ADVERTISEMENT

അൽ റയാൻ ∙ ഒന്നാം പകുതിയിലെ പ്രകടനമോർത്ത് ഇന്ത്യയ്ക്ക് അഭിമാനിക്കാം; രണ്ടാം പകുതിയിലെ പ്രകടനത്തിൽ നിരാശപ്പെടാം! ഏഷ്യൻ കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി (2–0). ഹാഫ് ടൈം വരെ ഓസ്ട്രേലിയൻ മുന്നേറ്റങ്ങളെ ചെറുത്തുനിന്ന ഇന്ത്യ രണ്ടാം പകുതിയിലാണ് 2 ഗോളും വഴങ്ങിയത്. 50–ാം മിനിറ്റിൽ ജാക്സൺ ഇർവിനും 73–ാം മിനിറ്റിൽ ജോർദാൻ ബോസും ലക്ഷ്യം കണ്ടു. 18ന് ഉസ്ബെക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 

ഫിഫ റാങ്കിങ്ങിൽ 25–ാം സ്ഥാനത്തുള്ള എതിരാളികൾക്കെതിരെ കളിക്കുന്നതിന്റെ പകപ്പ് ഇന്ത്യൻ താരങ്ങൾക്കുണ്ടായില്ല. ആദ്യ സുവർണാവസരം ലഭിച്ചതും ഇന്ത്യയ്ക്കാണ്. 16–ാം മിനിറ്റിൽ നിഖി‍ൽ പൂജാരിയുടെ ക്രോസിൽ നിന്നുള്ള സുനിൽ ഛേത്രിയുടെ ഹെഡർ നേരിയ വ്യത്യാസത്തിന് പുറത്തേക്കു പോയപ്പോൾ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലെത്തിയ ഇന്ത്യൻ ആരാധകർ തലയിൽ കൈവച്ചു പോയി. പിന്നാലെ ഓസ്ട്രേലിയ കളിയുടെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിരോധം ഉറച്ചു നിന്നു. എന്നാൽ പ്രതിരോധത്തിലേക്കു മാത്രമായി ചുരുങ്ങിയതോടെ ഓസ്ട്രേലിയൻ പകുതിയിലേക്കുള്ള മുന്നേറ്റങ്ങൾ അപൂർവമായി. ഇടയ്ക്കു കിട്ടിയ പന്തുകളിൽ രണ്ടു പാസിനപ്പുറം മുന്നേറാൻ പലപ്പോഴും ഇന്ത്യയ്ക്കായില്ല. 

ലോക ഫുട്ബോളിലെത്തന്നെ ഏറ്റവും ശാരീരികക്ഷമതയുള്ള ടീമുകളിലൊന്നായ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം പകുതിയിലും ഇന്ത്യ ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കുമോ എന്നതായിരുന്നു ആകാംക്ഷ. എന്നാൽ തുടക്കത്തിൽ തന്നെ വന്ന നിർഭാഗ്യ ഗോളിൽ ഇന്ത്യ തളർന്നു. ബോക്സിന്റെ വലതു പാർശ്വത്തിൽ നിന്നു വന്ന പന്ത് ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന് കയ്യിലൊതുക്കാനായില്ല.

തട്ടിയകറ്റിയ പന്ത് വന്നു വീണത് ഇർവിന്റെ കാൽക്കൽ. തകർപ്പൻ ഹാഫ് വോളി വലയിൽ. 73–ാം മിനിറ്റിൽ രണ്ടാം ഗോളും വീണു. ബോക്സിലേക്ക് ഡ്രിബിൾ ചെയ്തു കയറിയ റിലേ മക്ഗ്രീ കട്ട് ചെയ്തു നൽകിയ പന്ത്, ബോസ് വലയിലേക്കു തിരിച്ചു വിട്ടു. ഇന്നലെ രണ്ടാം മത്സരത്തിൽ തജിക്കിസ്ഥാൻ ചൈനയെ ഗോൾരഹിത സമനിലയിൽ പിടിച്ചു. 

English Summary:

India vs Australia Asian cup football match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com