ADVERTISEMENT

ടെന്റ് മൈദാൻ, ഇന്ദിരാഗാന്ധി സരണി, മൈദാൻ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ! ഇന്ത്യൻ ഫുട്ബോളിന്റെ തറവാടായ കൊൽക്കത്തയുടെ ത്രിത്വങ്ങളിലൊന്നായ മുഹമ്മദൻ സ്പോർടിങ് ക്ലബ്ബിന്റെ വിലാസം! മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും മുഹമ്മദൻസും ഉൾപ്പെട്ട കൊൽക്കത്ത ‘ട്രിനിറ്റി’യിൽ ആദ്യ രണ്ടു ക്ലബ്ബുകൾ ഇന്നും മുൻനിരയിൽ തന്നെയുണ്ട്; മുഹമ്മദൻസ് ഒഴികെ. ഒരു പതിറ്റാണ്ടു മുൻപ് അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ‘ബ്ലാക്ക് പാന്തേഴ്സ്’ ഇപ്പോൾ തിരിച്ചുവരവിന്റെ വഴിയിലാണ്. ഐ  ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം. മോഹം മറ്റു കൊൽക്കത്ത വമ്പന്മാരെപ്പോലെ ഐഎസ്എൽ പ്രവേശനമാണ്. സ്പോർട്സ് മാനേജ്മെന്റ് കമ്പനി  ബങ്കർഹിൽ സാമ്പത്തിക പിന്തുണയുമായും രംഗത്തുണ്ട്. 

പരിമിതികളിലും കളി മുടക്കാതെ 

ഇന്ദിരാഗാന്ധി റോഡിന്റെ അരികിലാണു മുഹമ്മദൻസ് ആസ്ഥാനം. വലിയ താഴിട്ടു പൂട്ടിയ കവാടം. അൽപം മാറി ഒരു ചെറുവഴി. കുട്ടിത്താരങ്ങൾ കിറ്റും തൂക്കി പുറത്തേക്കു വരുന്നത് ആ വഴിയിലൂടെ.  സമീപത്തെ ഗ്രൗണ്ടിലാണു കുട്ടികളുടെ പരിശീലനം.  വാരാന്ത്യങ്ങളിലും അവധിക്കാലത്തും മാത്രം പരിശീലനം. 1887 ൽ ആരംഭിച്ച ‘ജൂബിലി ക്ലബ്’ മുഹമ്മദൻസായത് 1891 ൽ. ഡ്യുറാൻഡ് കപ്പിലെ ‘വിദേശാധിപത്യം’ അടിച്ചു പൊട്ടിച്ച ടീം. 1941 ൽ ബ്രിട്ടനിലെ റോയൽ വോറിക്‌ഷറിനെ തോൽപിച്ച് ഇന്ത്യൻ അഭിമാനം ഉയർത്തിയ ടീം. പിന്നീട്, എത്രയോ കിരീടങ്ങൾ. 

മലയാളിത്തം 

പഴമയുടെ പ്രൗഢി നിറയുന്നതാണ്  ഓഫിസ്. കളിച്ചു നേടിയ എണ്ണമറ്റ ട്രോഫികൾ. ഇതിഹാസ താരം മുഹമ്മദ് സലീമിന്റെ പ്രതിമ. പ്രതാപ കാലത്തു മലയാളി താരങ്ങൾക്ക് ഇടം നൽകിയ ക്ലബ്ബാണിത്. സി. മുസ്‌തഫ, പ്രേംനാഥ് ഫിലിപ്, എൻ.എം. നജീബ്, മലപ്പുറം അസീസ്, പി.എം. അബ്‌ദുസലാം തുടങ്ങി എത്രയോ താരങ്ങൾ. ഒളിംപ്യൻ ടി.എ.റഹ്‌മാൻ പരിശീലകനുമായിരുന്നു.  

മലപ്പുറം തിരൂർ സ്വദേശിയായ സെന്റർ ബാക്ക് മുഹമ്മദ് ഇർഷാദ് ആണിപ്പോൾ ടീമിലെ കേരള താരം. ക്ലബ്ബിന്റെ സ്പോർട്സ് സെക്രട്ടറിയായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ദീപേന്ദു ബിശ്വാസിനും കേരള ബന്ധമുണ്ട്; മുൻ മന്ത്രി എ.സി.ഷൺമുഖദാസിന്റെ സഹോദരീപുത്രനാണ് ദീപേന്ദു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com