ADVERTISEMENT

തിരുവനന്തപുരം∙ അർജന്റീന ഫുട്ബോൾ ടീം 2025ൽ കേരളത്തിൽ എത്തുമെന്നും രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കായികമന്ത്രി വി.അബ്ദുറഹിമാൻ. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഓണ്‍ലൈനായി ചർച്ച നടന്നെന്നും മന്ത്രി അറിയിച്ചു. 

മന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ്:

ലയണൽ മെസ്സി അടക്കമുള്ള  അർജന്റീന ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ  ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാർത്ത കേരളത്തിലെ ഫുട്ബാൾ പ്രേമികളിൽ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരിൽ സൃഷ്ടിച്ച നിരാശയാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരകമായത്. ഖത്തർ ലോകക്കപ്പ് സമയത്ത്‌ കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ട്  കേരളത്തിന്റെ ക്ഷണം അവർ സ്വീകരിച്ചു. 

നമ്മുടെ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഇന്നു നടന്ന ഓൺലൈൻ മീറ്റിങ്ങിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു. 

അർജന്റീന കേരളവുമായി ഫുട്ബോൾ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചു. കേരള സർക്കാർ നടത്തുന്ന ഗോൾ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനും ഉള്ള താൽപര്യവും അവർ പ്രകടിപ്പിച്ചിട്ടുണ്ട്. 

അർജന്റീന ദേശീയ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരം കളിക്കും. നേരത്തേ 2024 ജൂണിൽ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചത്. എന്നാൽ, ആ സമയം മൺസൂൺ സീസണായതിനാൽ പ്രയാസം അറിയിച്ചു. തുടർന്ന് 2025 ഒക്ടോബറിൽ കളിക്കാൻ സന്നദ്ധത അർജന്റീന അറിയിച്ചു. ഏറെ ശ്രമകരമായ ഒന്നാകും ഈ  സൗഹൃദ മത്സരത്തിന്റെ സംഘാടനം എങ്കിലും കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് നൽകാവുന്ന വലിയ സമ്മാനവും ഒപ്പം നമ്മുടെ കായിക താരങ്ങൾക്ക് ഉള്ള വലിയ പ്രചോദനവും ആകും അർജന്റീന ദേശീയ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് എന്ന വിശ്വാസവും തിരിച്ചറിവും ഈ വാർത്ത വന്നപ്പോൾ മുതൽ നമ്മുടെ ആളുകൾ പ്രകടിപ്പിക്കുന്ന ആവേശവും  മുന്നോട്ട് പോകുവാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. 

അർജന്റീന ദേശീയ ടീമിന്റെ ഇന്റർനാഷനൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ് സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐഎഎസ് കെഎഫ്എ സംസ്ഥാന പ്രസിഡന്റ്‌ നവാസ് മീരാൻ അടക്കമുള്ള  പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. 

English Summary:

V Abdurahiman said Argentina will play friendly match in Kerala by 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com