ADVERTISEMENT

ഭുവനേശ്വർ ∙ ഐഎസ്എലിലെ തോൽവിക്ക് ജംഷഡ്പുർ എഫ്സി സൂപ്പർ കപ്പിൽ പകരം വീട്ടി. കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിലെ രണ്ടാം മത്സരത്തിൽ ജംഷഡ്പുരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി (3–2). കഴിഞ്ഞ ഒക്ടോബറിൽ ഐഎസ്എൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 1–0നു ജംഷഡ്പുരിനെ തോൽപിച്ചിരുന്നു. ഇന്നലെ കലിംഗ സ്റ്റേഡിയത്തിൽ, 68–ാം മിനിറ്റിൽ വഴങ്ങിയ പെനൽറ്റിയാണ് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായത്.

ഫ്രഞ്ച് താരം ജെറമി മൻസോറോ ജംഷഡ്പുരിനായി കിക്ക് ലക്ഷ്യത്തിലെത്തിച്ചു. നേരത്തേ ദിമിത്രി ഡയമന്റകോസ് (29,62 മിനിറ്റുകൾ) ബ്ലാസ്റ്റേഴ്സിനായും നൈജീരിയൻ താരം ഡാനിയേൽ ചീമ ചുക്‌വു (33,57) ജംഷഡ്പുരിനായും ഇരട്ടഗോൾ നേടി. പെനൽറ്റി കിക്കിലൂടെയായിരുന്നു ഡയമന്റകോസിന്റെ 2 ഗോളുകളും. 20ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

29–ാം മിനിറ്റിൽ ഡെയ്സുകി സകായിയെ ജംഷഡ്പുർ ഡിഫൻഡർ വീഴ്ത്തിയതിനു കിട്ടിയ പെനൽറ്റിയാണ് ഡയമന്റകോസ് ലക്ഷ്യത്തിലെത്തിച്ചത്. എന്നാൽ 4 മിനിറ്റിനകം ജംഷഡ്പു‍ർ ഒപ്പമെത്തി. ഇടതുവിങ്ങിൽ നിന്ന് ഉവൈസ് ഉയർത്തി നൽകിയ പന്ത് സൈഡ് ഫൂട്ട് ഷോട്ടിലൂടെ ചുക്‌വു വലയിലെത്തിച്ചു. നിറ‍ഞ്ഞു കളിച്ച ചുക്‌വുവിന്റെ തകർപ്പൻ ഷോട്ട് 57–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ കയ്യിലുരസി ഗോളിലേക്കു പോയതോടെ ജംഷഡ്പുരിന് ലീഡ്. പിന്നാലെ ചുക്‌വുവിന്റെ ഫൗളിൽ ബ്ലാസ്റ്റേഴ്സിന് പെനൽറ്റി.

ഇത്തവണയും ഡയമന്റകോസിന് പിഴച്ചില്ല. എന്നാൽ 68–ാം മിനിറ്റിൽ ചുക്‌വുവിനെ ലെസ്കോവിച്ച് ബോക്സിൽ വീഴ്ത്തിയതിനു ജംഷഡ്പുരിന് പെനൽറ്റി. മൻസോറോയുടെ കിക്ക് സച്ചിനു തടയാനായില്ല. ഇൻജറി ടൈമിൽ ലെസ്കോവിച്ചിനെ വീഴ്ത്തിയതിന് ചുവപ്പു കാർഡുമായി ചുക്‌വു പുറത്തു പോയെങ്കിലും ജംഷഡ്പുർ വിജയം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

English Summary:

Jamshedpur FC beat Kerala Blasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com