സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം; ഷില്ലോങ് ലജോങ്ങിനെ തകർത്തത് 3–1ന്
Mail This Article
ഭുവനേശ്വർ ∙ കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിൽ ഷില്ലോങ് ലജോങ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് 3–1ന്റെ തകർപ്പന്‍ ജയം. ക്വാമി പെപ്ര ഇരട്ട ഗോൾ നേടിയ മത്സരത്തിൽ മുഹമ്മദ് അയ്മനാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ കണ്ടെത്തിയ മറ്റൊരു താരം. റെനാൻ പൗളീഞ്ഞോയാണ് ഷില്ലോങ്ങിന്റെ ഏക ഗോൾ നേടിയത്. മത്സരത്തിന്റെ 14–ാം മിനിറ്റിലാണ് പെപ്ര ആദ്യ ഗോൾ നേടിയത്. ദിമിത്രിയോസ് ഡയമന്റക്കോസിന്റെ പാസ് വലയിലെത്തിക്കുകയായിരുന്നു.
26–ാം മിനിറ്റിൽ പെപ്ര വീണ്ടും വലകുലുക്കിയതാടെ ബ്ലാസ്റ്റേഴ്സ് 2 ഗോളിന് മുന്നിലെത്തി. എന്നാൽ 28–ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഷില്ലോങ് തിരിച്ചടിച്ചു. ആദ്യ പകുതിയിൽ സ്കോർ 2–1 എന്ന നിലയിലായിരുന്നു. രണ്ടാം പകുതിയിലെ ആദ്യ മിനിറ്റില്‍ ദെയ്‌സുകെ സകായ് നൽകിയ പാസിൽ മുഹമ്മദ് അയ്മൻ ഗോള്‍ നേടി. പിന്നീട് പ്രതിരോധത്തിലൂന്നി കളിച്ചതോടെ ബ്ലാസ്റ്റേഴ്സ് 3–1ന്റെ ജയം സ്വന്തമാക്കുകയും ചെയ്തു.