വോട്ടോ ഫിനിഷ് ! മെസ്സി വോട്ട് ചെയ്തത് ഹാളണ്ടിന്; എംബപെയുടെ വോട്ട് മെസ്സിക്ക്
Mail This Article
ലണ്ടൻ ∙ ഒരു 100 മീറ്റർ ഓട്ട മത്സരത്തിന്റെ ഉദ്വേഗമുണ്ടായിരുന്നു തിങ്കളാഴ്ച ലണ്ടനിലെ ഫിഫ ദ് ബെസ്റ്റ് പുരസ്കാര വേദിയിൽ. ലോകകപ്പ് നേട്ടവുമായി കഴിഞ്ഞ തവണ മികച്ച ലീഡോടെയാണ് മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം അർജന്റീന താരം ലയണൽ മെസ്സി സ്വന്തമാക്കിയതെങ്കിൽ ഇത്തവണ മെസ്സിയെയും ഫ്രഞ്ച് താരം കിലിയൻ എംബപെയെയും പിന്നിലാക്കി നോർവേ താരം എർലിങ് ഹാളണ്ട് പുരസ്കാരം നേടുമോയെന്നതായിരുന്നു ആകാംക്ഷ.
കഴിഞ്ഞ സീസണിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട നേട്ടങ്ങളിൽ മുഖ്യപങ്ക് വഹിച്ചതാണ് ഹാളണ്ടിന്റെ സാധ്യത വർധിപ്പിച്ചത്. പക്ഷേ, ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ, പുരസ്കാരവേദിയിൽ ആ പ്രഖ്യാപനം വന്നു: ലയണൽ മെസ്സി! തന്റെ ഷെൽഫിലേക്കുള്ള 8–ാം ലോക ഫുട്ബോളർ ട്രോഫി ഏറ്റുവാങ്ങാൻ മെസ്സി ലണ്ടനിലെത്തിയിരുന്നില്ല. അവതാരകനായ മുൻ ഫ്രഞ്ച് താരം തിയറി ഒൻറിയാണ് മെസ്സിക്കുള്ള ട്രോഫി സ്വീകരിച്ചത്.
48-48!
പുരസ്കാരച്ചടങ്ങിനു പിന്നാലെ വോട്ടിങ്ങിന്റെ കണക്കുകളിൽ വലിയൊരു അപൂർവതയാണ് കാത്തിരുന്നത്. മെസ്സിക്കും ഹാളണ്ടിനും ലഭിച്ചത് ഒരേ സ്കോറിങ് പോയിന്റ്; 48! ടൈ ബ്രേക്ക് ചെയ്യാൻ ഫിഫയുടെ നിയമാവലിയിലുണ്ടായിരുന്ന നിയമം ഇങ്ങനെ: ആർക്കാണോ ഫിഫ അംഗരാജ്യങ്ങളിലെ ദേശീയ ടീം ക്യാപ്റ്റൻമാരുടെ ഫസ്റ്റ് വോട്ട് കൂടുതൽ കിട്ടുന്നത് അയാൾ ജേതാവ്. അവിടെ മെസ്സി ഹാളണ്ടിനെ മറികടന്നു. മെസ്സിക്ക് 107 ദേശീയ ടീം ക്യാപ്റ്റൻമാരുടെ ഫസ്റ്റ് വോട്ട് ലഭിച്ചപ്പോൾ ഹാളണ്ടിന് കിട്ടിയത് 64 ക്യാപ്റ്റൻമാരുടെ ഫസ്റ്റ് വോട്ട്. ക്യാപ്റ്റൻമാർക്കു പുറമെ, ദേശീയ ടീം പരിശീലകരും കായിക മാധ്യമപ്രവർത്തകരും ആരാധകരുമാണ് വോട്ടിങ്ങിൽ പങ്കെടുത്തത്. ഓരോരുത്തർക്കും 3 വോട്ട് വീതം.
മെസ്സിയുടെ വോട്ട് ഹാളണ്ടിന്!
അർജന്റീന ദേശീയ ടീം ക്യാപ്റ്റനെന്ന നിലയിൽ തന്റെ ഫസ്റ്റ് വോട്ട് ഹാളണ്ടിനു തന്നെയാണ് മെസ്സി നൽകിയത് എന്നത് കൗതുകമായി. എന്നാൽ ഫ്രാൻസ് ദേശീയ ടീം ക്യാപ്റ്റനെന്ന നിലയിൽ കിലിയൻ എംബപെയുടെ ഫസ്റ്റ് വോട്ട് കിട്ടിയത് മെസ്സിക്ക്! ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ഫസ്റ്റ് വോട്ട് ചെയ്തത് ഹാളണ്ടിനായിരുന്നു.
