ADVERTISEMENT

റിയാദ് (സൗദി അറേബ്യ) ∙ ബ്രസീലിയൻ രാജകുമാരൻ വിനീസ്യൂസ് ജൂനിയറിന്റെ ഹാട്രിക്കിന്റെ മികവിൽ സൗദി അറേബ്യൻ മണ്ണിലെ സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മഡ്രിഡ് ജേതാക്കൾ. ഫൈനലിൽ ബാർസിലോനയെ 4–1നു മുട്ടുകുത്തിച്ചാണ് റയലിന്റെ കിരീടധാരണം. 

കഴിഞ്ഞ വർഷം ഫൈനലിലേറ്റ തോൽവിക്കുള്ള മധുരപ്രതികാരവുമായി റയലിന്റെ വിജയം. വിനീസ്യൂസിനെ രണ്ടുവട്ടം ഫൗൾ ചെയ്ത ഡിഫൻഡർ റൊണാൾഡോ അരായോയ്ക്കു രണ്ടാം മഞ്ഞക്കാർഡും മാർച്ചിങ് ഓർഡറും ലഭിച്ചതോടെ ടീം 10 പേരായി ചുരുങ്ങിയതും ബാർസിലോനയ്ക്കു തിരിച്ചടിയായി. 

ജൂഡ് ബെലിങ്ങാം, റോഡ്രിഗോ, വിനീസ്യൂസ് ത്രയം നടത്തിയ ആക്രമണത്തിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ട ബാർസ രണ്ടാം പകുതിയിൽ കൂടുതൽ ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ടു മാത്രം. 

റിയാദിലെ അൽ അവ്വൽ സ്റ്റേഡിയത്തിൽ 7–ാം മിനിറ്റിൽ തന്നെ വിനീസ്യൂസ് ഗോളടി തുടങ്ങി. 10–ാം മിനിറ്റിൽ രണ്ടാം ഗോളും. 39–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്നു മൂന്നാം ഗോളും നേടി ബ്രസീലിയൻ താരം ഹാട്രിക് തികച്ചു. 64–ാം മിനിറ്റിൽ റോഡ്രിഗോ നേടിയതാണു റയലിന്റെ 4–ാം ഗോൾ. 

ഇതിനിടയ്ക്കു 33–ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ വകയാണു ബാർസയുടെ ഏക ആശ്വാസഗോൾ. ‘കളി തുടങ്ങി ഇത്രവേഗം 3 ഗോൾ നേടാനാകുമെന്നു കരുതിയില്ല. വലിയ ലീഡ് തുടക്കത്തിൽ തന്നെ നേടാൻ കഴിഞ്ഞതു ഗുണമായി’– മത്സരശേഷം റയൽ കോച്ച് കാർലോ ആഞ്ചലോട്ടി പറഞ്ഞു.

English Summary:

Real Madrid defeated Barcelona in Spanish Super Cup final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com