ADVERTISEMENT

ലണ്ടന്‍∙ യുവതാരങ്ങളായ എർലിങ് ഹാളണ്ട്, കിലിയന്‍ എംബപെ എന്നിവരെ പിന്നിലാക്കി ഫിഫ ദ് ബെസ്റ്റ് പുരസ്കാരം ഒരിക്കൽ കൂടി സ്വന്തമാക്കി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ലണ്ടനിൽ തിങ്കളാഴ്ച രാത്രി നടന്ന ചടങ്ങിലാണ് യുഎസ് ക്ലബ് ഇന്റർ മയാമിയിൽ കളിക്കുന്ന മെസ്സിയെ 2023 ലെ മികച്ച പുരുഷ ഫുട്ബോൾ താരമായി തിരഞ്ഞെടുത്തത്. ഇതു മൂന്നാം തവണയാണ് ഫിഫ ദ് ബെസ്റ്റ് പുരസ്കാരം മെസ്സി സ്വന്തമാക്കുന്നത്. 2019ലും 2022 ലും മെസ്സി തന്നെയായിരുന്നു ഫിഫ ദ് ബെസ്റ്റ്. യുഎസിലെ മേജർ ലീഗ് സോക്കറിൽ കളിച്ചുകൊണ്ടിരിക്കുന്ന ഒരു താരം ആദ്യമായാണ് ഫിഫ ദ് ബെസ്റ്റ് പുരസ്കാരം വിജയിക്കുന്നത്.

പരിശീലകർ, ദേശീയ ടീമുകളുടെ ക്യാപ്റ്റൻമാർ, മാധ്യമപ്രവർത്തകർ, ആരാധകർ എന്നിങ്ങനെ നാലു വിഭാഗങ്ങളാണ് മികച്ച പുരുഷ ഫുട്ബോൾ താരത്തെ കണ്ടെത്താൻ വോട്ടു ചെയ്തത്. ആകെ വോട്ടിന്റെ 25 ശതമാനം വീതം ഓരോ വിഭാഗങ്ങളിൽനിന്നും പരിഗണിക്കുന്നതാണു രീതി. ഫിഫ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ആരാധകരുടേയും ദേശീയ ടീം ക്യാപ്റ്റൻമാരുടേയും വോട്ടിലാണ് മെസ്സി മുന്നിലെത്തിയത്. എന്നാൽ മാധ്യമ പ്രവർ‌ത്തരുടേയും പരിശീലകരുടേയും വിഭാഗത്തിൽ എർലിങ് ഹാളണ്ടാണു മുന്നിലെത്തിയത്.

കൂടുതൽ ഫസ്റ്റ് ചോയ്സ് വോട്ടുകളുള്ളതിനാലാണു മെസ്സി ഹാളണ്ടിനെ പിന്തള്ളിയതെന്നാണ് റിപ്പോർട്ടുകൾ. പുരുഷ താരത്തിനായുള്ള മത്സരത്തിൽ മെസ്സിക്കും ഹാളണ്ടിനും 48 പോയിന്റ് വീതമായിരുന്നു. ഫ്രഞ്ച് താരം എംബപെയ്ക്ക് 35 പോയിന്റുകള്‍ മാത്രമാണു ലഭിച്ചത്. ക്യാപ്റ്റൻമാരായ എംബപെ, ഹാരി കെയ്ൻ, മുഹമ്മദ് സലാ എന്നിവർ മെസ്സിയെയാണു പിന്തുണച്ചത്. മെസ്സി വോട്ട് ചെയ്തത് എർളിങ് ഹാളണ്ടിന് ആണെന്ന പ്രത്യേകതയുമുണ്ട്. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ബെസ്റ്റ് ഇലവനിലും ഇടം ലഭിച്ചില്ല. ക്യാപ്റ്റൻ സ്ഥാനം പോർച്ചുഗൽ പ്രതിരോധ താരം പെപ്പെയ്ക്കു ലഭിച്ചതിനാൽ റൊണാൾഡോ വോട്ടെടുപ്പിലും പങ്കെടുത്തില്ല. പെപ്പെ പോർച്ചുഗീസ് ഫുട്ബോള‍ർ ബെർണാഡോ സിൽവയ്ക്കാണു വോട്ടുചെയ്തത്. 

ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റന്‍ സുനിൽ ഛേത്രി മെസ്സിക്കല്ല വോട്ട് ചെയ്തത്. എർലിങ് ഹാളണ്ടായിരുന്നു ഛേത്രിയുടെ ആദ്യത്തെ ചോയ്സ്. സ്പാനിഷ് താരം റോഡ്രി, നൈജീരിയയുടെ വിക്ടര്‍ ഒസിംഹൻ എന്നിവരായിരുന്നു ഛേത്രിയുടെ രണ്ടും മൂന്നും തിരഞ്ഞെടുപ്പുകൾ. ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് റോഡ്രിക്കാണ് ആദ്യ വോട്ട് നൽകിയത്. ജൂലിയൻ അൽവാരസ്, കെവിൻ ഡി ബ്രുയ്നെ എന്നിവരായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

messi-balon
ബലോൻ ദ് ഓർ പുരസ്കാരവുമായി മെസ്സി

2022 ല്‍ അർജന്റീനയ്ക്കായി ഫിഫ ലോകകപ്പ് നേടിക്കൊടുത്ത മെസ്സി 2023ലെ ബലോൻ ദ് ഓറും സ്വന്തമാക്കിയിരുന്നു. യുഎസിൽ ഇന്റർ മയാമി ക്ലബ്ബിനൊപ്പം പരിശീലനത്തിലുള്ള മെസ്സി പുരസ്കാരം വാങ്ങാൻ ലണ്ടനിലെത്തിയിരുന്നില്ല. പുരസ്കാരത്തിനായി മെസ്സിക്കൊപ്പം മത്സരിച്ച എർലിങ് ഹാളണ്ട്, കിലിയൻ എംബപെ എന്നിവരും ചടങ്ങിൽ ഉണ്ടായിരുന്നില്ല. 

യുഎസ് ക്ലബ്ബിനൊപ്പം പ്രീ സീസണിനുള്ള ഒരുക്കത്തിലാണ് മെസ്സിയിപ്പോൾ. വെള്ളിയാഴ്ച എൽ സാൽവദോർ ദേശീയ ടീമിനെതിരെയാണു മത്സരം. 2024 മേജര്‍ ലീഗിൽ ഫെബ്രുവരി 21ന് റിയൽ സാൾട്ട് ലേക്കിനെതിരെയാണ് ഇന്റർമയാമിയുടെ ആദ്യ മത്സരം. അതിനു മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ക്ലബ്ബിനെതിരെ അടക്കം ഇന്റർ മയാമിക്ക് സന്നാഹ മത്സരങ്ങളുണ്ട്. ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട മെസ്സി കഴിഞ്ഞ വർഷമാണ് ഇന്റർ മയാമിയിൽ ചേർന്നത്. സൗദി അറേബ്യയിൽനിന്നുള്ള കോടികളുടെ ഓഫര്‍ വേണ്ടെന്നു വച്ചാണ് അർജന്റീന താരം യുഎസ് ക്ലബ് തിരഞ്ഞെടുത്തത്.

English Summary:

FIFA The Best Awards, Voting Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com