‌ലിഗ കിരീടം നേടി
* 1994ൽ ബയണിനൊപ്പം പരിശീലകനായും ബുന്ദസ്‌ലിഗ സ്വന്തമാക്കി
വ്യക്തിഗത നേട്ടങ്ങൾ
ബലോൻ ദ് ഓർ: 2 (1972,76)
ജർമൻ ഫുട്ബോളർ: 4 (1966,68,74,76)
ലോകകപ്പിലെ മികച്ച യുവതാരം: 1966
ഫിഫ ഓർഡർ ഓഫ് മെരിറ്റ്: 1984