എതിരില്ലാത്ത ഒരു ഗോളിന് സിറിയയോട് തോൽവി; ഏഷ്യൻ കപ്പ് ഫുട്ബോളിൽനിന്ന് ഇന്ത്യ പുറത്ത്
Mail This Article
അൽ ഖോർ (ഖത്തർ) ∙ അൽ ബെയ്ത് സ്റ്റേഡിയം നിറഞ്ഞ ആരാധകരെ നിരാശരാക്കി ഇന്ത്യൻ ഫുട്ബോൾ ടീമിന് ഏഷ്യൻ കപ്പ് ഫുട്ബോളിൽനിന്നു മടക്കയാത്ര. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ സിറിയയോട് 1–0 തോൽവി വഴങ്ങിയ ഇന്ത്യ ടൂർണമെന്റിന്റെ നോക്കൗട്ട് കാണാതെ പുറത്തായി. 76–ാം മിനിറ്റിൽ പകരക്കാരൻ ഒമർ ഖ്രിബിനാണ് സിറിയയുടെ വിജയഗോൾ നേടിയത്. ഒരു സമനിലയും ഒരു വിജയവും സ്വന്തമാക്കിയ സിറിയ ഗ്രൂപ്പിൽ 3–ാം സ്ഥാനക്കാരായി. മികച്ച 4 മൂന്നാം സ്ഥാനക്കാരിൽ ഒന്നായി നോക്കൗട്ടിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണു സിറിയ.
വിരമിക്കുന്നതിനു മുൻപുള്ള അവസാന ഏഷ്യൻ കപ്പിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിക്കും തിളങ്ങാൻ കഴിഞ്ഞില്ല. ടൂർണമെന്റിൽ മങ്ങിയ ഫോമിൽ കളിച്ച മുപ്പത്തൊൻപതുകാരൻ ഛേത്രിയുടെ ബൂട്ടിൽനിന്ന് ഇന്നലെ സിറിയയ്ക്കെതിരെ ഒരു മികച്ച ഷോട്ട് മാത്രമാണുണ്ടായത്.
തുടക്കത്തിൽ ആക്രമിച്ചു കളിച്ച ഇന്ത്യൻ താരനിര ഏതാനും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പിന്നീടു പതിയെ സിറിയ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. മഹേഷ് നവോറമും ലല്ലിയൻസുവാല ഛാങ്തെയും നടത്തിയ ഇന്ത്യൻ മുന്നേറ്റങ്ങൾ സിറിയൻ ബോക്സിൽ അവസാനിച്ചു. ഇതിനിടെ ഏഴാം മിനിറ്റിൽ സിറിയൻ താരം പാബ്‌ലോ സബാഗിന്റെ ഹെഡർ ഗോൾലൈനിൽ ഇന്ത്യൻ ഗോളി ഗുർപ്രീത് സിങ് സന്ധു അവിശ്വസനീയമായി രക്ഷപ്പെടുത്തി. ഇബ്രാഹിം ഹേസർ, എസക്കിയേൽ ഹാം എന്നിവരുടെ ഗോൾശ്രമങ്ങളും ഇന്ത്യൻ പ്രതിരോധനിര നിഷ്ഫലമാക്കിയതോടെ ആദ്യ പകുതിക്കു വിസിൽ.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യൻ ഡിഫൻഡർ സന്ദേശ് ജിങ്കാൻ പരുക്കേറ്റു മടങ്ങിയതു പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി. 65–ാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൽ സമദിനെയും കോച്ച് ഇഗോർ സ്റ്റിമാച്ച് കളത്തിലിറക്കി. പരുക്കുമൂലം ടൂർണമെന്റിലിതുവരെ സൈഡ് ബെഞ്ചിലിരുന്ന സഹലിന്റെ വരവും കളിയിൽ ഗുണം ചെയ്തില്ല.
ഇതിനിടെയായിരുന്നു ഇബ്രാഹിം ഹേസറിന്റെ അസിസ്റ്റിൽനിന്ന് ഒമർ ഖ്രിബിൻ ഗോൾ നേടിയത്. അതോടെ, കളി പൂർണമായും സിറിയയുടെ നിയന്ത്രണത്തിലായി. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ഇന്ത്യൻ താരങ്ങൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.