ADVERTISEMENT

അൽ റയാൻ (ഖത്തർ) ∙ ‘കിക്കോഫ് സമയം അടുക്കുന്തോറും ഞങ്ങൾക്ക് ആവേശം കൂടുകയാണ്. കഴിഞ്ഞ 12 ദിവസങ്ങളായി ഇവിടെ കഠിന പരിശീലനത്തിലായിരുന്നു ടീം. ഇന്ത്യൻ ടീമിലെ 17 പേരാണ് ഏഷ്യൻ കപ്പിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. അവരുടെ ആവേശവും സ്വപ്നങ്ങളുമാണ് ഇന്ത്യയുടെ വിജയമന്ത്രം’ – ദോഹയിലെ മാധ്യമ സമ്മേളന വേദിയിൽ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഇതു പറയുമ്പോൾ തൊട്ടരികെ മലയാളിയായ മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ്. ‘ഞങ്ങൾ പരിശീലനം പൂർത്തിയായിക്കഴിഞ്ഞു. ഇനി മത്സരം തുടങ്ങാനുള്ള കാത്തിരിപ്പിലാണ്’– സഹലിന്റെ വാക്കുകൾ.

എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നു കരുത്തരായ ഓസ്ട്രേലിയയെ നേരിടുന്നു. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വൈകിട്ട് 5നാണ് കിക്കോഫ്. ഫിഫ റാങ്കിങ്ങിൽ 102–ാം സ്ഥാനത്താണ് ഇന്ത്യയെങ്കിൽ ഓസ്ട്രേലിയ 25–ാം സ്ഥാനക്കാരാണ്; 2015ലെ കിരീട ജേതാക്കൾ. ഖത്തറിന്റെ കൈവശമുള്ള കിരീടം തിരികെപ്പിടിക്കാനെത്തുന്ന ഓസ്ട്രേലിയയ്ക്കെതിരെ തോൽക്കാതെ പിടിച്ചുനിൽക്കാനാണ് ഇന്ത്യ പരിശ്രമിക്കുകയെന്നു കോച്ച് സ്റ്റിമാച്ചും ക്യാപ്റ്റൻ സുനിൽ ഛേത്രിയും മുൻപേ പറഞ്ഞു കഴിഞ്ഞു.

തുടക്കം കടുപ്പം

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരമാണ് ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യ നേരിടേണ്ട ഏറ്റവും കടുപ്പമേറിയ പോരാട്ടം. 2011ലെ ഗ്രൂപ്പ് റൗണ്ടിലാണ് ഇതിനു മുൻപ് ഏഷ്യൻ കപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ വന്നത്. അന്നു ‘സോക്കറൂസ്’ 4–0ന് മത്സരം ജയിച്ചു. അതിലും ശക്തരാണ് ഇപ്പോഴത്തെ ഓസ്ട്രേലിയൻ ടീം എന്നു പറയാം. ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടർ കളിച്ച ടീം 2019 ഏഷ്യൻ കപ്പിൽ ക്വാർട്ടർ ഫൈനലിൽ അപ്രതീക്ഷിതമായി പുറത്താവുകയായിരുന്നു. പരിചയസമ്പന്നരും യുവാക്കളും ചേർന്ന ടീമിനെയാണ് ഓസ്ട്രേലിയ ഏഷ്യൻ കപ്പിന് നിയോഗിച്ചിരിക്കുന്നത്. ടീമിലെ 26 പേരിൽ പത്തൊമ്പതും വിവിധ യൂറോപ്യൻ ക്ലബ്ബുകൾക്കായി കളിക്കുന്നവരാണ്. 4 പേർ മാത്രമാണ് ഓസ്ട്രേലിയൻ എ ലീഗിൽനിന്നുള്ളത്. ശേഷിക്കുന്നവർ ജപ്പാനിലും സൗദി അറേബ്യയിലും പ്രഫഷനൽ ക്ലബ്ബുകളിൽ കളിക്കുന്നവർ.

പ്രതീക്ഷ ഛേത്രിയിൽ

മൂന്നാമത്തെ ഏഷ്യൻ കപ്പ് കളിക്കുന്ന ക്യാപ്റ്റൻ സുനിൽ ഛേത്രിയിലാണ് ഇന്ത്യയുടെ പ്രതീക്ഷകളൊക്കെയും. 2011, 2019 എഡിഷനുകളിലായി 6 മത്സരങ്ങളിൽനിന്നു 4 ഗോളുകൾ ഛേത്രിയുടെ പേരിലുണ്ട്. മുപ്പത്തൊമ്പതുകാരനായ ഛേത്രിയുടെ അവസാന ഏഷ്യൻ കപ്പാണിത്. രാജ്യാന്തര ഫുട്ബോളിൽ സമീപകാലത്തെ ഏറ്റവും മികച്ച ഫോമിലാണിപ്പോൾ ടീം ഇന്ത്യ. 

     സഹൽ കളിക്കില്ല

ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ് കളിക്കില്ല. പരുക്ക് പൂർണമായും ഭേദമാകാത്തതിനാലാണ് സഹലിനെ ടീമിൽ ഉൾപ്പെടുത്താത്തതെന്നു കോച്ച് ഇഗോർ സ്റ്റിമാച്ച് പറഞ്ഞു. കെ.പി.രാഹുൽ ആണ് ടീമിലുള്ള മറ്റൊരു മലയാളി താരം. 

     ആദ്യമായി വാർ

വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) സംവിധാനമുള്ള മത്സരത്തിൽ ആദ്യമായാണ് ഇന്ത്യൻ ടീം പങ്കെടുക്കുന്നത്. ഏഷ്യൻ കപ്പിലെ 51 മത്സരങ്ങളിലും വിഎആർ ഉണ്ടാകുമെന്നു സംഘാടകർ വ്യക്തമാക്കിയിരുന്നു.

English Summary:

India vs Australia match in Asian cup football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com