അർജന്റീനയെ കളിപ്പിക്കാൻ ബാധ്യതയില്ലാതെ ചെലവ് കണ്ടെത്തുമെന്നു മന്ത്രി, തീയതി മാറ്റാനും ശ്രമം
Mail This Article
തിരുവനന്തപുരം∙ അർജന്റീന ടീം ജൂലൈയിൽ കേരളത്തിൽ കളിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അതിനുള്ള ചെലവ് കണ്ടെത്തുക ശ്രമകരമാണെന്നു മന്ത്രി വി.അബ്ദുറഹിമാൻ. ‘ഫുട്ബോൾ പ്രേമികളുടെ സ്വപ്നം സഫലമാക്കാൻ ശ്രമിക്കുന്നുണ്ട്. സർക്കാരിന് ബാധ്യതയില്ലാതെ ചെലവ് കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. ജൂലൈ മഴ സീസണായതിനാൽ തീയതി മാറ്റുന്നതിനും ശ്രമിക്കുന്നുണ്ട്’– മന്ത്രി അറിയിച്ചു.
കേരളത്തിൽ കളിക്കാൻ വരാൻ തയാറാണെന്ന് അർജന്റീന ഫുട്ബോൾ ടീം അറിയിച്ചതായി കായികമന്ത്രി വി. അബ്ദുറഹിമാനാണു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) കേരള ഫുട്ബോൾ അസോസിയേഷനും അറിയിച്ചു.
സംസ്ഥാന സർക്കാർ ക്ഷണിച്ചതും അർജന്റീന ഫുട്ബോൾ ഫെഡറേഷൻ താൽപര്യം പ്രകടിപ്പിച്ചതും അറിഞ്ഞിട്ടില്ലെന്ന് എഐഎഫ്എഫ് ആക്ടിങ് സെക്രട്ടറി ജനറൽ സത്യനാരായണൻ പറഞ്ഞു. ഫിഫ റാങ്കിങ്ങിലുള്ള ടീമുകൾ രാജ്യത്തു കളിക്കണമെങ്കിൽ സംസ്ഥാന സർക്കാർ സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ വഴി എഐഎഫ്എഫിനെ അറിയിക്കേണ്ടതുണ്ട്. കേരള ഫുട്ബോൾ അസോസിയേഷനും ഔദ്യോഗികമായി വിവരങ്ങൾ ലഭിച്ചിട്ടില്ല.
എഐഎഫ്എഫ് ആണ് വരുന്ന ടീമുകൾക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത്. രാജ്യാന്തര നിലവാരത്തിലുള്ള ഗ്രൗണ്ട്, പരിശീലന സൗകര്യം, താമസം, യാത്ര, സുരക്ഷ എന്നിവ ഉറപ്പു വരുത്തണം. സംസ്ഥാന സർക്കാരിന്റെ നീക്കം സ്വാഗതം ചെയ്യുന്നെന്നും അറിയിപ്പു ലഭിച്ചാൽ വേണ്ട സഹകരണം ഉറപ്പാക്കുമെന്നും എഐഎഫ്എഫ് അധികൃതർ പറഞ്ഞു.
അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാനെത്തിയാൽ തിരുവനന്തപുരമോ കൊച്ചിയോ വേദിയാകും. രണ്ടു ടീമുകൾക്കും ഫിഫ നിലവാരമുള്ള പരിശീലന ഗ്രൗണ്ടുകൾ ഒരുക്കേണ്ടതിനാലാണിത്. പ്രധാന വേദിയും ഫിഫ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാവണം. ഖത്തർ ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഇന്ത്യയിൽ കളിക്കാൻ അർജന്റീന താൽപര്യം പ്രകടിപ്പിച്ചെങ്കിലും 40 കോടി രൂപ ആവശ്യപ്പെട്ടതിനെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു. തുടർന്നാണ് അർജന്റീനയെ കേരളത്തിലെത്തിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങിയത്.