എന്തുകൊണ്ട് മെസ്സി
2022 ഡിസംബർ 19 മുതൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 20 വരെയുള്ള പ്രകടനമാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. മുപ്പത്തിയാറുകാരൻ മെസ്സി ഇക്കാലയളവിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കൊപ്പം ലീഗ് വൺ കിരീടവും പിന്നീട് അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിക്കൊപ്പം ലീഗ്സ് കപ്പും നേടി. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെബിൾ കിരീടനേട്ടത്തിൽ (എഫ്എ കപ്പ്, ഇംഗ്ലിഷ് പ്രിമിയർ ലീഗ്, യുവേഫ ചാംപ്യൻസ് ലീഗ്) നിർണായക പങ്കു വഹിച്ച ഇരുപത്തിമൂന്നുകാരൻ ഹാളണ്ട് ടീമിനായി നേടിയത് 52 ഗോളുകൾ.
മെസ്സി വന്നില്ല, ഫിഫയ്ക്ക് വിമർശനം
ഫിഫ ദ് ബെസ്റ്റ് പുരസ്കാരച്ചടങ്ങിന്റെ ചരിത്രത്തിലാദ്യമായി പുരുഷ ഫുട്ബോളർമാരിൽ അന്തിമ പട്ടികയിലെത്തിയ മൂന്നു പേരും ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഇതാദ്യം. എംഎൽഎസ് ക്ലബ് ഇന്റർ മയാമിക്കൊപ്പം പ്രീ സീസൺ പരിശീലനത്തിലായതിനാലാണ് മെസ്സി പങ്കെടുക്കാതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. മയാമിയിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രാദൂരം കൂടുതലാണെന്നതും (ഏകദേശം 7200 കിലോമീറ്റർ) മെസ്സിയുടെ തീരുമാനത്തിന് കാരണമായി. എന്നാൽ മെസ്സിയുടെ ഒരു വിഡിയോ സന്ദേശം പോലും ചടങ്ങിൽ പ്രദർശിപ്പിക്കാൻ കഴിയാത്തതിൽ ഫിഫ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം നേരിട്ടു.
മികച്ച ലോക ഫുട്ബോളർക്കുള്ള പുരസ്കാരം എട്ടാം തവണയാണ് മെസ്സി നേടുന്നത്. ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ (2009), 4 തവണ ഫിഫ ബലോൻ ദ് ഓർ (2010,2011,2012,2015), 3 തവണ ഫിഫ ദ് ബെസ്റ്റ് (2019,2022,2023) എന്നിവയാണ് മെസ്സി നേടിയത്. 5 തവണ മികച്ച ലോക ഫുട്ബോളറായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത്.
അജയ്യം അയ്റ്റാന
മികച്ച വനിതാ ഫുട്ബോളർക്കുള്ള പുരസ്കാരത്തിൽ സസ്പെൻസ് ഒന്നുമുണ്ടായില്ല. സ്പെയിനിനെ കഴിഞ്ഞ വർഷം ലോകകപ്പ് കിരീടനേട്ടത്തിലെത്തിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച അയ്റ്റാന ബോൺമറ്റിക്കു തന്നെ പുരസ്കാരം. സ്പാനിഷ് ക്ലബ് ബാർസിലോനയെ ട്രെബിൾ കിരീടത്തിലെത്തിച്ച മികവും ഇരുപത്തഞ്ചുകാരി അയ്റ്റാനയ്ക്കു തുണയായി. അയ്റ്റാനയ്ക്ക് 52 സ്കോറിങ് പോയിന്റുകൾ ലഭിച്ചപ്പോൾ രണ്ടാമതെത്തിയ കൊളംബിയൻ താരം ലിൻഡ കെയ്സഡോയ്ക്ക് 40 പോയിന്റ് ലഭിച്ചു. മൂന്നാമതെത്തിയ ജെന്നിഫർ ഹെർമോസോയ്ക്ക് 36 പോയിന്റ്.
മറ്റു പുരസ്കാരങ്ങൾ
മികച്ച പുരുഷ ടീം കോച്ച്: പെപ് ഗ്വാർഡിയോള (മാഞ്ചസ്റ്റർ സിറ്റി)
മികച്ച വനിതാ ടീം കോച്ച്: സറീന വീഗ്‌മാൻ (ഇംഗ്ലണ്ട്)
മികച്ച പുരുഷ ഗോൾകീപ്പർ: എദേഴ്സൻ (മാഞ്ചസ്റ്റർ സിറ്റി)
മികച്ച വനിതാ ഗോൾകീപ്പർ: മേരി ഏർപ്സ് (ഇംഗ്ലണ്ട്)
ഫെയർപ്ലേ അവാർഡ്: ബ്രസീൽ പുരുഷ ടീം (വംശീയതയ്ക്കെതിരെയുള്ള പോരാട്ടത്തിന്)
ഫിഫ പുസ്കാസ് അവാർഡ്: ഗില്ലർമെ മദ്രുഗ (ബോട്ടഫെഗെ ക്ലബ്, ബ്രസീൽ)