ലിത്വാനിയ ദേശീയ ടീം ക്യാപ്റ്റൻ ബ്ലാസ്റ്റേഴ്സിലേക്ക്, ലൂണയ്ക്കു പകരമാകാൻ ഫിയദോർ ചിർനിഹ്
Mail This Article
കൊച്ചി ∙ പരുക്കേറ്റു കളം വിട്ട ലാറ്റിനമേരിക്കൻ താരം അഡ്രിയൻ ലൂണയ്ക്കു പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയതു വടക്കൻ യൂറോപ്പിൽ നിന്ന്; പഴയ സോവിയറ്റ് റിപ്പബ്ലിക്കായ ലിത്വാനിയയുടെ ദേശീയ ടീം ക്യാപ്റ്റൻ കൂടിയായ ഫിയദോർ ചിർനിഹ്. വിവിധ യൂറോപ്യൻ ലീഗുകളിലായി നാനൂറിലേറെ മത്സരങ്ങളുടെ പരിചയ സമ്പത്തുമായാണു ചിർനിഹിന്റെ (32) ഐഎസ്എൽ അരങ്ങേറ്റം.
മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കകം ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും. ഈ സീസൺ അവസാനം വരെയാണു കരാർ. സൈപ്രസ് ക്ലബ്ബായ എഇഎൽ ലിമസോൾ താരമായിരുന്ന ചിർനിഹ് ബ്ലാസ്റ്റേഴ്സിനു കരുത്താകുമെന്നാണു പ്രതീക്ഷിക്കുന്നത്.
എന്നാൽ, ലൂണയുടെ അതേ ശൈലിയിൽ കളിക്കുന്ന താരമല്ലെങ്കിലും ലെഫ്റ്റ് വിങ്ങർ, ൈററ്റ് വിങ്ങർ, സെൻട്രൽ മിഡ്ഫീൽഡർ, രണ്ടാം സ്ട്രൈക്കർ തുടങ്ങി വിവിധ പൊസിഷനുകളിൽ കളിക്കാനുള്ള മികവും വേഗവും നേട്ടമാകുമെന്നാണു പ്രതീക്ഷ.