ADVERTISEMENT

ഭുവനേശ്വർ ∙ ക്വാമി പെപ്രയും പ്രബീർ ദാസും ഡാൻസ് മാത്രമല്ല ഗോളുകളും റിഹേഴ്സൽ ചെയ്തിട്ടുണ്ട്! കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിൽ ഷില്ലോങ് ലജോങ് എഫ്സിക്കെതിരെ 27–ാം മിനിറ്റിൽ തന്റെ അസിസ്റ്റിൽ നിന്ന് പെപ്ര ഗോൾ നേടിയതിനു പിന്നാലെ ഘാന താരത്തെ ചേർത്തു പിടിച്ച് പ്രബീ‍ർ ഡാൻസ് തുടങ്ങി. കലിംഗ സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിൽ ആനന്ദം തീർത്ത നൃത്തം. ഐഎസ്എലിന്റെ പിരിമുറുക്കമില്ലാതെ ആദ്യ മത്സരത്തിൽ ആസ്വദിച്ചു കളിച്ച ബ്ലാസ്റ്റേഴ്സിന് കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിൽ വിജയത്തുടക്കം. ബി ഗ്രൂപ്പ് മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെതിരെ 3–1നാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. ക്വാമി പെപ്ര ഇരട്ടഗോൾ നേടി. ലക്ഷദ്വീപ് താരം മുഹമ്മദ് അയ്മനാണ് ഒരു ഗോൾ നേടിയത്. ഇന്നലെ രണ്ടാം മത്സരത്തിൽ ജംഷഡ്പുർ എഫ്സി 2–1നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിച്ചു. 

ഐഎസ്എൽ സീസണിലെ ഒന്നാം സ്ഥാനക്കാരെന്ന പകിട്ടുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനെ തുടക്കത്തിൽ ഷില്ലോങ് ഒന്നു ഞെട്ടിച്ചു. ബ്ലാസ്റ്റേഴ്സ് പ്രതിരോധപ്പിഴവിൽ നിന്നു കിട്ടിയ പന്തുമായി ഓടിക്കയറിയ കരിം സാംബ് ഗോൾകീപ്പർ സച്ചിൻ സുരേഷിനെ മറികടന്ന് ബ്ലാസ്റ്റേഴ്സ് വലയിൽ പന്തെത്തിച്ചു. എന്നാൽ നേരിയ വ്യത്യാസത്തിന് ഷില്ലോങ് താരം ഓഫ്സൈഡ് ആയത് ബ്ലാസ്റ്റേഴ്സിനു തുണയായി. പിന്നാലെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ബ്ലാസ്റ്റേഴ്സ് 14–ാം മിനിറ്റിൽ മുന്നിലെത്തി. ജപ്പാൻ താരം ഡെയ്സുകി സകായ് നൽകിയ പന്തിനെ ക്യാപ്റ്റൻ ദിമിത്രി ഡയമന്റിക്കോസ് പ്രതിരോധം പിളർത്തിയൊരു പാസിലൂടെ പെപ്രയ്ക്കു നീട്ടിനൽകി. ഷില്ലോങ് ഗോൾകീപ്പർ തൊടും മുൻപ് പെപ്ര പന്തിനെ ഗോളിലേക്കു തിരിച്ചു വിട്ടു. 27–ാം മിനിറ്റിൽ ചെറുതായി തട്ടിത്തിരിഞ്ഞു വന്ന പ്രബീർ ദാസിന്റെ ക്രോസിൽ നിന്ന് പെപ്ര ഹെഡറിലൂടെ ടീമിന്റെ രണ്ടാം ഗോളും നേടി. 

എന്നാൽ 29–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഷില്ലോങ് ക്യാപ്റ്റൻ റെനാൻ പൗളീഞ്ഞോ ബ്ലാസ്റ്റേഴ്സിന് അപായസൂചന നൽകി. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് വീണ്ടും നില സുരക്ഷിതമാക്കിയത്. വലതു വിങ്ങിൽ നിന്ന് സകായിയുടെ നെടുനീളൻ ക്രോസ്. സെക്കൻഡ് പോസ്റ്റിൽ അയ്മന്റെ ഹെഡർ (3–1). 13ന് ജംഷഡ്പുരിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. 

ഗോകുലം ഇന്ന് മുംബൈയ്ക്കെതിരെ 

സൂപ്പർ കപ്പ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി ഇന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. ഉച്ചകഴിഞ്ഞ് 2 മുതൽ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. ജിയോ സിനിമയിൽ തൽസമയം. ഐഎസ്എൽ സീസണിൽ നാലാം സ്ഥാനത്തുള്ള മുംബൈ മികച്ച ഫോമിലാണ്. ഐ ലീഗിൽ ആറാമതാണ് ഗോകുലം.

English Summary:

Blasters beat Shillong Lajong FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com