ADVERTISEMENT

ദോഹ ∙ ലയണൽ മെസ്സി അർജന്റീനയുടെ ഐതിഹാസിക കിരീടം ഏറ്റുവാങ്ങി ഒരു വർഷക്കാലത്തിനപ്പുറം അതേ മണ്ണിൽ മറ്റൊരു ഫുട്ബോൾ കാർണിവൽ. ഖത്തർ ആതിഥ്യം വഹിക്കുന്ന, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കെടുക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിന് ഇന്നു കിക്കോഫ്. ആദ്യ മത്സരം ലുസെയ്ൽ സ്റ്റേഡിയത്തിൽ ഇന്നു രാത്രി 9.30ന് ആതിഥേയരും നിലവിലെ ചാംപ്യൻമാരുമായ ഖത്തറും ലബനനും തമ്മിൽ. ഇന്ത്യയുടെ ആദ്യമത്സരം നാളെ വൈകിട്ട് 5ന്; എതിരാളികൾ റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള ഓസ്ട്രേലിയ. ഫെബ്രുവരി 10നാണ് ഫൈനൽ. സ്പോർട്സ് 18 ചാനലിലും ഫാൻകോഡ് ആപ്പിലും മത്സരങ്ങൾ കാണാം.

കഴി‍ഞ്ഞ വർഷം ചൈനയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റാണിത്. കോവിഡ് മൂലം ചൈന പിന്മാറിയപ്പോൾ ഖത്തർ സന്തോഷപൂർവം ആതിഥ്യം ഏറ്റെടുക്കുകയായിരുന്നു.

ഏഷ്യൻ ബെസ്റ്റ്

2019ലെ ഏഷ്യൻ കപ്പിൽ ഖത്തറായിരുന്നു ജേതാക്കൾ. ഇത്തവണ ‌സ്വന്തം മണ്ണിൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ കിരീടം കൈവിട്ടു പോകാതെ നോക്കുകയാണ് ഖത്തറിന്റെ ഉത്തരവാദിത്തം. ലോകകപ്പ് യോഗ്യത നേടിയിട്ടുള്ള ദക്ഷിണ കൊറിയ, ജപ്പാൻ, ഓസ്ട്രേലിയ, സൗദി അറേബ്യ തുടങ്ങിയവയാണ് ടൂർണമെന്റിലെ കരുത്തരായ മറ്റു ടീമുകൾ. ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ അർജന്റീനയെ അട്ടിമറിച്ചു കരുത്തു തെളിയിച്ച സൗദി അറേബ്യയും ലോകകപ്പിൽ സ്പെയിനും ജർമനിയും ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് ജേതാക്കളായി നോക്കൗട്ടിലെത്തിയ ജപ്പാനുമാണ് ഇതിൽ കിരീടസാധ്യതയുള്ള 2 ടീമുകൾ. ജപ്പാൻ 5–ാം കിരീടമാണു ലക്ഷ്യമിടുന്നത്. സൗദിയും ഇറാനും 3 തവണയും ദക്ഷിണ കൊറിയ 2 തവണയും ജേതാക്കളായി. ഓസ്ട്രേലിയ ഒരു തവണയും.

സ്റ്റേഡിയങ്ങൾ

9 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ. അർജന്റീന – ഫ്രാൻസ് ലോകകപ്പ് ഫൈനൽ മത്സരം നടന്ന ലുസെയ്ൽ സ്റ്റേഡിയത്തിലാണ് ഏഷ്യൻ കപ്പിന്റെ കിക്കോഫും ഫൈനലും നടക്കുക. മരുഭൂമിയിലെ ടെന്റിന്റെ മാതൃകയിൽ നിർമിച്ച അൽ ബെയ്ത് സ്റ്റേഡിയത്തിലും മത്സരങ്ങളുണ്ട്. ലോകകപ്പ് വേദിയല്ലാതിരുന്ന, 1975ൽ നിർമിച്ച ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലും ഇക്കുറി 7 മത്സരങ്ങൾ നടക്കും.

മത്സരക്രമം

6 ഗ്രൂപ്പുകളിലായി 24 ടീമുകളാണ് പ്രാഥമിക റൗണ്ടിൽ മത്സരരംഗത്ത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരും എല്ലാ ഗ്രൂപ്പുകളിലുമായി ഏറ്റവും മികച്ച 4 മൂന്നാം സ്ഥാനക്കാരും പ്രീക്വാർട്ടറിൽ കടക്കും. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ (ഫിഫ റാങ്ക്:25), ഉസ്ബെക്കിസ്ഥാൻ (68), സിറിയ (91) എന്നിവർക്കൊപ്പമാണ് ഇന്ത്യ (ഫിഫ റാങ്ക്: 102). മൂന്നു ടീമുകളും റാങ്കിങ്ങിൽ മുന്നിലാണെങ്കിലും ഒരു ജയമെങ്കിലും നേടാനായാൽ ഇന്ത്യയ്ക്കു നോക്കൗട്ട് പ്രതീക്ഷയുണ്ട്. 2019ൽ നടന്ന ടൂർണമെന്റിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു.

സമ്മാനത്തുക 

ജേതാക്കൾക്ക് 50 ലക്ഷം ഡോളർ (ഏകദേശം 41.5 കോടി രൂപ) ആണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് 24.95 കോടി രൂപ ലഭിക്കും. പങ്കെടുക്കുന്ന 24 രാജ്യങ്ങൾക്കും മാച്ച് ഫീയായി 2 ലക്ഷം ഡോളറും (1.66 കോടി രൂപ) ലഭിക്കും.

English Summary:

Asian cup football match starts today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com